വീണുടഞ്ഞ് സെൻസെക്സ്; നഷ്ടം 10.5 ലക്ഷം കോടി, നെഞ്ചുലച്ച് മെറ്റലും ഐടിയും ഫാർമയും, കേരള ഓഹരികളിലും തകർച്ച

Mail This Article
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് തുറന്നുവിട്ട ‘താരിഫ് ഭൂതം’ ഇന്ത്യൻ ഓഹരി വിപണിയെയും പിടിച്ചുലയ്ക്കുന്നു. ഇന്ത്യ ഉൾപ്പെടെ 180ലേറെ രാജ്യങ്ങൾക്കുമേൽ ട്രംപ് പകരച്ചുങ്കം (Reciprocal Tariff) പ്രഖ്യാപിച്ചതിനു പിന്നാലെ, ആഗോള വ്യാപാരയുദ്ധം കൂടുതൽ വഷളാകുമെന്ന വിലയിരുത്തലുകളാണ് ഓഹരികളെ തകർക്കുന്നത്. യുഎസ്, യൂറോപ്പ് ഓഹരി വിപണികളും ജാപ്പനീസ് നിക്കേയ് അടക്കം പ്രമുഖ ഏഷ്യൻ ഓഹരി വിപണികളും കനത്ത നഷ്ടം നേരിട്ടതിന്റെ ആഘാതം ഇന്ന് ഇന്ത്യയിൽ അലയടിച്ചു.
76,160ൽ നഷ്ടത്തോടെ വ്യാപാരം ആരംഭിച്ച സെൻസെക്സ് ഇന്നൊരുഘട്ടത്തിൽ 1,000 പോയിന്റിലേറെ നഷ്ടവുമായി 75,286 വരെ ഇടിഞ്ഞു. ഇന്നത്തെ അവസാന സെഷനിലേക്ക് പ്രവേശിക്കുമ്പോൾ വ്യാപാരം നടക്കുന്നത് 934 പോയിന്റ് (-1.22%) ഇടിഞ്ഞ് 75,359ൽ. 23,190ൽ തുടങ്ങിയ നിഫ്റ്റി 22,874 വരെ താഴ്ന്നെങ്കിലും വ്യാപാരം പുരോഗമിക്കുന്നത് 349 പോയിന്റ് (-1.50%) ഇടിഞ്ഞ് 22,900ൽ.

സെൻസെക്സിൽ 3,975 ഓഹരികൾ വ്യാപാരം ചെയ്യുന്നതിൽ 2,868 ഓഹരികളും ചുവപ്പണിഞ്ഞു. 73 ഓഹരികളുള്ളത് 52-ആഴ്ചത്തെ താഴ്ചയിലും 225 എണ്ണമുള്ളത് ലോവർ-സർക്യൂട്ടിലും. ബിഎസ്ഇയിലെ കമ്പനികളുടെ സംയോജിത വിപണിമൂല്യം അഥവാ സംയോജിത നിക്ഷേപക സമ്പത്തിൽ നിന്ന് ഇന്ന് ഒറ്റയടിക്ക് കൊഴിഞ്ഞത് 10.58 ലക്ഷം കോടി രൂപ.
സെൻസെക്സിലെ വീഴ്ചകൾ
സെൻസെക്സിൽ ടാറ്റാ സ്റ്റീൽ 8.56%, ടാറ്റാ മോട്ടോഴ്സ് 6.22%, എൽ ആൻഡ് ടി 5.15%, അദാനി പോർട്സ് 4.43%, റിലയൻസ് ഇൻഡസ്ട്രീസ് 3.88%, ഇൻഡസ്ഇൻഡ് ബാങ്ക് 3.72% എന്നിങ്ങനെ ഇടിഞ്ഞ് നഷ്ടത്തിൽ മുന്നിലെത്തി.

