ADVERTISEMENT

അമേരിക്കയുടെ പകരചുങ്കത്തിന് പ്രതികാര ചുങ്കവുമായി ഇറങ്ങിയ ചൈനയുടെ ഇറക്കുമതി തീരുവ 104% ആയി ഉയർത്തിയ അമേരിക്കൻ നടപടി ഇന്നലെ അമേരിക്കൻ വിപണിക്കും ഇന്ന് ഏഷ്യൻ-യൂറോപ്യൻ വിപണികൾക്കും തകർച്ച നൽകി. ജർമൻ , ഫ്രഞ്ച് , ബ്രിട്ടീഷ് വിപണികൾ 2%ൽ കൂടുതൽ നഷ്ടത്തിലാണ് വ്യാപാരം തുടരുന്നത്. 

22350 പോയിന്റിൽ പിന്തുണ നേടിയ നിഫ്റ്റി 22535 പോയിന്റ് വരെ മുന്നേറിയ ശേഷം 0.61% നഷ്ടത്തിൽ 22399 പോയിന്റിലാണ് ക്ളോസ് ചെയ്തത്. സെൻസെക്സ് 379 പോയിന്റ് നഷ്ടത്തിൽ 73847 പോയിന്റിലും ക്ളോസ് ചെയ്തു. ഇന്ത്യ വിക്സ് ഇന്ന് 4% മുന്നേറി. 

Indian stock market growth concept.rupee icon,  up arrow, graph, chart  illustration, blue in color
Indian stock market growth concept.rupee icon, up arrow, graph, chart illustration, blue in color

ബാങ്ക് നിഫ്റ്റി അര ശതമാനം വീണപ്പോൾ ഫിൻനിഫ്റ്റി ഇന്ന് ഒരു ശതമാനത്തോളം മുന്നേറ്റം കുറിച്ചു. ആർബിഐ നയപിന്തുണയിൽ ഓട്ടോ, എഫ്എംസിജി സെക്ടറുകൾ ഇന്ന് നേട്ടമുണ്ടാക്കി. നിഫ്റ്റി നെക്സ്റ്റ്-50 സൂചിക ഇന്ന് 1.9% നേട്ടവുമുണ്ടാക്കി.   

നയം മാറ്റി ആർബിഐ

തുടർച്ചയായ രണ്ടാം തവണയും 25 ബേസിസ് പോയിന്റുകൾ കുറച്ച് റിപ്പോ നിരക്ക് 6%ൽ എത്തിച്ച ഇന്ത്യൻ കേന്ദ്രബാങ്ക് ന്യൂട്രലിൽ നിന്നും അക്കമൊഡേറ്റീവ് സ്റ്റാൻസിലേക്ക് നയമാറ്റവും നടത്തി. അമേരിക്കൻ തീരുവകളുടെ പശ്ചാത്തലത്തിൽ കൂടുതൽ നേട്ടമുണ്ടാക്കാനായി ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ തുണക്കുന്ന നടപടികളുമായി മുന്നോട്ട് പോകുന്നതിന് നയം മാറ്റം ആർബിഐക്ക് കൂടുതൽ കരുത്ത് നൽകും. 

2026 സാമ്പത്തിക വർഷത്തിൽ 4% മാത്രം പണപ്പെരുപ്പവളർച്ച പ്രതീക്ഷിക്കുന്ന ആർബിഐ ഇനിയും നിരക്ക് കുറക്കൽ വിഭാവനം ചെയ്യുന്നു എന്ന സൂചനയാണ് അക്കമൊഡേറ്റീവ് നയം സ്വീകരിച്ചതിലൂടെ വ്യക്തമാകുന്നത്. കുറഞ്ഞ പലിശ നിരക്ക് നിലനിർത്തിക്കൊണ്ട് സാമ്പത്തിക വളർച്ച ത്വരിതപ്പെടുത്തുന്നതിനാണ് അക്കമൊഡേറ്റീവ് നയം സ്വീകരിക്കുന്നതെങ്കിൽ പണപ്പെരുപ്പം നിയന്ത്രിച്ച് നിർത്തേണ്ട സാഹചര്യത്തിലാണ് കടുത്തതോ, ന്യുട്രലോ ആയ പണനയം ആർബിഐ സ്വീകരിക്കുക. 

