'ട്രംപ്സെഷൻ' അമേരിക്കയെ തകർക്കുമോ? ഓഹരി വിപണികളിൽ ഉദ്വേഗം!

Mail This Article
അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നയങ്ങൾ അമേരിക്കയെ പ്രതികൂലമായി ബാധിക്കുന്നതായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അമേരിക്കൻ ബിസിനസിലും ഡിമാൻഡിലും ഉണ്ടായ ഇടിവ് ഇതിന്റെ പ്രതിഫലനമായി കണക്കാക്കുന്നു.
ട്രംപിന്റെ തീരുവകൾ ഓഹരി വിപണികളെ ബാധിച്ചതിനാൽ, ഈ വർഷം യുഎസ് സമ്പദ്‌വ്യവസ്ഥ മാന്ദ്യത്തിലേക്ക് കടക്കാനുള്ള സാധ്യത വർദ്ധിച്ചുവരികയാണെന്ന് സാമ്പത്തിക വിദഗ്ധർ പറയുന്നു.

വ്യാപാര യുദ്ധവും സമ്പദ്‌വ്യവസ്ഥ കൈകാര്യം ചെയ്യുന്ന രീതിയും അമേരിക്കയുടെ വളർച്ചയെ ബാധിക്കുമെന്ന് നിക്ഷേപകർ വിശ്വസിച്ചതോടെ ഇന്നലെ വാൾസ്ട്രീറ്റിലെ ഓഹരികൾ കുത്തനെ ഇടിഞ്ഞു.ആ വില്പന സമ്മർദ്ദം മറ്റ് രാജ്യങ്ങളിലെ ഓഹരി വിപണികളിലും കാണുന്നുണ്ട്.
'ട്രംപ്സെഷൻ'
ട്രംപിന്റെ നയങ്ങൾ മൂലം അമേരിക്കയിൽ റിസഷൻ ഉണ്ടാകുമോ എന്ന ചിന്തയിൽ നിന്ന് ഉത്ഭവിച്ച 'ട്രംപ് സെഷൻ' എന്ന പദം ഇപ്പോൾ വൈറലായിരിക്കുകയാണ്.
ട്രംപിന്റെ വ്യാപാര യുദ്ധങ്ങൾ അമേരിക്കൻ സമ്പദ്‌വ്യവസ്ഥയ്ക്ക് പ്രതീക്ഷിച്ചതിലും കൂടുതൽ നാശനഷ്ടങ്ങൾ വരുത്തുമെന്ന് മുന്നറിയിപ്പ് നൽകി, വാൾസ്ട്രീറ്റ് സാമ്പത്തിക വിദഗ്ധർ അമേരിക്കയുടെ വളർച്ചാ പ്രവചനങ്ങൾ താഴ്ത്തി.
മൊത്ത ആഭ്യന്തര ഉൽപ്പാദനവും തൊഴിലും കുറഞ്ഞതോടെ സാമ്പത്തിക വിദഗ്ധർ ഒന്നാകെ അമേരിക്കൻ സമ്പദ് വ്യവസ്ഥ തളരും എന്ന് മുന്നറിയിപ്പ് നൽകി കഴിഞ്ഞു.
റേറ്റിങ് ഏജൻസികളുടെ മുന്നറിയിപ്പുകൾ
ഉയർന്ന താരിഫുകളും പണപ്പെരുപ്പവും കണക്കിലെടുത്ത്, അമേരിക്കയിൽ മാന്ദ്യത്തിനുള്ള സാധ്യത 15% ൽ നിന്ന് 20% ആയി ഉയർത്തിയതായി ഗോൾഡ്മാൻ സാക്സിലെ വിശകലന വിദഗ്ധർ പറഞ്ഞു.
മോർഗൻ സ്റ്റാൻലി 2025 ലെ ജിഡിപി വളർച്ചാ പ്രവചനം 1.9% ൽ നിന്ന് 1.5% ആയി കുറച്ചു. "താരിഫുകളും കുടിയേറ്റ നിയന്ത്രണങ്ങളും ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും അവയുടെ തീവ്രത പ്രതീക്ഷിച്ചതിലും വലുതാണ്" എന്ന കാരണമാണ് വളർച്ച പ്രവചനം വെട്ടികുറച്ചതിനു മോർഗൻ സ്റ്റാൻലിയുടെ ന്യായീകരണം.

