ADVERTISEMENT

ജമ്മു കശ്മീരിലെ പഹൽഗാമിൽ (Pahalgam) വിനോദസഞ്ചാരികൾക്കുനേരെ ഭീകർ നടത്തിയ ആക്രമണത്തിന്റെ പ്രതിഫലനം ഇന്ത്യൻ ഓഹരി വിപണിയിലും. ജമ്മു ആൻഡ് കശ്മീർ ബാങ്കിന്റെ ഓഹരി 8.05% ഇടിഞ്ഞ് 104.95 രൂപയിലാണ് ഉച്ചയ്ക്കത്തെ സെഷനിലേക്ക് കടക്കുമ്പോൾ വ്യാപാരം ചെയ്യുന്നത്. ജമ്മു കശ്മീരിൽ സാന്നിധ്യമുള്ള ലിസ്റ്റഡ് സ്ഥാപനങ്ങളുടെ ഓഹരികളിൽ മിക്കതും ചാഞ്ചാട്ടത്തിലുമായി. ഹോട്ടലുകളും വിമാനക്കമ്പനികളുമാണ് ഇതിൽ പ്രധാനം. ലെമൺ ട്രീ ഹോട്ടൽസ്, സ്പൈസ്ജെറ്റ്, ഇൻഡിഗോ എന്നിവ 2 ശതമാനം വരെ താഴ്ന്നെങ്കിലും പിന്നീട് നഷ്ടം നിജപ്പെടുത്തി. 1.6% വരെ രാവിലത്തെ സെഷനിൽ താഴ്ന്ന സ്പൈസ്ജെറ്റ് പിന്നീട് നേട്ടത്തിലായിട്ടുണ്ട്.

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

സെൻസെക്സും ഇന്നു രാവിലെ 79,595ൽ നിന്ന് മികച്ച കുതിപ്പുമായി 80,254 വരെ എത്തിയെങ്കിലും പിന്നീട് താഴേക്കിറങ്ങി 79,506 വരെ എത്തി. നിലവിൽ 0.4% നേട്ടവുമായി 79,900 നിലവാരത്തിലേക്ക് മെല്ലെ തിരിച്ചുകയറി. നേട്ടത്തോടെ 24,357ൽ തുടങ്ങിയ നിഫ്റ്റിയും 24,359 വരെ ഉയർന്നെങ്കിലും പിന്നീട് 24,119 വരെ താഴ്ന്നിരുന്നു. ഇപ്പോൾ 0.40% ഉയർന്ന് 24,260 നിലവാരത്തിൽ വ്യാപാരം പുരോഗമിക്കുന്നു. 

ഡോണൾ‍ഡ് ട്രംപിനൊപ്പം യുഎസ് വാണിജ്യ സെക്രട്ടറി ഹോവാർഡ് ലുട്നിക്. പകരച്ചുങ്കം പ്രഖ്യാപന വേളയിൽ (Photo by Brendan SMIALOWSKI / AFP)
Photo by Brendan SMIALOWSKI / AFP

യുഎസ് കർക്കശമായ താരിഫ് നിലപാടിൽ നിന്ന് പിന്നോക്കം പോകുന്നുവെന്ന വിലയിരുത്തൽ, യുഎസ് ഫെഡ് ചെയർമാനെതിരായ നിലപാടിൽ നിന്ന് ട്രംപിന്റെ മലക്കംമറിച്ചിൽ, യുഎസ് ഓഹരി വിപണികളുടെ തിരിച്ചുകയറ്റം എന്നിവയും ഇന്ന് ഇന്ത്യൻ ഓഹരി സൂചികകളെ നേട്ടത്തിലേക്ക് നയിക്കുകയായിരുന്നു. വരുമാനത്തിന്റെ മിക്കപങ്കും യുഎസിൽ നിന്ന് നേടുന്ന ഐടി കമ്പനികളാണ് നേട്ടത്തിൽ മുന്നിൽ. നിഫ്റ്റി ഐടി സൂചിക കുതിച്ചുയർന്നത് 4 ശതമാനത്തിലധികം.

