ADVERTISEMENT

തൃശൂർ ആസ്ഥാനമായ പ്രമുഖ സ്മോൾ ഫിനാൻസ് ബാങ്കായ ഇസാഫ് ബാങ്ക് ഇക്കഴിഞ്ഞ സാമ്പത്തിക വർഷത്തെ (2024-25) അവസാനപാദമായ ജനുവരി-മാർച്ചിലെ പ്രാഥമിക ബിസിനസ് പ്രവർത്തനക്കണക്കുകൾ പുറത്തുവിട്ടു. റീട്ടെയ്ൽ വായ്പകൾ മുൻവർഷത്തെ സമാനപാദത്തിലെ 5,893 കോടി രൂപയിൽ നിന്ന് 66.28% മുന്നേറി 9,799 കോടി രൂപയായെന്ന് സ്റ്റോക്ക് എക്സ്ചേഞ്ചുകൾക്ക് സമർപ്പിച്ച റിപ്പോർട്ടിൽ ബാങ്ക് വ്യക്തമാക്കി.

സ്വർണപ്പണയ വായ്പ, എംഎസ്എംഇ വായ്പ, കാർഷിക വായ്പ തുടങ്ങിയവ ഉൾപ്പെടുന്നതാണ് ബാങ്കിന്റെ റീട്ടെയ്ൽ വായ്പകൾ. 18,975 കോടി രൂപയാണ് മൊത്തം വായ്പകൾ; വർധന 1.08 ശതമാനം. മൈക്രോ വായ്പകൾ 28.75% കുറഞ്ഞ് 9,176 കോടി രൂപയായി. ബാങ്കിന്റെ മൊത്തം വായ്പകളിൽ 51.64 ശതമാനവും റീട്ടെയ്ൽ വായ്പകളാണെന്ന് റിപ്പോർട്ടിലുണ്ട്. മുൻവർഷത്തെ സമാനപാദത്തിൽ ഈ വിഭാഗം വായ്പകളുടെ വിഹിതം 31.39% മാത്രമായിരുന്നു.

നിക്ഷേപവും കാസയും

മൊത്തം നിക്ഷേപം 17.16% വർധിച്ച് 23,277 കോടി രൂപയിലെത്തി. ടേം ഡെപ്പോസിറ്റുകൾ 13.84% ഉയർന്ന് 17,493 കോടി രൂപയായി. കറന്റ് അക്കൗണ്ട് സേവിങ്സ് അക്കൗണ്ട് (കാസ/CASA) നിക്ഷേപം 28.48% മുന്നേറി 5,784 കോടി രൂപയായതും കാസ അനുപാതം (CASA Ratio) 22.66 ശതമാനത്തിൽ നിന്ന് 24.85 ശതമാനമായതും നേട്ടമായി. എന്നാൽ, ഇക്കഴിഞ്ഞ ഡിസംബർ പാദത്തിൽ‌ കാസ അനുപാതം 24.95 ശതമാനമായിരുന്നു.

കഴിഞ്ഞപാദത്തിലെ കണക്കുപ്രകാരം 10.41 ലക്ഷം പുതിയ ഇടപാടുകാർ ഉൾപ്പെടെ ബാങ്കിന്റെ മൊത്തം ഇടപാടുകാർ 94.15 ലക്ഷമായി. മാർച്ച് 31ലെ കണക്കുപ്രകാരം 787 ശാഖകളും 693 എടിഎമ്മുകളും 1,106 കസ്റ്റർ സർവീസ് കേന്ദ്രങ്ങളും 24 സംസ്ഥാനങ്ങളിലും 2 കേന്ദ്രഭരണ പ്രദേശങ്ങളിലുമായി ഇസാഫ് ബാങ്കിനുണ്ട്.

ഓഹരിക്ക് മുന്നേറ്റം 

എൻഎസ്ഇയിൽ ഇന്നലെ 0.38% നേട്ടവുമായി 26.10 രൂപയിലാണ് ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്കിന്റെ ഓഹരികൾ വ്യാപാരം അവസാനിപ്പിച്ചത്. കഴിഞ്ഞവർഷം മേയ് രണ്ടിലെ 64.50 രൂപയാണ് 52-ആഴ്ചത്തെ ഉയരം. 52-ആഴ്ചത്തെ താഴ്ച ഇക്കഴിഞ്ഞ മാർച്ച് 27ലെ 24.31 രൂപയും. കഴിഞ്ഞ ഒരുവർഷത്തിനിടെ 50 ശതമാനത്തിലധികമാണ് ഓഹരികൾ നേരിട്ട നഷ്ടം. 

എന്നാൽ‌, കഴിഞ്ഞപാദ ബിസിനസ് അപ്ഡേറ്റിനെ നിക്ഷേപകർ പോസിറ്റിവായി വരവേറ്റതോടെ, ഓഹരികൾ ഇന്നു വ്യാപാരം ചെയ്യുന്നത് മികച്ച നേട്ടത്തിൽ. ഇന്നത്തെ വ്യാപാരം ഉച്ചയ്ക്കത്തെ സെഷനിലേക്ക് കടന്നപ്പോൾ ഓഹരിവിലയുള്ളത് എൻഎസ്ഇയിൽ 5.33% കുതിച്ച് 27.45 രൂപയിൽ. ഒരുഘട്ടത്തിൽ വില 27.54 രൂപവരെ ഉയരുകയും ചെയ്തിരുന്നു. 

(Disclaimer: ഈ ലേഖനം ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായവ വാങ്ങാനോ വില്‍ക്കാനോ ഉള്ള നിര്‍ദേശമോ ഉപദേശമോ അല്ല. ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായ നിക്ഷേപങ്ങൾ വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്. നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള്‍ സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്‍റെ ഉപദേശം തേടുകയോ ചെയ്യുക)

ബിസിനസ് വാർത്തകൾക്ക്: manoramaonline.com/business

English Summary:

ESAF Bank's Retail Loans Soar in Q4, Share Price Jumps 5%

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com