എച്ച്ഡിഎഫ്സി ബാങ്ക് 1.61%, ബജാജ് ഫിനാൻസ് 1.37%, ഐസിഐസിഐ ബാങ്ക് 0.33%, ആക്സിസ് ബാങ്ക് 0.30% എന്നിവ നേട്ടത്തിലാണുള്ളത്. ഇക്കഴിഞ്ഞ മാർച്ച് പാദത്തിൽ വായ്പകളിലും നിക്ഷേപത്തിലും മികച്ച നേട്ടമുണ്ടാക്കിയെന്ന പ്രാഥമിക ബിസിനസ് റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ എച്ച്ഡിഎഫ്സി ബാങ്ക് ഓഹരികൾ പച്ചതൊടുകയായിരുന്നു.
നിഫ്റ്റിയിലും എച്ച്ഡിഎഫ്സി ബാങ്ക്
നിഫ്റ്റി50ലും ഇന്നു നേട്ടത്തിൽ മുന്നിൽ എച്ച്ഡിഎഫ്സി ബാങ്കാണ് (+1.59%). ബജാജ് ഫിനാൻസ് (+1.48%), ടാറ്റാ കൺസ്യൂമർ (+1.42%), ശ്രീറാം ഫിനാൻസ് (+0.41%), ഐസിഐസിഐ ബാങ്ക് (+0.35%) എന്നിവയും നേട്ടത്തോടെ തൊട്ടടുത്തുണ്ട്. ടാറ്റാ സ്റ്റീലാണ് 8.48% കൂപ്പുകുത്തി നഷ്ടത്തിൽ മുന്നിൽ. ഹിൻഡാൽകോ 7.46 ശതമാനവും ഒഎൻജിസി 7.06 ശതമാനവും ടാറ്റാ മോട്ടോഴ്സ് 6.16 ശതമാനവും സിപ്ല 5.79 ശതമാനവും വീണു.
ചോരക്കളമായി മെറ്റലും ഫാർമയും
വിശാലവിപണിയാകെ ഇന്ന് ചുവപ്പുമയമാണ്. നിഫ്റ്റി മിഡ്ക്യാപ്100, സ്മോൾക്യാപ് 100 സൂചികകൾ 3-3.76% ഇടിവിലായി. നിഫ്റ്റി മെറ്റൽ 6.31%, ഫാർമ 4.34%, ഐടി 3.36%, മീഡിയ 3.64%, ഓട്ടോ 2.77%, റിയൽറ്റി 3.92%, ഹെൽത്ത്കെയർ 3.42%, ഓയിൽ ആൻഡ് ഗ്യാസ് 4.16%, പൊതുമേഖലാ ബാങ്ക് 2.12% എന്നിങ്ങനെ ഇടിഞ്ഞു.

ട്രംപ് പകരച്ചുങ്കം പ്രഖ്യാപിച്ചതും അതിനെ തിരിച്ചടിക്കുമെന്ന് ചൈന ഉൾപ്പെടെ നിരവധി രാജ്യങ്ങൾ മുന്നറിയിപ്പ് നൽകിയതും ആഗോള വ്യാപാരയുദ്ധം കലുഷിതമാകാൻ വഴിവയ്ക്കുമെന്ന വിലയിരുത്തലാണ് ടാറ്റാ സ്റ്റീൽ ഉൾപ്പെടെയുള്ള മെറ്റൽ ഓഹരികളെയും മറ്റ് ഓഹരി വിഭാഗങ്ങളെയും പ്രധാനമായും നഷ്ടത്തിലാഴ്ത്തിയത്.
ആഗോള സാമ്പത്തികരംഗം മോശമാകുന്നത് വ്യവസായ, വാണിജ്യ, അടിസ്ഥാസൗകര്യ രംഗത്ത് വലിയ ശക്തികളായ യുഎസിനെയും ചൈനയെയും ബാധിക്കുമെന്നത് മെറ്റൽ ഓഹരികളിൽ വിൽപനസമ്മർദം ശക്തമാക്കി.