ട്രംപ് 2.0 നയങ്ങളിലുള്ള വിശ്വാസം ഓഹരി വിപണിക്ക് നഷ്ടപ്പെടുകയാണെന്ന് യാർഡെനി റിസർച്ച് പ്രസിഡന്റ് പറഞ്ഞു. "പ്രസിഡന്റ് ട്രംപിന്റെ നയങ്ങൾ മൂലം നിക്ഷേപകർ അസ്വസ്ഥരാണ് " എന്ന് മാർക്കറ്റ് സ്ട്രാറ്റജിസ്റ്റ് ആന്റണി സാഗ്ലിംബെൻ പറഞ്ഞു.
"ഉപഭോക്തൃ ആത്മവിശ്വാസം കുറയുന്നു, തൊഴിൽ വളർച്ച മന്ദഗതിയിലാകുന്നു, ബിസിനസുകൾ നിക്ഷേപം കുറയ്ക്കുന്നു" മൂഡീസ് അനലിറ്റിക്സിലെ ചീഫ് ഇക്കണോമിസ്റ്റായ മാർക്ക് പറഞ്ഞു. ഇപ്പോൾ മാന്ദ്യത്തിന്റെ സാധ്യത 35% ആണെന്ന് മൂഡീസ് ക്രെഡിറ്റ് റേറ്റിങ് ഏജൻസി അഭിപ്രായപ്പെടുന്നു.
റേറ്റിങ് ഏജൻസികൾ മാത്രമല്ല, അമേരിക്കയിൽ സാമ്പത്തിക മാന്ദ്യം വരുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. ഏറ്റവും പുതിയ കണക്കുകൾ അനുസരിച്ച് അമേരിക്ക അതിവേഗം മാന്ദ്യത്തിലേക്ക് നീങ്ങുകയാണെന്ന് പല സാമ്പത്തിക വിദഗ്ധരും മുന്നറിയിപ്പ് നൽകുന്നു.
ഓഹരികൾ മാത്രമല്ല, ബിറ്റ് കോയിൻ അടക്കമുള്ള ക്രിപ്റ്റോ കറൻസികളും സ്വർണവും ട്രംപിന്റെ നയങ്ങൾ സൃഷ്ടിച്ച ആശയകുഴപ്പങ്ങൾ മൂലം താഴ്ചയിലാണ്. തുടർച്ചയായ രണ്ട് പാദങ്ങളിലെ സാമ്പത്തിക സങ്കോചമാണ് സാമ്പത്തിക മാന്ദ്യം വരുത്തുന്നത് എങ്കിലും, അമേരിക്ക ഇപ്പോൾ ആ അവസ്ഥയിൽ അല്ല. എന്നാൽ അതിലേക്കുള്ള പാതയിലാണ് എന്നാണ് സാമ്പത്തിക വിദഗ്ധർ പറയുന്നത്.
ട്രംപിന്റെ സാമ്പത്തിക നയങ്ങൾ ദീർഘകാല വളർച്ച ഉണ്ടാക്കുമെന്ന് വൈറ്റ് ഹൗസ് വക്താവ് കുഷ് ദേശായി പറയുന്നുണ്ടെങ്കിലും, ഓഹരി വിപണികൾ ഈ 'ആത്മവിശ്വാസത്തോട്' മുഖം തിരിക്കുകയാണ്. ട്രംപ് അധികാരമേറ്റപ്പോൾ ഉണ്ടായ ഉഷാറൊന്നും അമേരിക്കയിൽ ഇപ്പോൾ കാണാനില്ല എന്ന കാര്യം സാധാരണക്കാരും സമ്മതിക്കുന്നുണ്ട്.
താരിഫ് നയങ്ങൾ അമേരിക്കയെ 'വറ ചട്ടിയിൽ നിന്ന് എരിതീയിലേക്ക്' എത്തിക്കുമെന്ന് വിശ്വസിക്കുന്നവരും ഏറെയാണ്. ഇന്ത്യയിൽ വില്പന നടത്തി അമേരിക്കൻ വിപണിയിലേക്ക് എത്തിയ വിദേശ നിക്ഷേപകരാണ് ഇപ്പോഴത്തെ പ്രശ്നത്തിൽ ഏറ്റവും ബുദ്ധിമുട്ട് അനുഭവിക്കുന്നത് എന്നും ചർച്ചകളുണ്ട്.