യുഎസിലെ കൈക്കൂലിക്കേസിൽ അന്വേഷണ റിപ്പോർട്ടുമായി അദാനി; നാലാംപാദത്തിൽ ലാഭക്കുതിപ്പ്, ചാഞ്ചാടി ഓഹരി

Mail This Article
വൈദ്യുതി വിതരണ കരാറുകൾ ലഭിക്കാൻ ഇന്ത്യയിൽ വിവിധ സംസ്ഥാനങ്ങളിലെ സർക്കാർ ഉദ്യോഗസ്ഥർക്ക് കൈക്കൂലി നൽകിയെന്ന യുഎസ് നികുതി വകുപ്പിന്റെയും ഓഹരി വിപണിയുടെ നിയന്ത്രണ ഏജൻസിയായ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് കമ്മിഷന്റെയും (എസ്ഇസി) ആരോപണം ശരിയല്ലെന്ന് സ്വതന്ത്ര അന്വേഷണത്തിൽ കണ്ടെത്തിയെന്ന് അദാനി ഗ്രീൻ എനർജി. കഴിഞ്ഞ നവംബറിലാണ് അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി, എകിസ്ക്യുട്ടീവ് ഡയറക്ടറും ഗൗതം അദാനിയുടെ അനന്തരവനുമായ സാഗർ അദാനി, അദാനി ഗ്രീൻ മാനേജിങ് ഡയറക്ടർ വിനീത് എസ്. ജെയിൻ എന്നിവർക്കെതിരെ യുഎസ് കൈക്കൂലിക്കുറ്റം ചുമത്തിയത്.

ആരോപണം തുടക്കത്തിലേ തന്നെ അടിസ്ഥാനരഹിതമെന്ന് ചൂണ്ടിക്കാട്ടി അദാനി ഗ്രൂപ്പ് നിഷേധിച്ചിരുന്നു. കൂടാതെ, ആരോപണത്തിന്റെ നിജസ്ഥിതി അന്വേഷിക്കാനായി കഴിഞ്ഞ ജനുവരിയിൽ കമ്പനി സ്വതന്ത്ര നിയമസ്ഥാപനങ്ങളെ ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു. ഈ അന്വേഷണത്തിലാണ്, അദാനി ഗ്രൂപ്പിന്റെ ഇടപാടുകളിൽ ക്രമക്കേടുകളോ ചട്ടവിരുദ്ധ നീക്കങ്ങളോ ഇല്ലെന്ന് കണ്ടെത്തിയതെന്ന് കമ്പനി വ്യക്തമാക്കി. പൂർണമായും നികുതി വിധേയമായാണ് കമ്പനിയുടെ പ്രവർത്തനമെന്നും അദാനി ഗ്രീൻ വ്യക്തമാക്കിയിട്ടുണ്ട്. വിനീത് ജെയിനിന് മാനേജിങ് ഡയറക്ടർ സ്ഥാനത്ത് പുനർനിയമനവും അദാനി ഗ്രീൻ നൽകി. 5 വർഷത്തേക്കാണിത്.

ലാഭത്തിൽ വൻ വർധന
അദാനി ഗ്രീൻ എനർജി ഇക്കഴിഞ്ഞ സാമ്പത്തിക വർഷത്തെ (2024-25) അവസാനപാദമായ ജനുവരി-മാർച്ചിൽ 25.54 ശതമാനം വർധനയോടെ 383 കോടി രൂപയുടെ സംയോജിത ലാഭം രേഖപ്പെടുത്തി. ഒരുവർഷം മുമ്പത്തെ സമാനപാദ ലാഭം 310 കോടി രൂപയായിരുന്നു. മൊത്തം വരുമാനം 2,841 കോടി രൂപയിൽ നിന്നുയർന്ന് 3,278 കോടി രൂപയായി. കഴിഞ്ഞവർഷത്തെ ആകെ സംയോജിത ലാഭം 1,260 കോടി രൂപയിൽ നിന്ന് മെച്ചപ്പെട്ട് 2,001 കോടി രൂപയിലെത്തി. സംയോജിത മൊത്ത വരുമാനം 10,521 കോടി രൂപയിൽ നിന്ന് 12,422 കോടി രൂപയുമായി.
ഓഹരിക്ക് ചാഞ്ചാട്ടം
അദാനി ഗ്രീൻ എനർജി ഓഹരി ഇന്നു വ്യാപാരം ചെയ്യുന്നത് ചാഞ്ചാട്ടത്തിലാണ്. യുഎസ് ഉന്നയിച്ച ആരോപണം അടിസ്ഥാനരഹിതമെന്ന് സ്വതന്ത്ര അന്വേഷണത്തിൽ വ്യക്തമാവുകയും മികച്ച നാലാംപാദ പ്രവർത്തനഫലം പുറത്തുവിടുകയും ചെയ്ത പശ്ചാത്തലത്തിൽ ഓഹരി ഇന്നു വ്യാപാരത്തുടക്കത്തിൽ നേട്ടം കൈവരിച്ചിരുന്നു. 941 രൂപയിൽ നിന്ന് വ്യാപാരം തുടങ്ങിയ ഓഹരി, ഒരുവേള 961 രൂപവരെ എത്തി. നിലവിൽ വ്യാപാരം നടക്കുന്നത് 1.13% താഴ്ന്ന് 930.35 രൂപയിൽ.
(Disclaimer: ഈ ലേഖനം ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായവ വാങ്ങാനോ വില്‍ക്കാനോ ഉള്ള നിര്‍ദേശമോ ഉപദേശമോ അല്ല. ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായ നിക്ഷേപങ്ങൾ വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്. നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള്‍ സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്‍റെ ഉപദേശം തേടുകയോ ചെയ്യുക)