ഓഹരി വിപണിക്ക് കനത്തചാഞ്ചാട്ടം; നിക്ഷേപകർക്ക് വേണ്ടത് ക്ഷമ

Mail This Article
കൊച്ചി ∙ കത്തിയമർന്ന ഓഹരി വിപണികൾ ഫീനിക്‌സ് പക്ഷിയെപ്പോലെ ഉയരങ്ങളിലേക്ക്. ഇന്ത്യയിലേതുൾപ്പെടെ ലോകമെങ്ങുമുള്ള വിപണികളിലെ ഓഹരി വില സൂചികകളിൽ അതിശയക്കുതിപ്പ്.
ഒറ്റ ദിവസംകൊണ്ട് ആസ്‌തി മൂല്യത്തിൽ14 ലക്ഷം കോടിയിലേറെ രൂപ നഷ്‌ടപ്പെട്ട ഇന്ത്യയിലെ നിക്ഷേപകർക്കും കൈവന്നതു വലിയ ആശ്വാസം. സെൻസെക്‌സിൽ 1089.18 പോയിന്റിന്റെ കുതിപ്പാണുണ്ടായത്; നിഫ്‌റ്റി 374.25 പോയിന്റ് വീണ്ടെടുത്തു. ഇടവേളയിൽ സെൻസെക്‌സ് 1721.49 പോയിന്റ്‌ും നിഫ്‌റ്റി 535.60 പോയിന്റും മുന്നേറിയെങ്കിലും ലാഭമെടുപ്പു മൂലം വ്യാപാരാവസാനത്തോടെ പിന്നോട്ടുപോരുകയായിരുന്നു. സെൻസെക്‌സ് അവസാനിച്ചത് 74,227.08 പോയിന്റിലാണ്; നിഫ്‌റ്റി 22,535.85 നിലവാരത്തിലും. സെൻസെക്‌സിലെ വർധന 1.45%; നിഫ്‌റ്റിയിലേത് 1.67%. എല്ലാ വ്യവസായങ്ങളിൽനിന്നുമുള്ള ഓഹരികൾ മുന്നേറ്റത്തിൽ അണിനിരക്കുകയുണ്ടായി.
ചൈന, ജപ്പാൻ, ദക്ഷിണ കൊറിയ തുടങ്ങി ഏഷ്യയിലെ എല്ലാ രാജ്യങ്ങളിലെ വിപണികളിലും പ്രകടമായ ആവേശം പിന്നീടു യൂറോപ്യൻ വിപണികളിലേക്കും പടരുന്നതാണു കണ്ടത്. വൻ നേട്ടത്തിലാണ് നാസ്ഡക് ഉൾപ്പെടെയുള്ള അമേരിക്കൻ ഓഹരി വിപണി സൂചികകൾ വ്യാപാരം ആരംഭിച്ചത്.
കഴിഞ്ഞ ദിവസം വിപണികളിൽ കനത്ത തകർച്ചയ്‌ക്കു കാരണമായത് അമേരിക്കയിൽനിന്നു വീശിയടിച്ച പരിഭ്രാന്തിയുടെ തീക്കാറ്റായിരുന്നെങ്കിൽ ആർത്തിരമ്പിയ ആവേശത്തിന്റെ ആരംഭം ചൈനയിൽനിന്നായിരുന്നു.
നിക്ഷേപകരുടെ ആസ്‌തി സംരക്ഷണത്തിനു ചൈന നടപടികളെടുത്തതു മിന്നൽവേഗത്തിലാണ്. വലിയ തോതിൽ ഓഹരികളിലേക്കു പണം ഒഴുക്കാൻ പീപ്പിൾസ് ബാങ്ക് ഓഫ് ചൈന മുന്നോട്ടുവന്നു. സർക്കാർ ഉടമസ്‌ഥതയിലുള്ള സോവറിൻ വെൽത്ത് ഫണ്ടുകൾക്ക് ഓഹരി നിക്ഷേപത്തിനു വൻ തുക അനുവദിക്കപ്പെട്ടു.
കോടിക്കണക്കിനു തുക എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടുകൾക്കും അനുവദിച്ചു.
ചൈനയിൽനിന്നുള്ള ആവേശത്തിനു പുറമേ മുന്നേറ്റത്തിന് ഇന്ത്യൻ വിപണിക്കു തുണയായതു റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) യിൽ നിന്നു പ്രതീക്ഷിക്കുന്ന പലിശയിളവാണ്.
ഇന്നാണ് ആർബിഐയുടെ തീരുമാനം പുറത്തുവരുന്നത്. 0.25% നിരക്കിളവു പൊതുവേ പ്രതീക്ഷിക്കുന്നുണ്ട്.
നിക്ഷേപകർക്ക് വേണ്ടതു ക്ഷമ
തിരിച്ചുകയറ്റത്തെ അപ്പാടെ വിശ്വസിക്കരുതെന്നും വ്യാപാരയുദ്ധം വ്യാപകമാകുന്നതിന്റെയും അമേരിക്ക സാമ്പത്തിക മാന്ദ്യത്തിലേക്കു നീങ്ങുന്നതിന്റെയും പശ്‌ചാത്തലത്തിൽ വിപണികളിൽ അനിശ്‌ചിതത്വം തുടരാനാണു സാധ്യത എന്നുമാണു നിരീക്ഷകരുടെ പൊതുവായ വിലയിരുത്തൽ.
അതേസമയം കൈവശമുള്ള ഓഹരികൾ പരിഭ്രാന്തിയിൽ വിറ്റൊഴിയേണ്ടതില്ലെന്നും ക്ഷമാപൂർവം അവസരം കാത്തിരിക്കുകയാണു വേണ്ടതെന്നും നിക്ഷേപരംഗത്തെ വിദഗ്ധർ നിർദേശിക്കുന്നു.
‘സെൽ ഓൺ റൈസ്’ തന്ത്രം പ്രയോജനപ്പെടുത്താൻ നിർദേശിക്കുന്നവരുമുണ്ട്. കൈവശമുള്ള ഓഹരി ശേഖരത്തിൽ മാറ്റങ്ങൾ വരുത്തുക, പ്രതിരോധശേഷിയുള്ള ഓഹരികളിലേക്കു നിക്ഷേപം പരിമിതപ്പെടുത്തുക തുടങ്ങിയവയാണു മറ്റു നിർദേശങ്ങൾ.