ജിഡിപി വളർച്ച 6.50% 

അമേരിക്ക ഇന്ത്യൻ ഉല്പന്നങ്ങൾക്ക് 26% തീരുവ തീരുമാനിച്ച സാഹചര്യത്തിൽ  നടപ്പ് സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ ആഭ്യന്തര ഉല്പാദന വളർച്ച 6.70%ൽ നിന്നും 6.50% ആയി താഴ്ത്തി നിശ്ചയിച്ചു.  രൂപയുടെ വീഴ്ചയും, ജിഡിപി വളർച്ച ലക്‌ഷ്യം കുറച്ചതും ഇന്ത്യൻ വിപണിക്ക് ക്ഷീണമായി. അമേരിക്കൻ ഡോളർ 86.70/- നിരക്കിലാണ് രൂപക്കെതിരെ വ്യാപാരം തുടരുന്നത്.     

Image: Shutterstock/UnImages
Image: Shutterstock/UnImages

104% തീരുവക്ക് പകരം പണി ഡോളറിന് 

ചൈനക്ക് ഇന്നലെ പ്രഖ്യാപിച്ച 50% അധികചുങ്കത്തോടെ 104% ആയി ഉയർന്ന തീരുവയുടെ കാഠിന്യം ഓഹരി വിപണിയിൽ ഉണ്ടാകാതിരിക്കാനുള്ള തന്ത്രങ്ങളും ചൈന ആവിഷ്കരിച്ചിരുന്നു. സർക്കാരിന്റെയും, ധനകാര്യ സ്ഥാപനങ്ങളുടെയും ഇടപെടലുകളുടെ പിൻബലത്തിൽ ചൈനീസ് വിപണി ഇന്ന് വലിയ നഷ്ടങ്ങളൊഴിവാക്കി നേട്ടത്തിലാണ് ക്ളോസ് ചെയ്തത്. പകരചുങ്കത്തിന്റെ കാഠിന്യം കുറയ്ക്കുന്നതിനായി പുതിയ സാമ്പത്തിക ഉത്തേജന പദ്ധതികളും ചൈന ഇന്ന് ആവിഷ്കരിക്കും. 

അമേരിക്കയുടെ തീരുവക്കെണിയിൽ നിന്നും രക്ഷപെടാനായി ഒരുമിച്ച് നിൽക്കാമെന്ന വാഗ്ദാനവുമായി ചൈന അടുക്കുന്നത് ഇന്ത്യക്ക് കൂടുതൽ കെണിയാകും. ചൈനയുടെ വ്യാപാരക്കരാറുകൾ അവരുടെ ഉത്പന്നങ്ങൾ ഡംപ് ചെയ്യുന്നതിന് വേണ്ടി മാത്രമാണ്.  

ഫാർമക്കും തീരുവ 

ഫാർമ സെക്ടറിനെയും പകരച്ചുങ്കപ്പരിധിയിൽ ഉൾപ്പെടുത്തുമെന്ന സൂചന ഇന്ത്യൻ ഫാർമ ഓഹരികൾക്ക് തിരുത്തൽ നൽകി. റെഡ്ഡീസ്, സിപ്ല എന്നിവയുടെ നഷ്ടം ഓരോ ശതമാനത്തിൽ ഒതുങ്ങിയപ്പോൾ സ്‌മോൾ & മിഡ് ക്യാപ് ഫാർമ ഓഹരികൾ വലിയ നഷ്ടങ്ങൾ കുറിച്ചു. 

സ്വർണം 

ചൈനക്ക് 50% കൂടി അധികം തീരുവ ഏർപ്പെടുത്തിയതോടെ അമേരിക്കൻ ട്രഷറി ബോണ്ടുകൾ വിറ്റഴിച്ച് ചൈന സ്വർണം വാങ്ങുന്നത് അമേരിക്കൻ ബോണ്ട് യീൽഡിനും സ്വർണത്തിനും ഒരുമിച്ച് മുന്നേറ്റം നൽകി. ചൈന കൂടുതൽ ഡോളർ വിപണിയിൽ വിറ്റഴിക്കുന്നത് തുടർന്നേക്കാം. 

രാജ്യാന്തര വിപണിയിൽ സ്വർണഅവധി 2%ൽ കൂടുതൽ മുന്നേറി 3057 ഡോളറിലാണ് വ്യാപാരം തുടരുന്നത്.  

