ഐടി കമ്പനികളിൽ വൻ വിൽപന സമ്മർദം; ഓഹരികളിൽ നഷ്ടം

Mail This Article
കൊച്ചി∙ ട്രംപിന്റെ പകരം തീരുവ പ്രഖ്യാപനത്തിൽ വീണ്, വിപണികൾ. ഐടി കമ്പനികളിൽ ഇന്നലെ കനത്ത വിൽപന സമ്മർദം നേരിട്ടു. വ്യാപാരത്തിനിടെ 809 പോയിന്റ് വരെ ഇടിഞ്ഞ സെൻസെക്സ് 322 പോയിന്റ് നഷ്ടത്തിൽ 76,295 പോയിന്റിൽ വ്യാപാരം അവസാനിപ്പിച്ചു. 186 പോയിന്റ് വരെ ഇടിഞ്ഞ നിഫ്റ്റിക്ക് ക്ലോസിങ്ങിൽ 82 പോയിന്റിലേക്ക് നഷ്ടം കുറച്ചുകൊണ്ടുവരാനായി. ഇന്ത്യ ഉൾപ്പെടെ പ്രധാന വ്യാപാര പങ്കാളികളായ രാജ്യങ്ങൾക്കുമേൽ ഉയർന്ന തീരുവ ചുമത്തുന്നത്, അമേരിക്കയുടെയും ലോകരാജ്യങ്ങളുടെയും ജിഡിപി വളർച്ച കുറയാനും പണപ്പെരുപ്പ നിരക്ക് ഉയരാനും കാരണമാകുമെന്ന ആശങ്കയാണ് ആഗോള വിപണികളിൽ പ്രതിഫലിച്ചത്. ഔഷധങ്ങളെ പകരം തീരുവയിൽ നിന്ന് ഒഴിവാക്കിയത് ഫാർമ ഓഹരികൾക്കു കരുത്തായി.
ട്രംപിന്റെ പ്രഖ്യാപനം വന്നതിനു പിന്നാലെ രാജ്യാന്തര വിപണിയിൽ സ്വർണവിലയിൽ വലിയ ഇടിവുണ്ടായി. രാജ്യാന്തര സ്വർണവില ട്രോയ് ഔൺസിന് (31.1 ഗ്രാം) 3130 ഡോളർ എന്ന നിരക്കിൽ നിന്ന് 3076 ഡോളറിലേക്കു താഴ്ന്നു. ഇന്ന് സംസ്ഥാനത്ത് സ്വർണവിലയിൽ കുറവുണ്ടായേക്കും. തീരുവ ഒഴിവാക്കിയവയുടെ കൂട്ടത്തിൽ ബുള്ള്യൻ സ്വർണം ഉൾപ്പെട്ടതോടെ രാജ്യാന്തര സ്വർണവിലയിൽ ഇനിയും ഇടിവുണ്ടാകുമെന്ന കണക്കുക്കൂട്ടലിലാണ് വിപണി.
ട്രംപിന്റെ പകരം തീരുവ, വിപണി പ്രതീക്ഷിച്ചതിലും കടുത്തതാണ്. ഈ തീരുവകൾ രാജ്യാന്തര വ്യാപാരത്തെയും ആഗോള സാമ്പത്തികവ്യവസ്ഥയെയും ബാധിക്കുമെന്നതാണു കാരണം. സാമ്പത്തിക വർഷത്തിന്റെ അവസാനത്തോടെ അമേരിക്കയിൽ മാന്ദ്യമുണ്ടായേക്കുമോ എന്ന ഭയമാണ് ഐടി ഓഹരികളിൽ കനത്ത വിൽപന സമ്മർദമുണ്ടാകാനുള്ള കാരണം. ആഭ്യന്തര ഉപഭോഗത്താൽ നയിക്കപ്പെടുന്ന മേഖലകളിലേക്കായിരിക്കും വരുംനാളുകളിൽ നിക്ഷേപകരെത്തുക.
ഡോ.വി.കെ.വിജയകുമാർ, ചീഫ് ഇൻവെസ്റ്റ്മെന്റ് സ്ട്രാറ്റജിസ്റ്റ്, ജിയോജിത് ഫിനാൻഷ്യൽ സർവീസസ്.