യുഎസിൽ നിന്ന് വരുമാനത്തിന്റെ മുഖ്യപങ്കും സ്വന്തമാക്കുന്ന ഇന്ത്യൻ ഐടി, ഫാർമ കമ്പനികളുടെ ഓഹരികളെയും വലച്ചത് കനത്ത താരിഫ് ആശങ്ക തന്നെ. ഔഷധങ്ങൾക്ക് ഇറക്കുമതി തീരുവ ഏർപ്പെടുത്തിയേക്കില്ലെന്ന സൂചനകളുണ്ടായിരുന്നെങ്കിലും അമേരിക്ക മലക്കംമറിഞ്ഞു. പകരച്ചുങ്കത്തിന്റെ ഭാഗമല്ലാതെ തന്നെ ഫാർമ ഇറക്കുമതിക്കുമേൽ തീരുവ ഏർപ്പെടുത്താനാണ് നിലവിലെ നീക്കം. ക്രൂഡ് ഓയിൽ വില കനത്ത തകർച്ചയിലായ പശ്ചാത്തലത്തിൽ ഓയിൽ ആൻഡ് ഗ്യാസ് സൂചികയും വീഴുകയായിരുന്നു.
വിദേശ വിപണികളുടെ തകർച്ച
ട്രംപിന്റെ താരിഫ് നയം ആഗോള സമ്പദ്‍വ്യവസ്ഥയെ താറുമാറാക്കുമെന്ന ഭീതിമൂലം ഓഹരി വിപണികളിലാകെ വിൽപനസമ്മർദം അലയടിക്കുകയാണ്. യുഎസിൽ ഡൗ ജോൺസ് 1,700 പോയിന്റും (-3.98%) നാസ്ഡാക് 5.97 ശതമാനവും എസ് ആൻഡ് പി 500 സൂചിക 4.84 ശതമാനവും ഇടിഞ്ഞു. എസ് ആൻഡ് പിക്ക് മാത്രം നഷ്ടം 2.4 ലക്ഷം കോടി ഡോളർ. ജാപ്പനീസ് സൂചികയായ നിക്കേയ് 3.4% കൂപ്പുകുത്തി; കോവിഡ് കാലത്തേതിനു സമാനമായ തകർച്ച.
രക്ഷയില്ലാതെ കേരള ഓഹരികളും
വിൽപനസമ്മർദത്തിന്റെ കൊടുങ്കാറ്റിൽപ്പെടാതെ മാറിനിൽക്കാൻ കേരളം ആസ്ഥാനമായ ലിസ്റ്റഡ് കമ്പനികളുടെ ഓഹരിക്കും ഇന്നു കഴിഞ്ഞില്ല. ഫാക്ടാണ് 6.46% ഇടിഞ്ഞ് നഷ്ടത്തിൽ മുന്നിൽ. ജിയോജിത് 6.3 ശതമാനം ഇടിഞ്ഞ് തൊട്ടരികിലുണ്ട്. ബിപിഎൽ 5.5%, കൊച്ചിൻ ഷിപ്പ്‍യാർഡ് 5.29%, കല്യാൺ ജ്വല്ലേഴ്സ് 5.25% എന്നിങ്ങനെ ഇടിഞ്ഞു.
യൂണിറോയൽ മറീൻ, എവിടി, ഇസാഫ് ബാങ്ക്, പോപ്പുലർ വെഹിക്കിൾസ്, ആഡ്ടെക്, സ്റ്റെൽ ഹോൾഡിങ്സ്, അപ്പോളോ ടയേഴ്സ്, കിങ്സ് ഇൻഫ്ര, വണ്ടർല, ധനലക്ഷ്മി ബാങ്ക്, സൗത്ത് ഇന്ത്യൻ ബാങ്ക് എന്നിവ 2-5 ശതമാനവും ഇടിഞ്ഞാണ് വ്യാപാരം ചെയ്യുന്നത്.

കിറ്റെക്സ് ഇന്നും 5% കുതിച്ച് അപ്പർ-സർക്യൂട്ടിലെത്തി. താരിഫ് ഭാരം ബാധിക്കില്ലെന്ന വിലയിരുത്തലും തെലങ്കാനയിലെ ഫാക്ടറികളുടെ പ്രവർത്തനം സജ്ജമാകുന്നതും മികച്ച പ്രവർത്തനഫല പ്രതീക്ഷകളുമാണ് കിറ്റെക്സ് ഓഹരികളെ ഉയർത്തിയത്.
(Disclaimer: ഈ ലേഖനം ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായവ വാങ്ങാനോ വില്‍ക്കാനോ ഉള്ള നിര്‍ദേശമോ ഉപദേശമോ അല്ല. ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായ നിക്ഷേപങ്ങൾ വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്. നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള്‍ സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്‍റെ ഉപദേശം തേടുകയോ ചെയ്യുക)