വ്യാപാരക്കമ്മി കുറയുന്നത് ആശ്വാസം, നികുതിയില് കുതിപ്പ്, രാജ്യാന്തര പിന്തുണയും – മുന്നേറി ഇന്ത്യൻ വിപണി
.jpg?w=1120&h=583)
Mail This Article
അമേരിക്കൻ വിപണി മുന്നേറ്റത്തിന്റെയും ചൈനീസ് സാമ്പത്തിക ഉത്തേജന പ്രഖ്യാപനത്തിന്റെയും പിൻബലത്തിൽ നേട്ടത്തിൽ ആരംഭിച്ച ഏഷ്യൻ വിപണികൾക്കൊപ്പം ഇന്ത്യൻ വിപണിയും നേട്ടം കുറിച്ചു. ഫെഡ് യോഗത്തിന് മുന്നോടിയായി അമേരിക്കൻ സൂചിക ഫ്യൂച്ചറുകൾ ഇന്ന് നഷ്ടത്തിൽ തുടർന്നപ്പോൾ കൊറിയൻ വിപണി 1.73%വും ജാപ്പനീസ് വിപണി 0.95%വും നേട്ടമുണ്ടാക്കി. യൂറോപ്യൻ വിപണികളും ഇന്ന് നേട്ടത്തിലാണ് വ്യാപാരം തുടരുന്നത്.
പ്രതീക്ഷക്ക് വിപരീതമായി നെഗറ്റീവ് ഓപ്പണിങ് നടത്തിയ നിഫ്റ്റി 22577 പോയിന്റിലേക്ക് കുതിച്ചുകയറിയെങ്കിലും പിന്നീട് ക്രമപ്പെട്ട് 111 പോയിന്റ് നേട്ടത്തിൽ 22508 പോയിന്റിലാണ് വ്യാപാരം അവസാനിപ്പിച്ചത്. സെൻസെക്സ് 341 പോയിന്റ് നേട്ടത്തിൽ 74169 പോയിന്റിലും ക്ളോസ് ചെയ്തു. ഫെബ്രുവരിയിലെ സിപിഐ ക്രമപ്പെട്ടതും ഐഐപി അനുമാനത്തില്‍ മുന്നേറിയതിന്റെ ആനുകൂല്യവും വിപണിയിൽ പ്രകടമായിരുന്നു.

ഐസിഐസിഐ ബാങ്കിന്റെയും ആക്സിസ് ബാങ്കിന്റെയും പിൻബലത്തിൽ ബാങ്ക് നിഫ്റ്റിയുടെ 0.61% മുന്നേറ്റവും ബജാജ് ഇരട്ടകളുടെ പിൻബലത്തിൽ ഫിനാൻഷ്യൽ സെക്ടർ ഒരു ശതമാനം മുന്നേറിയതും ഇന്ത്യൻ വിപണിക്ക് അനുകൂലമായി. ഫാർമ സെക്ടർ 1.6% മുന്നേറ്റവും സ്വന്തമാക്കി.
വ്യാപാരക്കമ്മി കുറഞ്ഞു
ഫെബ്രുവരിയിലെ ഇന്ത്യയുടെ വ്യാപാരക്കമ്മി 1400 കോടി അമേരിക്കൻ ഡോളറിലേക്ക് കുറഞ്ഞത് വിപണിക്ക് പ്രതീക്ഷയാണ്. ഫെബ്രുവരിയിൽ ഇന്ത്യയുടെ ചരക്ക് കയറ്റുമതി 3600 കോടി ഡോളറിൽ നിന്നപ്പോൾ ചരക്ക് ഇറക്കുമതി കുറഞ്ഞതാണ് വ്യാപാരക്കമ്മി കുറയാനിടയായത്.
ചൈനീസ് ബൂസ്റ്റർ
ആഭ്യന്തര വരുമാനം വർദ്ധിപ്പിക്കുന്നതിന് ചൈനീസ് സർക്കാർ ഇന്നലെ പുതിയ പദ്ധതികൾ പ്രഖ്യാപിച്ചതും പുതിയ ചൈൽഡ് കെയർ പദ്ധതി ആവിഷ്‌കരിച്ചതും ഏഷ്യൻ വിപണികൾക്ക് അനുകൂലമായി. ഇന്ത്യൻ മെറ്റൽ ഓഹരികളും ചൈനീസ് പിന്തുണയിൽ മുന്നേറ്റം നടത്തിയെങ്കിലും സ്റ്റീൽ, അലുമിനിയം താരിഫുകളിൽ നിന്നും പിന്നോട്ടില്ലെന്ന് ട്രംപ് പ്രഖ്യാപിച്ചത് ഓഹരികൾക്ക് ക്ഷീണമായി.
ചൈനയുമായുള്ള ബന്ധം ദൃഢമാക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി മോഡി സൂചിപ്പിച്ചത് ഇന്ന് ചൈനീസ് ബന്ധങ്ങളുള്ള ഇന്ത്യൻ ഓഹരികൾക്ക് കുതിപ്പ് നൽകി.

