ഇന്ത്യൻ ഓഹരി വിപണിക്ക് ‘ബുള്ളാധിപത്യം’; വർഷാന്ത്യത്തോടെ പ്രതീക്ഷിക്കുന്നത് വൻ മുന്നേറ്റം

Mail This Article
കൊച്ചി ∙ അഞ്ചിലേറെ മാസം പിന്നിട്ടിട്ടും വിലയിടിവിനു വിരാമമാകാത്തതിൽ നിരാശപ്പെടുന്ന ഓഹരി നിക്ഷേപകർക്ക് ആഗോളതലത്തിൽ പ്രവർത്തിക്കുന്ന ധനസേവനദാതാക്കളിൽനിന്നുള്ള പ്രവചനങ്ങൾ പ്രതീക്ഷ നൽകുന്നു. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് തുടക്കം കുറിച്ചിട്ടുള്ള വ്യാപാരയുദ്ധത്തിന്റെ ആഘാതം സംബന്ധിച്ചു വിപണി ആശങ്കപ്പെടുന്നതിനിടയിലാണ് ആശ്വാസകരമായ പ്രവചനങ്ങൾ.
ഗോൾഡ്‌മാൻ സാക്‌സ്, മോർഗൻ സ്റ്റാൻലി, ബാങ്ക് ഓഫ് അമേരിക്ക സെക്യൂരിറ്റീസ് എന്നിവയിൽനിന്നുള്ള നിരീക്ഷണങ്ങൾ വർഷാവസാനത്തോടെ ഓഹരി വില സൂചികകൾ കൈവരിച്ചേക്കാവുന്ന നിലവാരം സംബന്ധിച്ചുള്ളതാണ്.

‘ബുൾ’ ആധിപത്യത്തിനുള്ള അവസരമാണുണ്ടാകുന്നതെങ്കിൽ സെൻസെക്‌സ് ഡിസംബറോടെ 1,05,000 പോയിന്റ് വരെ ഉയരാമെന്നാണു മോർഗൻ സ്‌റ്റാൻലിയുടെ നിരീക്ഷണം. അതായത് ഇപ്പോഴത്തെ നിലവാരത്തിൽനിന്നു 40 ശതമാനത്തിലേറെ ഉയർച്ച. സാമ്പത്തിക സാഹചര്യങ്ങൾ ഇപ്പോഴത്തെപ്പോലെ തുടരുകയാണെങ്കിൽ സെൻസെക്‌സിന്റെ നിലവാരം 93,000 പോയിന്റ് വരെ മാത്രമായിരിക്കും.
പണപ്പെരുപ്പ നിരക്ക് ഉയരുന്നതുൾപ്പെടെ സാമ്പത്തിക സാഹചര്യങ്ങൾ മോശമായാൽ സെൻസെക്‌സ് 70,000 പോയിന്റ് വരെ താഴ്‌ന്നേക്കാമെന്നും മോർഗൻ സ്‌റ്റാൻലി കരുതുന്നു. കോവിഡ് വ്യാപനത്തിനു ശേഷമുള്ള ഏറ്റവും ആകർഷകമായ വിലനിലവാരത്തിലാണ് ഇപ്പോൾ ഇന്ത്യയിലെ ഓഹരി വിലകൾ എന്നും മോർഗൻ സ്‌റ്റാൻലിക്ക് അഭിപ്രായമുണ്ട്.
ബാങ്ക് ഓഫ് അമേരിക്ക സെക്യൂരിറ്റീസിന്റെ അനുമാനം നിഫ്‌റ്റി ഡിസംബറോടെ 25,000 പോയിന്റിലെത്തുമെന്നാണ്. നിലവിലെ നിരക്കിനെക്കാൾ 11% കൂടുതലാണിത്. 25,500 പോയിന്റാണു ഗോൾഡ്‌മാൻ സാക്‌സ് അനുമാനിക്കുന്ന നിലവാരം. ഈ അനുമാനങ്ങളെല്ലാം ആശ്വാസകരമാണെങ്കിലും വിദേശ നിക്ഷേപകരിൽനിന്ന് ഇന്ത്യൻ വിപണിയിലേക്കു പണപ്രവാഹമുണ്ടാകാനുള്ള കാത്തിരിപ്പ് എത്ര നീളുമെന്നു നിശ്‌ചയമില്ല. മ്യൂച്വൽ ഫണ്ടുകളും എൽഐസി, ഇപിഎഫ്‌ഒ തുടങ്ങിയവയും ചില്ലറ നിക്ഷേപകരും നൽകുന്ന പിന്തുണകൊണ്ടുമാത്രം വിപണിക്കു മുന്നേറാനാകുകയുമില്ല.
2028ൽ ഇന്ത്യ മൂന്നാമത്തെ സാമ്പത്തിക ശക്തി
ന്യൂഡൽഹി∙ 2028ൽ ഇന്ത്യ ലോകത്തെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാകുമെന്ന് ധനസേവനസ്ഥാപനമായ മോർഗൻ സ്റ്റാൻലിയുടെ പ്രവചനം. സജീവമായ ഉപഭോക്തൃ വിപണി, ആഗോള ഉൽപാദനത്തിലെ ഉയരുന്ന പങ്കാളിത്തം, മികച്ച പശ്ചാത്തല സൗകര്യങ്ങൾ എന്നിവയാണ് രാജ്യത്തിന്റെ സാമ്പത്തിക മുന്നേറ്റത്തിനു കാരണമെന്നും മോർഗൻ സ്റ്റാൻലി ചൂണ്ടിക്കാട്ടി. 2023ൽ 3.5 ലക്ഷം കോടിയുടേതായിരുന്ന സമ്പദ് വ്യവസ്ഥ, 2026ൽ 4.7 ലക്ഷം കോടിയിലെത്തും. ഇതോടെ യുഎസ്, ചൈന, ജർമനി എന്നിവയ്ക്കു പിന്നിലാകും ഇന്ത്യ. 2028ൽ സമ്പദ് വ്യവസ്ഥ 5.7 ലക്ഷം കോടിയാകുകയും ഇന്ത്യ ജർമനിയെ പിന്തള്ളി മൂന്നാമതെത്തുകയും ചെയ്യും.
കൂടുതൽ ബിസിനസ് വാർത്തകൾക്ക്: manoramaonline.com/business