ADVERTISEMENT

ഐടി സെക്ടറിന്റെ വീഴ്ചയിൽ അടിപതറിയ ഇന്ത്യൻ വിപണിക്ക് ബാങ്കിങ്, ഫിനാൻഷ്യൽ, ഓട്ടോ സെക്ടറുകളുടെ പിന്തുണയാണ് തിരിച്ചുവരവ് നൽകിയത്. മോർഗൻ സ്റ്റാൻലി ഇന്ത്യൻ ഐടി സെക്ടറിന് തിരുത്തൽ സൂചന നൽകിയതിനെത്തുടർന്ന് നിഫ്റ്റി ഐടി സൂചിക 35828 പോയിന്റിലേക്ക് തകർന്ന് വീണതോടെ ഇന്ത്യൻ വിപണി പ്രതിരോധത്തിലായി. ആർബിഐയുടെ മാർച്ചിലെ ആദ്യ ഇന്ന് ഓഎംഓ നടക്കുന്നത് വിപണിയുടെ ആത്മവിശ്വാസം വർദ്ധിപ്പിച്ചു. 

ആദ്യ മണിക്കൂറിൽ തന്നെ 22577 പോയിന്റ് വരെ മുന്നേറിയ നിഫ്റ്റി പിന്നീട് ഐടി ഓഹരികളുടെ വീഴ്ചയിൽ 22329 പോയിന്റ് വരെ വീണെങ്കിലും 27 പോയിന്റുകൾ നഷ്ടത്തിൽ 22470 പോയിന്റിലാണ് ക്ളോസ് ചെയ്തത്. സെൻസെക്സ് 72 പോയിന്റ് നഷ്ടത്തിൽ 74029 പോയിന്റിലും വ്യാപാരം അവസാനിപ്പിച്ചു. 

ആറ് മാസത്തെ ഏറ്റവും കുറഞ്ഞ നിലയായ 35828 പോയിന്റിലേക്ക് വീണ നിഫ്റ്റി ഐടി സൂചിക 2.91% നഷ്ടത്തിൽ 36310 പോയിന്റിൽ ക്ളോസ് ചെയ്തപ്പോൾ പൊതു മേഖല ബാങ്കുകളും, റിയൽറ്റി സെക്ടറും ഓരോ ശതമാനത്തിൽ കൂടുതലും വീണു. എച്ച്ഡിഎഫ്സി ബാങ്കിനൊപ്പം കൊട്ടക് മഹിന്ദ്ര ബാങ്കും ബജാജ് ഫൈനാൻസും ഐടിസിയും ടാറ്റ മോട്ടോഴ്സും മുന്നേറ്റം നേടിയത് വിപണിക്ക് അനുകൂലമായി. 

ഇൻഫിയെ ഡൗൺഗ്രേഡ് ചെയ്തു  

മോർഗൻ സ്റ്റാൻലി ഇൻഫോസിസിനെ നാല് വർഷങ്ങൾക്ക് ശേഷം ആദ്യമായി ഡൗൺഗ്രേഡ് ചെയ്തത് ഓഹരിക്ക് ഇന്നലെ അമേരിക്കൻ വിപണിയിൽ 2.42%വും ഇന്ത്യൻ വിപണിയിൽ ഇന്ന് 6% വരെയും വീഴ്ച നൽകി. ഓവർ വെയ്റ്റ് വിഭാഗത്തിൽ നിന്നും ഈക്വൽ വെയിറ്റ് വിഭാഗത്തിലേക്ക് ഇറക്കി കെട്ടിയ ഇൻഫോസിസിന്റെ ലക്ഷ്യവില മോർഗൻ സ്റ്റാൻലി 2150 രൂപയിൽ നിന്നും 1740 രൂപയിലേക്കും കുറച്ചു. 

