കുതിച്ചുയർന്ന് കൊച്ചിൻ ഷിപ്പ്‍യാർഡ് ഓഹരി; വിപണിമൂല്യം 43,000 കോടിക്ക് മുകളിൽ, പ്രതിരോധ ഓഹരികളിൽ വൻ മുന്നേറ്റം

Mail This Article
ഏറെക്കാലത്തെ ഇടവേളയ്ക്കുശേഷം കൊച്ചിൻ ഷിപ്പ്‍യാർഡ് ഓഹരി വീണ്ടും കുതിപ്പിന്റെ പാതയിൽ. ഇന്നലെ 6.10 ശതമാനം നേട്ടമുണ്ടാക്കിയ ഓഹരിവില, ഇന്നു വ്യാപാരം ചെയ്യുന്നത് 10.05% ഉയർന്ന് 1,653 രൂപയിൽ. ഇന്നലെ വ്യാപാരാന്ത്യത്തിൽ വില 1,502 രൂപയായിരുന്നു. ഇന്നൊരു ഘട്ടത്തിൽ 1,668.20 രൂപ വരെയും എത്തിയിരുന്നു. ഉച്ചയ്ക്കത്തെ വ്യാപാര സെഷനിലേക്ക് കടക്കുമ്പോഴേക്കും കമ്പനിയുടെ വിപണിമൂല്യം 43,487 കോടി രൂപയുമായിട്ടുണ്ട്.
2024 ജൂലൈ എട്ടിന് കുറിച്ച 2,979.45 രൂപയാണ് കൊച്ചിൻ ഷിപ്പ്‍യാർഡ് ഓഹരികളുടെ റെക്കോർഡ് ഉയരം. അന്നു വിപണിമൂല്യം 70,000 കോടി രൂപയ്ക്കും മുകളിലായിരുന്നു. പിന്നീടുപക്ഷേ, ലാഭമെടുപ്പ് തകൃതിയായതോടെ ഓഹരിവിലയും വിപണിമൂല്യവും താഴുകയായിരുന്നു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 11 ശതമാനത്തിലധികവും ഒരുമാസത്തിനിടെ 17 ശതമാനത്തിലധികവും നേട്ടം കമ്പനിയുടെ ഓഹരികൾ രേഖപ്പെടുത്തിയിട്ടുണ്ട്.
കുതിപ്പിന്റെ കാരണങ്ങൾ
കേന്ദ്ര സർക്കാർ ബജറ്റിൽ പ്രഖ്യാപിച്ച 25,000 കോടി രൂപയുടെ മാരിടൈം ഡെവലപ്മെന്റ് ഫണ്ടിന് എക്സ്പെൻഡിച്ചർ ഫിനാൻസ് കമ്മിറ്റി (ഇഎഫ്സി) പച്ചക്കൊടി വീശിയിട്ടുണ്ട്. കപ്പൽശാലയുടെ ഉപസ്ഥാപനമായ ഉഡുപ്പി കൊച്ചിൻ ഷിപ്പ്‍യാർഡ് കഴിഞ്ഞദിവസം നോർവേ കമ്പനിയായ വിൽസൺ ഷിപ്പ് മാനേജ്മെന്റിന് കരാർ പ്രകാരമുള്ള ആദ്യ വെസ്സൽ കൈമാറിയതും ഓഹരിക്ക് ആവേശം പകർന്നു.
ഭീകരാക്രമണം, അതിർത്തി പ്രശ്നങ്ങൾ എന്നിവയുടെ പശ്ചാത്തലത്തിൽ പ്രതിരോധശക്തി കൂടുതൽ ശക്തമാക്കാനുള്ള കേന്ദ്രസർക്കാരിന്റെ നീക്കവും പ്രതിരോധ രംഗത്തെ ഓഹരികൾക്ക് നേട്ടമാവുകയാണ്. കൊച്ചിന്‍ ഷിപ്പ്‍യാർഡ് ഓഹരിക്ക് പുറമെ പരസ് ഡിഫൻസ്, ഹിന്ദുസ്ഥാൻ ഏയറോനോട്ടിക്സ് ലിമിറ്റഡ്, ഭാരത് ഇലക്ട്രോണിക്സ് (ബെൽ), ഭാരത് ഡൈനാമിക്സ് ലിമിറ്റഡ് (ബിഡിഎൽ), ഷിപ്പിങ് ഓഹരികളായ ഗാർഡൻ റീച്ച്, മാസഗോൺ ഡോക്ക് എന്നിവയുടെയും ഓഹരികൾ ഇന്ന് 2-14% ഉയർന്നു. മാസഗോൺ 9% കുതിച്ചപ്പോൾ ഗാർഡൻ റീച്ച് മുന്നേറിയത് 14 ശതമാനം.
(Disclaimer: ഈ ലേഖനം ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായവ വാങ്ങാനോ വില്‍ക്കാനോ ഉള്ള നിര്‍ദേശമോ ഉപദേശമോ അല്ല. ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായ നിക്ഷേപങ്ങൾ വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്. നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള്‍ സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്‍റെ ഉപദേശം തേടുകയോ ചെയ്യുക)