 ക്രൂഡ് ഓയിൽ 

വ്യാപാരയുദ്ധം വീണ്ടും കനക്കുന്ന സൂചനകൾ ക്രൂഡ് ഓയിലിന് നാല് വർഷത്തെ ഏറ്റവും കുറഞ്ഞ നിരക്ക് നൽകി. ബ്രെന്റ് ക്രൂഡ് ഓയിൽ വില 2020 ന് ശേഷം ആദ്യമായി 60 ഡോളറിലേക്ക് വീണു. നിലവിലെ സാഹചര്യങ്ങൾ നീണ്ടു പോയാൽ ക്രൂഡ് ഓയിൽ വില 40 ഡോളറിലേക്കും വീണേക്കാമെന്ന് വിലയിരുത്തപ്പെടുന്നു. 

ക്രൂഡ് ഓയിലിന്റെ വീഴ്ച ഓയിൽ മാർക്കറ്റിങ് ഓഹരികൾക്കൊപ്പം, പെയിന്റ്, ടയർ ഓഹരികൾക്കും അനുകൂലമാണ്. 

ബേസ് മെറ്റലുകൾ 

വെള്ളിയും കോപ്പറും മുന്നേറ്റം നേടിയെങ്കിലും മറ്റ് ബേസ് മെറ്റലുകളെല്ലാം ഇന്ന് നഷ്ടത്തിലാണ് വ്യാപാരം തുടരുന്നത്. വ്യാപാര യുദ്ധം വ്യാപിക്കുന്നത് ബേസ് മെറ്റലുകൾക്ക് ക്ഷീണമാണ്. 

Image: Shutterstock/Akshay Ambadi
Image: Shutterstock/Akshay Ambadi

സ്വർണ വായ്പ 

സ്വർണ വായ്പ മേഖലക്കായി കൂടുതൽ സമഗ്രമായ മാർഗനിർദ്ദേശങ്ങൾ ആർബിഐ ഉടനെ പ്രഖ്യാപിക്കുമെന്ന് നയപ്രഖ്യാപനത്തിൽ ആർബിഐ ഗവർണർ സൂചിപ്പിച്ചത് സ്വർണ വായ്പ ഓഹരികൾക്ക് ഇന്ന് തിരുത്തൽ നൽകി. ആർബിഐ ഗവർണറുടെ പ്രഖ്യാപനത്തെ തുടർന്ന് മുത്തൂറ്റ് ഫിനാൻസ് 6.60%നഷ്ടം കുറിച്ചപ്പോൾ മറ്റ് സ്വർണ വായ്പ ഓഹരികളെല്ലാം ഓരോ ശതമാനം നഷ്ടം കുറിച്ചു. 

ഇലക്ട്രോണിക്സ് ഉല്പാദന മേഖല 

ചൈനക്ക് കൂടുതൽ തീരുവകൾ അമേരിക്ക ചാർത്തുന്നത് ഇന്ത്യൻ ഇലക്ട്രോണിക്സ് ഉല്പാദന മേഖലക്ക് പ്രത്യക്ഷത്തിൽ അനുകൂലമാണെങ്കിലും ചൈനയിൽ നിന്നുമുള്ള വിലകുറഞ്ഞ ഉത്പന്നങ്ങൾ ഇന്ത്യൻ വിപണി കീഴടക്കിയേക്കാവുന്നത് വലിയ ഭീഷണിയാണ്. ഇന്ത്യൻ കമ്പനികൾ അമേരിക്കൻ വിപണി തേടുമ്പോൾ അവർക്ക് ഇന്ത്യൻ വിപണി അന്യമാകുന്ന പ്രതിഭാസം ആഭാസമാണ്. ഇത് ഇന്ത്യയുടെ ആഭ്യന്തര ഉല്പാദനത്തിനാണ് തുരങ്കം വയ്ക്കുക .

കേന്ദ്ര സർക്കാർ ഇലക്ട്രോണിക്സ് ഇറക്കുമതി മിതപ്പെടുത്തുന്ന നയങ്ങൾ രൂപീകരിച്ചാൽ ഇന്ത്യൻ ഇലക്ട്രോണിക്സ് മേഖല നേട്ടം കൊയ്യും. ഡിക്സൺ, ആംബർ, പിജി ഇലക്ട്രോപ്ലാസ്റ്റ്, കെയ്ൻസ് മുതലായ ഓഹരികൾ ശ്രദ്ധിക്കാം.

വാട്സാപ് : 8606666722

Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക

English Summary:

China's 104% import duty triggers a global market downturn. The US and Asian markets experience significant losses while India sees a mixed reaction, influenced by RBI's accommodative policy. Learn about the impact on various sectors and the evolving trade war.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com