മോർഗൻ സ്റ്റാൻലി അണ്ടർവെയ്റ്റ് വിഭാഗത്തിൽപ്പെടുത്തി 265 രൂപ ലക്‌ഷ്യം കുറിച്ച വിപ്രോയും ഇന്ന് 5%ൽ കൂടുതൽ വീണു. 5400 രൂപ ലക്ഷ്യവിലയിട്ട ടാറ്റ എൽഎക്സി 5300 പോയിന്റിന് മുകളിലാണ് ക്ളോസ് ചെയ്തത്. എംഫസിസും, സയിന്റും, ടെക്ക് മഹീന്ദ്രയും 3%ൽ കൂടുതൽ നഷ്ടം കുറിച്ചു. 

പണപ്പെരുപ്പം കുറയുന്നു 

ഇന്ത്യയുടെ റീറ്റെയ്ൽ പണപ്പെരുപ്പം ഫെബ്രുവരിയിൽ അനുമാനത്തിലും കുറഞ്ഞ നിരക്കിൽ 3.61% മാത്രം വാർഷിക വളർച്ച കുറിച്ചത് അനുകൂലമാണ്. ജനുവരിയിൽ 4.31% വാർഷിക വളർച്ച കുറിച്ച ഇന്ത്യൻ സിപിഐ ഫെബ്രുവരിയിൽ 4% വളർന്നിട്ടുണ്ടാകാമെന്നായിരുന്നു അനുമാനം. സിപിഐ ഡേറ്റ കുറയുന്നത് ആർബിഐയുടെ പലിശ നിരക്ക് തീരുമാനങ്ങളെ സ്വാധീനിക്കും.   

വ്യവസായികോല്പാദനം മെച്ചപ്പെടുന്നു 

ഇന്ത്യയുടെ വ്യവസായികോല്പാദനം ജനുവരിയിൽ 5% വളർച്ച കുറിച്ചതും വിപണിക്ക് അനുകൂലമാണ്. ഡിസംബറിൽ 3.5% വളർന്ന ഐഐപി ഡേറ്റ ജനുവരിയിൽ 3.2% മാത്രം വളർന്നിട്ടുണ്ടാകാമെന്നായിരുന്നു അനുമാനം. മാനുഫാക്ച്ചറിങ് ഔട്ട്പുട്ട് മുൻമാസത്തിൽ നിന്നും 5.5% ഉയർന്നു.   

അമേരിക്കൻ പണപ്പെരുപ്പം ഇന്ന് 

ഇന്നലെ അമേരിക്കൻ വിപണി നഷ്ടം കുറിച്ചെങ്കിലും സിപിഐ ഡേറ്റ വരാനിരിക്കെ അമേരിക്കൻ ഫ്യൂച്ചറുകൾ നേട്ടത്തിലാണ് വ്യാപാരം തുടരുന്നത്. യൂറോപ്യൻ വിപണികളും നേട്ടത്തിൽ തുടരുന്നു. അമേരിക്കയുടെ പണപ്പെരുപ്പം ഇന്ന് വരാനിരിക്കുന്നത് അമേരിക്കൻ വിപണിക്കൊപ്പം മറ്റ് വിപണികൾക്കും, ഡോളറിനും, സ്വർണത്തിനും ബേസ് മെറ്റലുകൾക്കും പ്രധാനമാണ്.

ജനുവരിയിൽ 3% വാർഷിക വളർച്ച കുറിച്ച അമേരിക്കൻ സിപിഐ ഫെബ്രുവരിയിൽ 2.9% വളർച്ച കുറിച്ചിട്ടുണ്ടാകാമെന്നാണ് വിപണിയുടെ അനുമാനം. റീറ്റെയ്ൽ പണപ്പെരുപ്പം അനുമാനത്തിൽ കുറയുന്നത് ഫെഡ് നിരക്ക് കുറക്കൽ സാധ്യതയെ സൂചിപ്പിക്കുമെന്നതിനാൽ വിപണിക്ക് മുന്നേറ്റം നൽകിയേക്കാം.  