മുറിവേറ്റ് കശ്മീർ ടൂറിസവും

കൂടുതൽ വിനോദസഞ്ചാരികളെ ആകർഷിച്ച് വളർച്ചയുടെ ട്രാക്കിലേറി മുന്നേറുന്നതിനിടെയാണ് കശ്മീർ ടൂറിസത്തിനും കനത്ത പരുക്കേൽപ്പിച്ചുള്ള ഭീകരരുടെ ആക്രമണം. ജമ്മു കശ്മീരിന്റെ ജിഡിപിയിൽ 8.47% പങ്കുവഹിക്കുന്ന ടൂറിസം മേഖല കഴിഞ്ഞ ഒരുമാസത്തിനിടെ മാത്രം വിദേശികളുൾപ്പെടെ 8 ലക്ഷത്തിലേറെ വിനോദ സ‍ഞ്ചാരികളെ വരവേറ്റിരുന്നു. മുൻകാലങ്ങളിലെ തുടർച്ചയായ അസ്ഥിരത, കോവിഡ്, ലോക്ക്ഡൗൺ തുടങ്ങിയ തിരിച്ചടികളിൽ നിന്ന് അതിവേഗം കരകയറുന്നതിനിടെയാണ് പുതിയ പ്രതിസന്ധി. 2022ൽ 26.7 ലക്ഷം ടൂറിസ്റ്റുകളായിരുന്നു കശ്മീർ സന്ദർശിച്ചത്. 2023ൽ ഇത് 27.1 ലക്ഷമായി. കഴിഞ്ഞവർഷം 29.5 ലക്ഷവും.

പഹൽഗാം (ARTQU/istockphoto.com), പഹൽഗാം ഭീകരാക്രമണത്തിൽ പരുക്കേറ്റയാളെ സന്ദർശിക്കുന്ന ജമ്മുകശ്മീർ മന്ത്രി സാക്കിന ഇൽതൂ (Photo: PTI)
പഹൽഗാം (ARTQU/istockphoto.com), പഹൽഗാം ഭീകരാക്രമണത്തിൽ പരുക്കേറ്റയാളെ സന്ദർശിക്കുന്ന ജമ്മുകശ്മീർ മന്ത്രി സാക്കിന ഇൽതൂ (Photo: PTI)

വിദേശ വിനോദ സഞ്ചാരികളുടെ എണ്ണവും 2023ലെ 37,000 പേരെ അപേക്ഷിച്ച് 2024ൽ 43,000ന് മുകളിലേക്ക് ഉയർന്നിരുന്നു. ജമ്മു കശ്മീരിന്റെ ജിഡിപി വളർച്ച 2019-20, 2020-21 വർഷങ്ങളിൽ നെഗറ്റീവായിരുന്നു. എന്നാൽ, 2022-23ൽ വളർച്ചനിരക്ക് പോസിറ്റിവ് 7.81 ശതമാനമായി കുതിച്ചുയർന്നു. നടപ്പുവർഷം (2025-26) വളർച്ച 9.5 ശതമാനമെങ്കിലും ആയിരിക്കുമെന്ന് പ്രതീക്ഷിച്ചിരിക്കെയാണ് മേഖലയെ വീണ്ടും അസ്വസ്ഥതയിലാക്കിയുള്ള ഭീകരാക്രമണം.

Pahalgam
Pahalgam

സമീപകാലത്തായി വ്യാവസായിക രംഗത്തും മികച്ച നിക്ഷേപസാധ്യതകൾ ജമ്മു കശ്മീരിൽ തുറന്നിരുന്നു. കഴിഞ്ഞവർഷം ഡിസംബർ വരെയുള്ള കണക്കുപ്രകാരം 1.63 ലക്ഷം കോടി രൂപയുടെ നിക്ഷേപ പദ്ധതികൾ ജമ്മു കശ്മീർ ആകർഷിച്ചിരുന്നു എന്ന് ഇക്കണോമിക് സർവേ വ്യക്തമാക്കിയിരുന്നു. നേരിട്ട് 6 ലക്ഷത്തോളം പേർക്ക് തൊഴിലും അനുമാനിക്കുന്നു.

ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്: manoramaonline.com/business

(Disclaimer: ഈ ലേഖനം ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായവ വാങ്ങാനോ വില്‍ക്കാനോ ഉള്ള നിര്‍ദേശമോ ഉപദേശമോ അല്ല. ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായ നിക്ഷേപങ്ങൾ വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്. നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള്‍ സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്‍റെ ഉപദേശം തേടുകയോ ചെയ്യുക)

English Summary:

Pahalgam Attack: J&K Bank Shares Dip, Tourism and GDP Growth Hit

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com