14-ാം നാളിലും തരിപ്പണമായി ജെൻസോൾ ഓഹരി; വിപണിമൂല്യത്തിൽ ഇടിഞ്ഞത് 55%

Mail This Article
വായ്പാ ക്രമക്കേടും ഓഹരിവിലയിൽ തിരിമറിയും കണ്ടെത്തിയതിനെ തുടർന്ന് പ്രൊമോട്ടർമാർ സെബിയുടെ വിലക്കും ഇഡിയുടെ അന്വേഷണവും നേരിടുന്ന ജെൻസോൾ എൻജിനിയറിങ്ങിന്റെ (Gensol Engineering) ഓഹരിവില തുടർച്ചയായ 14-ാം ദിവസവും തകർന്നടിഞ്ഞു. ഇന്നും 5% കൂപ്പുകുത്തിയ ഓഹരി 81.36 രൂപയിലാണ് വ്യാപാരം ചെയ്യുന്നത്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 22 ശതമാനവും ഒരുമാസത്തിനിടെ 55 ശതമാനവുമാണ് ഓഹരിയുടെ നഷ്ടം. ഒരുവർഷത്തെ വീഴ്ച 90 ശതമാനം.
1,124 രൂപയായിരുന്ന ഓഹരിവിലയാണ് ഇക്കാലയളവിൽ 81 രൂപയിലേക്ക് നിലംപൊത്തിയത്. വിപണിമൂല്യത്തിൽ ഈ മാസം ഇതുവരെ കൊഴിഞ്ഞുപോയത് 55 ശതമാനം. നിലവിൽ മൂല്യം വെറും 309 കോടി രൂപ.
കമ്പനിയുടെ ഗുഡ്ഗാവിലെയും അഹമ്മദാബാദിലെയും ഓഫിസുകളിൽ ഇഡി (എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്) റെയ്ഡ് നടത്തുന്ന പശ്ചാത്തലത്തിലാണ് ഇപ്പോൾ ഓഹരിത്തകർച്ച. നിരവധി രേഖകളും ഇലക്ട്രോണിക്സ് ഉപകരണങ്ങളും ഇഡി പിടിച്ചെടുത്തിട്ടുണ്ട്. ജെൻസോളിന്റെ ഉപസ്ഥാപനമായ ബ്ലൂസ്മാർട്ടിന്റെ 95 ഇലക്ട്രിക് വാഹനങ്ങൾ റിസീവറുടെ നിയന്ത്രണത്തിലേക്ക് മാറ്റാൻ ഇതിനിടെ ഡൽഹി ഹൈക്കോടതിയും ഉത്തരവിട്ടു.
എന്തുകൊണ്ടാണ് നിക്ഷേപകർ ഓരോ ദിവസവും ജെൻസോൾ ഓഹരി വിറ്റൊഴിഞ്ഞ് പിന്മാറുന്നത്? എന്താണ് ആരോപണവും നടപടിയും? വിശദാംശങ്ങൾ ഇവിടെ ക്ലിക്ക് ചെയ്തു വായിക്കാം.
(Disclaimer: ഈ ലേഖനം ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായവ വാങ്ങാനോ വില്‍ക്കാനോ ഉള്ള നിര്‍ദേശമോ ഉപദേശമോ അല്ല. ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായ നിക്ഷേപങ്ങൾ വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്. നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള്‍ സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്‍റെ ഉപദേശം തേടുകയോ ചെയ്യുക)