ഫെഡ് യോഗം അടുത്ത ആഴ്ച 

അമേരിക്കൻ ഫെഡ് റിസർവിന്റെ അടുത്ത നയാവലോകന  യോഗം മാർച്ച് 18, 19 തീയതികളിലാണ് നടക്കുക. നിലവിൽ 4.50% ആണ് അമേരിക്കൻ ഫെഡ് റിസർവിന്റെ അടിസ്ഥാന പലിശ നിരക്ക്. അമേരിക്കൻ ഡോളറിനെതിരെ ഇന്ത്യൻ രൂപ 87.26/- എന്ന നിരക്കിലാണ് തുടരുന്നത്. 

സ്വർണം 

രാജ്യാന്തരവിപണിയിൽ സ്വർണവില 2919 ഡോളർ നിരക്കില്‍ തുടരുന്നു. അമേരിക്കൻ സിപിഐ ഡേറ്റയും ഡോളർ നിരക്കും ഇന്ന് സ്വർണത്തിന്റെ ഗതി നിർണയിക്കും. 

ക്രൂഡ് ഓയിൽ 

അമേരിക്കൻ എണ്ണ ശേഖരത്തിൽ വർദ്ധനവുണ്ടായെങ്കിലും ബ്രെന്റ് ക്രൂഡ് ഓയിൽ വില 70 ഡോളറിന് മുകളിൽ തന്നെയാണ് തുടരുന്നത്. ഒപെക് ഉല്പാദന തീരുമാനങ്ങളിൽ മാറ്റം വരുത്തിയേക്കുമെന്ന സൂചനയാണ് ക്രൂഡ് ഓയിലിന് അനുകൂലമാകുന്നത്. 

തകർച്ച തീർന്നോ ? പറയാനാകില്ല

ഇന്ത്യൻ വിപണിയുടെ തകർച്ച അവസാനിച്ചോ എന്ന് പറയാനാകില്ലെങ്കിലും ഇന്ത്യൻ ഓഹരികൾ ആകർഷകമായ നിരക്കുകളിലാണ് എന്ന അഭിപ്രായമാണ് മോർഗൻ സ്റ്റാൻലിയുടെ ഇന്ത്യൻ മേധാവി റിതം ദേശായിയുടേത്. 

വിദേശഫണ്ടുകൾ ഇന്ത്യൻ വിപണിയിലേക്ക് അടുത്ത് തന്നെ വന്നു തുടങ്ങുമെന്നുമാണ് റിതം ദേശായിയുടെ വിലയിരുത്തൽ. ഇന്ത്യൻ വിപണിയും ഓഹരികളും മികച്ച വാങ്ങൽ അവസരങ്ങളാണെന്ന തിരിച്ചറിവ് വിദേശ ഫണ്ടുകളെ ഇന്ത്യയിലേക്ക് എത്തിച്ചേക്കാം. എന്നാൽ ചൈന അതീവ ആകർകമാണെന്ന പ്രശ്നം ഇവിടെ അവഗണിക്കാനാകില്ല.   

ജെഫറീസ് മെറ്റൽ പിക്ക് 

ഇന്ത്യൻ മെറ്റൽ സെക്ടറിന് മികച്ച സാധ്യത കൽപ്പിച്ച ജെഫറീസ് ടാറ്റ സ്റ്റീലിനും, ഹിൻഡാൽകോയ്ക്കും യഥാക്രമം 180 രൂപയും, 800 രൂപയുമാണ് ലക്‌ഷ്യം കാണുന്നത്.

വാട്സാപ് : 8606666722

Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക

English Summary:

Morgan Stanley's recent downgrade of Infosys and other IT stocks caused a dip in the Indian market. However, positive indicators like decreasing inflation and improving industrial production suggest market resilience. The article analyzes the situation, including global factors like US inflation and the Fed's next meeting.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com