ADVERTISEMENT

പകരച്ചുങ്കത്തിന്മേൽ യുഎസ് ചർച്ചകൾക്ക് ഒരുങ്ങുന്നുവെന്ന സൂചനകളെ തുടർന്ന് വ്യാപാരത്തുടക്കത്തിൽ നേട്ടത്തിലേക്ക് കുതിച്ചുകയറിയ യുഎസ് ഓഹരികൾ പിന്നാലെ മലക്കംമറിഞ്ഞു. വ്യാപാരത്തിന്റെ ആദ്യ മണിക്കൂറുകളിൽ 3 ശതമാനത്തിലധികം നേട്ടമുണ്ടാക്കിയ നാസ്ഡാക്കും എസ് ആൻഡ് പി500 സൂചികയും നെഗറ്റീവിലായി. 1,400 പോയിന്റ് മുന്നേറിയ ഡൗ ജോൺസിന്റെ നേട്ടം വെറും 100നും താഴെയെത്തിയെങ്കിലും പിന്നീട്  അല്പം കയറി. യുഎസ് ഓഹരി സൂചികകൾ വൻ ചാഞ്ചാട്ടമാണ് നേരിടുന്നത്. ലാഭനഷ്ടങ്ങൾ മാറിമറിയുകയാണ്.

(Representative image by Andy.LIU/ shutterstock)
(Representative image by Andy.LIU/ shutterstock)

യുഎസിൽ നിന്നുള്ള ഇറക്കുമതിക്ക് പകരച്ചുങ്കത്തിന് തിരിച്ചടിയെന്നോണം ചൈന 34% തീരുവ ചുമത്താൻ തീരുമാനിച്ചിരുന്നു. ഇതിൽനിന്ന് പിന്മാറാൻ ചൈനയ്ക്ക് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് നൽകിയ സമയപരിധി അവസാനിച്ചതിനെ തുടർന്ന്, ചൈനയ്ക്കുമേലുള്ള പകരച്ചുങ്കം യുഎസ് 104 ശതമാനമാക്കി ഉയർത്തി. ഇതു ബുധനാഴ്ച (ഏപ്രിൽ 9) പ്രാബല്യത്തിൽ വരും.

ഡോണൾഡ് ട്രംപ് (Photo by Mandel NGAN / AFP)
ഡോണൾഡ് ട്രംപ് (Photo by Mandel NGAN / AFP)

യുഎസിന്റെ നടപടിയെ ഏതറ്റംവരെയും എതിർക്കുമെന്ന് ചൈനയും അറിയിച്ചതോടെ, ആഗോള വ്യാപാരയുദ്ധം കൂടുതൽ വഷളാകുമെന്ന് ഏറക്കുറെ ഉറപ്പായി. ഇതാണ് യുഎസ് ഓഹരി വിപണികൾ കീഴ്മേൽ മറിയാൻ കാരണം. 

Image: Shutterstock/AI
Image: Shutterstock/AI

ഏകദേശം 70 രാജ്യങ്ങൾ നിലവിൽ യുഎസുമായി ചർച്ചയ്ക്ക് തയാറാണെന്ന് അറിയിച്ചതായി വൈറ്റ്ഹൗസ് വ്യക്തമാക്കിയിരുന്നു. ഇതാണ് വ്യാപാരത്തുടക്കത്തിൽ ഓഹരികൾ മികച്ച നേട്ടം കൈവരിക്കാൻ സഹായിച്ചതും. ഓഹരി വിപണിയുടെ കനത്ത വീഴ്ചയെ തുടർന്ന് കഴിഞ്ഞദിവസങ്ങളിൽ തരിപ്പണമായ ആപ്പിൾ ഓഹരികൾ ഇന്ന് 4% ഉയർന്നിരുന്നു.  എൻവിഡിയ, മെറ്റ, ടെസ്‍ല, ആമസോൺ, നെറ്റ്ഫ്ലിക്സ് എന്നിവയും 4-6% ഉയർന്നെങ്കിലും ഇവയെല്ലാം പിന്നീട് സമ്മർദത്തിലായി.

ജാപ്പനീസ് ഓഹരി വിപണിയായ നിക്കേയ് 6.03 ശതമാനവും ഓസ്ട്രേലിയൻ സൂചിക എഎസ്എക്സ്200 2.27 ശതമാനവും യൂറോപ്പിൽ സ്റ്റോക്സ്600 (Stoxx 600) 3.5 ശതമാനവും ജർമനിയുടെ ഡാക്സ് (DAX) 3.35 ശതമാനവും ലണ്ടനിൽ എഫ്ടിഎസ്ഇ 3.44 ശതമാനവും ഉയർന്നു.

തിങ്കളാഴ്ച ഏറ്റവും ഭീമമായ തകർച്ചകളിലൊന്ന് നേരിട്ട ഇന്ത്യൻ ഓഹരി സൂചികകളും ചൊവ്വാഴ്ച മികച്ച നേട്ടത്തോടെയാണ് വ്യാപാരം അവസാനിപ്പിച്ചത്. തിങ്കളാഴ്ച 3,914 പോയിന്റ് കൂപ്പുകുത്തിയ സെൻസെക്സ്  1,089 പോയിന്റും  1,146 പോയിന്റ് ഇടിഞ്ഞ നിഫ്റ്റി 374 പോയിന്റും കരകയറി. 

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിങ്കളാഴ്ച ബിഎസ്ഇയിലെ കമ്പനികളുടെ സംയോജിത വിപണിമൂല്യത്തിൽ നിന്ന് 14.09 ലക്ഷം കോടി രൂപ കൊഴിഞ്ഞുപോയിരുന്നു. ചൊവ്വാഴ്ച 7.32 ലക്ഷം കോടി രൂപ തിരികെപ്പിടിക്കാനും കഴിഞ്ഞു. പകരച്ചുങ്കത്തിൽ മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയ്ക്ക് സാരമായ പരുക്കേൽക്കില്ലെന്ന വിലയിരുത്തൽ, റിസർവ് ബാങ്ക് വീണ്ടും പലിശഭാരം കുറയ്ക്കുമെന്ന പ്രതീക്ഷ, കഴിഞ്ഞദിവസങ്ങളിലെ ഇടിവുമൂലം കുത്തനെ വിലകുറഞ്ഞ ഓഹരികളിൽ ദൃശ്യമായ വാങ്ങൽ ട്രെൻഡ് (ബൈ ദ ഡിപ്പ്), ക്രൂഡ് ഓയിൽ വിലയിടിവ് തുടങ്ങിയ അനുകൂല ഘടകങ്ങളുടെ കരുത്തിലുമാണ് ഇന്ത്യൻ ഓഹരികൾ കരകയറിയത്.

ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്: manoramaonline.com/business

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com