ഫെഡ് യോഗം നാളെ മുതൽ
നാളെയും മറ്റന്നാളുമായി അമേരിക്കൻ ഫെഡ് റിസർവിന്റെ നയാവാലോകന യോഗം നടക്കുന്നത് ഓഹരി വിപണിക്കൊപ്പം, ഡോളറിനും സ്വർണത്തിനും നിർണായകമാണ്. ട്രംപിന്റെ താരിഫ് യുദ്ധം പണപ്പെരുപ്പ സാദ്ധ്യതകൾ വർദ്ധിപ്പിക്കുമെന്ന ഫെഡ് ചെയർമാന്റെ വാദത്തിന് മാറ്റം വരുമോ എന്നാണ് വിപണി ഉറ്റുനോക്കുന്നത്.
കഴിഞ്ഞ ആഴ്ചയിൽ വന്ന ഫെബ്രുവരിയിലെ പണപ്പെരുപ്പനിരക്കുകൾ നിലവിൽ അമേരിക്കൻ ഫെഡ് നിരക്ക് 4.50% ആണ്.
രൂപ
അമേരിക്കൻ ഫെഡ് യോഗത്തിന് മുൻപായി അമേരിക്കൻ ഡോളർ ക്രമപ്പെടുന്നതും ഇന്ത്യൻ രൂപക്കും അനുകൂലമാണ്. അമേരിക്കൻ ഡോളറിനെതിരെ രൂപ 86.842/- നിരക്കിലാണ് വ്യാപാരം തുടരുന്നത്.
സ്വർണം
ഡോളർ ക്രമപ്പെടുന്നത് മുതലാക്കി ഏഷ്യൻ വിപണി സമയത്ത് സ്വർണം വീണ്ടും മുന്നേറ്റം നടത്തി. രാജ്യാന്തര സ്വർണ അവധി 3007 ഡോളറിലാണ് വ്യാപാരം തുടരുന്നത്.
ക്രൂഡ് ഓയിൽ
അമേരിക്ക ഹൂതികൾക്കെതിരായ ചെറുത്ത് നിൽപ്പ് കടുപ്പിച്ചതും ചൈനയുടെ പുതിയ സാമ്പത്തിക ഉത്തേജന പ്രഖ്യാപനങ്ങളും ഏഷ്യൻ വിപണി സമയത്ത് ക്രൂഡ് ഓയിലിന് മുന്നേറ്റം നൽകി. ബ്രെന്റ് ക്രൂഡ് ഒരു ശതമാനത്തിൽ കൂടുതൽ മുന്നേറി 71 ഡോളറിന് മേലാണ് വ്യാപാരം തുടരുന്നത്. ബേസ് മെറ്റലുകളും ഇന്ന് നേട്ടത്തിലാണ് വ്യാപാരം തുടരുന്നത്.

ആർബിഐ പിന്തുണയിൽ ഇൻഡസ്ഇന്‍ഡ് ബാങ്ക്
കഴിഞ്ഞ ആഴ്ചയിൽ വൻവീഴ്ച കുറിച്ച ഇൻഡസ്ഇന്‍ഡ് ബാങ്ക് ആർബിഐയുടെ അനുകൂല പ്രസ്താവനയുടെ കൂടി പിൻബലത്തിൽ ഇന്ന് 5% വരെ മുന്നേറിയെങ്കിലും 1% നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
കെഇസി
ട്രാൻസ്മിഷൻ, ഡിസ്ട്രിബ്യൂഷൻ മേഖലയിൽ നിന്നും 1267 കോടി രൂപയുടെ കോൺട്രാക്ടുകൾ സ്വന്തമാക്കിയ കെഇസി ഇന്റർനാഷണൽ മുൻ വർഷത്തിൽ നിന്നും 35% വർദ്ധനവോടെ 23300 കോടി രൂപയുടെ കോൺട്രാക്ടുകള്‍ ഇതുവരെ സ്വന്തമാക്കിക്കഴിഞ്ഞു.
വാട്സാപ് : 8606666722
Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക