ADVERTISEMENT

ലോകത്തിലെ അറിയപ്പെടുന്ന നിക്ഷേപകൻ ആണെങ്കിലും ഇന്ത്യൻ ഓഹരി വിപണിയിൽ നിക്ഷേപിക്കാൻ വാറൻ ബഫറ്റിന് അത്ര താല്പര്യം പോരാ. ആഴത്തിലുള്ള ഉൾക്കാഴ്ചകളും ധാരണയുമുള്ള ഓഹരി വിപണികളിൽ നിക്ഷേപിക്കാൻ ബഫറ്റ്‌ എപ്പോഴും ശ്രദ്ധിച്ചിരുന്നു. ഇന്ത്യൻ ഓഹരി വിപണിയെ കുറിച്ച്‌ അദ്ദേഹത്തിന് നല്ല ധാരണ ഇല്ല എന്ന ഒരു അഭിപ്രായം പൊതുവെ ഉണ്ട്. അതാണ്  ഇന്ത്യൻ ഓഹരി വിപണിയിൽ നിക്ഷേപിക്കാത്തതിന് കാരണം. പേ ടി എം നിക്ഷേപത്തിൽ കൈപൊള്ളിയതും ഈ ഒരു കാരണം കൊണ്ടാണ് എന്ന വിശകലനങ്ങളുണ്ട്. വിദേശ നിക്ഷേപകർക്ക് വെല്ലുവിളി ഉയർത്തുന്ന സങ്കീർണമായ നിയന്ത്രണ ചട്ടക്കൂടാണ് ഇന്ത്യൻ വിപണിയിലുള്ളത്.

ഇത് കൂടാതെ ഇന്ത്യൻ ഓഹരികളുടെ അമിത വിലയും ഇവിടുത്ത സാമ്പത്തിക സാഹചര്യങ്ങൾ കൃത്യമായി മനസിലാക്കാൻ ബുദ്ധിമുട്ടുള്ളതും ബഫറ്റിനെ ഇന്ത്യൻ കമ്പനികളിൽ നിന്നും അകറ്റി നിർത്തിയ കാര്യമാണ്.

2018 ഓഗസ്റ്റിൽ വാറൻ ബഫറ്റിന്റെ ബെർക്ക്‌ഷെയർ ഹാത്തവേ പേടിഎമ്മിൽ 30 കോടി ഡോളർ നിക്ഷേപിച്ചു. ഇന്ത്യയിലെ ബഫറ്റിന്റെ ആദ്യത്തെ നേരിട്ടുള്ള ഓഹരി നിക്ഷേപം  ആയിരുന്നു അത്. ഇന്ത്യയിലെ ഏറ്റവും വലിയ ഫിൻടെക് കമ്പനിയായ പേ ടി എമ്മിൽ വാറൻ ബഫറ്റ് നിക്ഷേപിച്ചതിനാൽ അന്ന് അത് വളരെയധികം ശ്രദ്ധ നേടിയിരുന്നു.എന്നാൽ ഇതൊരു നഷ്ട കച്ചവടമായി മാറി.  വാറൻ ബഫറ്റിന്റെ ബെർക്ക്‌ഷെയർ ഹാത്തവേ, പേടിഎമ്മിന്റെ മാതൃ കമ്പനിയായ വൺ97 കമ്മ്യൂണിക്കേഷൻസിലെ നിക്ഷേപത്തിൽ ഏകദേശം 630 കോടി രൂപ (ഏകദേശം 75 മില്യൺ ഡോളർ) നഷ്ടം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ബെർക്ക്‌ഷെയർ ഹാത്തവേ കമ്പനിയുടെ 2.46% ഓഹരികൾ മുഴുവനും വിറ്റിരുന്നു.

market-3-

ഇതിനു മുൻപ് 2011-ൽ, വാറൻ ബഫറ്റിന്റെ ബെർക്ക്‌ഷെയർ ഹാത്തവേ  ബജാജ് അലയൻസ് ജനറൽ ഇൻഷുറൻസിന്റെ (BAGI) കോർപ്പറേറ്റ് ഏജന്റായി ഇന്ത്യൻ ഇൻഷുറൻസ് വിപണിയിൽ പ്രവേശിച്ചു. ബജാജ് അലയൻസിൽ ബെർക്ക്‌ഷെയർ നേരിട്ട് നിക്ഷേപിച്ചില്ലെങ്കിലും ഇന്ത്യൻ വിപണിയിലേക്കുള്ള ബെർക്ക്‌ഷെയറിന്റെ ആദ്യ കടന്നുകയറ്റമായിരുന്നു ഈ കരാർ. പക്ഷെ ഈ രണ്ട് പ്രാവശ്യവും വാറൻ ബഫറ്റിന് ഇന്ത്യൻ വിപണിയിൽ നിന്ന് പൊള്ളലേറ്റ് പിന്മാറേണ്ടി വന്നു.ഇന്ത്യ ബഫറ്റിന്റെ നിക്ഷേപ ശൈലിയോട് ചേർന്നു പോകുന്ന വിപണി അല്ലെന്ന് തെളിയിച്ച കാര്യങ്ങളായി മാറി ഇത്.

ഗ്രെഗ് ഏബേൽ ശൈലി മാറ്റുമോ?

വാറൻ ബഫറ്റ്‌ പടിയിറങ്ങുമ്പോൾ, ബെർക്ക്‌ഷെയർ ഹാത്തവേയുടെ അടുത്ത സിഇഒ ആയി നിയമിക്കപ്പെട്ട ആളാണ്  കനേഡിയൻ വംശജനായ ഗ്രെഗ് ഏബെൽ. 2018 മുതൽ ഏബെൽ ബെർക്ക്‌ഷെയറിന്റെ ഡയറക്ടർ ബോർഡിന്റെ ഭാഗമാണ്. അദ്ദേഹം നിലവിൽ ബെർക്ക്‌ഷെയർ ഹാത്ത്‌വേ എനർജിയുടെ ചെയർമാനും ചീഫ് എക്‌സിക്യൂട്ടീവും  ഇൻഷുറൻസ് ഇതര പ്രവർത്തനങ്ങളുടെ വൈസ് ചെയർമാനുമാണ്. കഴിഞ്ഞ ദശകങ്ങളിൽ ബഫറ്റ് നടത്തുന്ന ഇടപാടുകൾക്ക് വിരുദ്ധമായി, ബെർക്ക്‌ഷെയറിന്റെ നിലവിലുള്ള ബിസിനസുകളിൽ നിന്ന് മികച്ച വരുമാനം നേടുക എന്നതായിരിക്കും കമ്പനിയുടെ അടുത്ത ചീഫ് എക്‌സിക്യൂട്ടീവ് എന്ന നിലയിൽ ഏബലിന്റെ മുൻഗണനയെന്ന് നിരീക്ഷകർ പറഞ്ഞു.

market1

ഈ വർഷം ആദ്യം മുതൽ വാറൻ ബഫറ്റ് ഓഹരികൾ വിറ്റ് കോടികണക്കിന് ഡോളറാണ് നിക്ഷേപിക്കാൻ തയ്യാറാക്കി വച്ചിരിക്കുന്നത്. ഏകദേശം 35,000 കോടി യുഎസ് ഡോളറിന്റെ സമ്പത്ത് എന്തുചെയ്യണം തുടങ്ങി നിരവധി ബുദ്ധിമുട്ടുള്ള കാര്യങ്ങളാണ് പുതിയ സിഇഒയെ കാത്തിരിക്കുന്നത്. വാറൻ ബഫറ്റിനെ പോലുള്ള ഒരു  ദീർഘദർശിയായ നിക്ഷേപകന്റെ ശൈലി ആയിരിക്കില്ല ഏബേലിന്റേത്  എന്ന് കരുതുന്നവരും അനവധിയാണ്. നിലവിലെ നിക്ഷേപകരുടെ ആത്മവിശ്വാസത്തെ കൂട്ടുന്ന പ്രവർത്തനങ്ങൾക്കായിരിക്കും അദ്ദേഹം മുൻ‌തൂക്കം കൊടുക്കുക എന്നും ചർച്ചകളുണ്ട്. എന്നാൽ അസ്ഥിരതയുടെ ഈ കാലഘട്ടത്തിൽ ഇത് വളരെ ബുദ്ധിമുട്ടേറിയ കാര്യമായിരിക്കും എന്നും നിക്ഷേപകർ ആശങ്കപ്പെടുന്നു. ബഫറ്റിന് പകരം ബഫറ്റ്‌ മാത്രമാണെങ്കിലും ഏബെലിന്റെ കഠിനാധ്വാനവും തന്ത്രപരമായ ചിന്തകളും നേതൃത്വ പാടവവും ബെർക്ക്‌ഷെയർ ഹാത്തവേയുടെ തനതായ സംസ്കാരവും ദീർഘകാല വിജയവും സംരക്ഷിക്കുമെന്ന അഭിപ്രായമാണ് വിശകലന വിദഗ്ധർക്കും ഉള്ളത്.

ആത്മവിശ്വാസമേറുമോ

വാറൻ ബഫറ്റ് തന്റെ വിരമിക്കൽ പ്രഖ്യാപിച്ച ബെർക്ക്‌ഷെയർ ഹാത്ത്‌വേയുടെ വാർഷിക പൊതുയോഗത്തിൽ, യുവ നിക്ഷേപകരോട് സുഹൃത്തുക്കളെ  വിവേകപൂർവ്വം തിരഞ്ഞെടുക്കാനും ഇഷ്ടപ്പെടുന്ന ജോലിയിൽ തുടരാനും ഉപദേശിച്ചു.  പ്രചോദനാത്മകമായ ആളുകളുടെ കൂടെ ജോലി ചെയ്യുന്നതിന്റെ ശക്തിയെ അദ്ദേഹം ഊന്നിപ്പറയുകയും മൂല്യങ്ങളിൽ വിട്ടുവീഴ്ച ചെയ്യുന്നതിനെതിരെ മുന്നറിയിപ്പ് നൽകുകയും ചെയ്തു. സന്തോഷത്തെ ദീർഘായുസുമായി ബന്ധിപ്പിച്ച ബഫറ്റ് തന്റെ സ്വന്തം കരിയറിൽ നിന്നുള്ള വ്യക്തിപരമായ ഉൾക്കാഴ്ചകൾ പങ്കുവച്ചു. ശമ്പളത്തേക്കാൾ,തങ്ങളുടെ  ലക്ഷ്യം മുന്നിൽ കണ്ട് അധ്വാനിക്കാൻ  യുവാക്കളെ പ്രോത്സാഹിപ്പിച്ചു,

വ്യക്തിപരമായ സംതൃപ്തിയും സാമൂഹിക നന്മയും കൈവരിക്കുന്നതിന് ഉപയോഗപ്പെടുത്താവുന്ന ശക്തമായ ഒരു ഉപകരണമായിട്ടാണ് വാറൻ ബഫറ്റ് സമ്പത്തിനെ കാണുന്നത്. സ്വന്തം നേട്ടത്തിനായി പണത്തെ പിന്തുടരുന്ന പലരിൽ നിന്നും വ്യത്യസ്തമായി, സമ്പത്ത് സമ്പാദിക്കുന്നത് ജീവിതം മെച്ചപ്പെടുത്തുന്നതിനും അർത്ഥവത്തായ കാര്യങ്ങൾക്ക് പിന്തുണ നൽകുന്നത് പോലുള്ള വലിയ ലക്ഷ്യങ്ങൾക്ക് സഹായകമാകുമെന്ന് ബഫറ്റ് വിശ്വസിക്കുന്നു. സമ്പത്ത് ശേഖരിക്കുന്നതും അവ ഫലപ്രദമായി ഉപയോഗിക്കുന്നതും തമ്മിൽ വ്യത്യാസമുണ്ടെന്ന് അദ്ദേഹം പറയുന്നു. യഥാർത്ഥ വിജയം ഒരാൾ അവരുടെ സാമ്പത്തിക വിഭവങ്ങൾ എങ്ങനെ ഉപയോഗിക്കുന്നു എന്നതിലാണ് എന്ന് ഊന്നിപ്പറയുന്നു. ഈ കാഴ്ചപ്പാട് ആണ് അദ്ദേഹത്തിന്റെ നിക്ഷേപ തീരുമാനങ്ങളെയും ജീവകാരുണ്യ ശ്രമങ്ങളെയും നയിക്കുന്നത്. തന്റെ സമ്പത്ത് ക്ഷണികമായ ആനന്ദങ്ങൾക്ക് പകരം നിലനിൽക്കുന്ന നേട്ടങ്ങൾക്ക് സംഭാവന ചെയ്യുന്നുവെന്ന് ഉറപ്പാക്കാനും വാറൻ ബഫറ്റ്‌ ശ്രദ്ധിച്ചിരുന്നു.

English Summary:

This article analyzes Warren Buffett's unsuccessful investments in India, including the Paytm loss, and explores whether incoming CEO Greg Abel will alter Berkshire Hathaway's investment approach to regain investor confidence. It also examines Buffett's retirement advice and views on wealth and happiness.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com