ഓപറേഷന്‍ സിന്ദൂറും കാര്‍ഗിലും ഓഹരി വിപണിയും, നിക്ഷേപകർ ആശങ്കപ്പെടണോ? - Operation Sindoor

Mail This Article
ഓപറേഷന്‍ സിന്ദൂര്‍ ഓഹരി വിപണിയില്‍ എന്തെല്ലാം ചലനമാവും സൃഷ്ടിക്കുക? ഇടപാടുകാരും ബ്രോക്കര്‍മാരും ഇതേക്കുറിച്ചുള്ള ചിന്തകളിലാണ്. രാവിലെ വ്യാപാരം ആരംഭിച്ചതു മുതല്‍ വിപണി മങ്ങിയ പ്രകടനമാണു കാഴ്ചവച്ചതെങ്കിലും ഇപ്പോൾ നേട്ടത്തിൽ എത്തി. രാവിലെ വിപണിലുണ്ടായ മങ്ങൽ മറികടന്ന് സെന്‍സെക്‌സ് 86 പോയിന്റ് ഉയർന്ന് 80706 ലും നിഫ്റ്റി 29 പോയിന്റ് നേട്ടത്തിൽ 24408 ലുമാണ് ഉച്ചകഴിഞ്ഞ് വ്യാപാരം തുടരുന്നത്. സംഘര്‍ഷനാളുകള്‍ ഓഹരി വിപണിയില്‍ കാര്യമായ പ്രതികൂല ചലനങ്ങള്‍ സൃഷ്ടിച്ചിട്ടില്ലെന്നതാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
മുന്‍ അനുഭവങ്ങളും വിപണിക്ക് ആശ്വാസം പകരുന്നതു തന്നെയാണ്. 1999-ലെ കാര്‍ഗില്‍ യുദ്ധവേളയില്‍ വിപണി തുടക്കത്തില്‍ താഴ്ചയിലായിരുന്നു എങ്കിലും പിന്നീട് 30 ശതമാനം വര്‍ധനവാണ് സെന്‍സെക്‌സ് ആ കാലയളവില്‍ നേടിയത്. സെന്‍സെക്‌സ് 3378 പോയിന്റില്‍ നിന്ന് 4687 ആയാണ് ഉയര്‍ന്നത്. നിഫ്റ്റി 34 ശതമാനം മുന്നേറി.

2001-ലെ പാര്‍ലമെന്റ് ആക്രമണ വേളയില്‍ പാക്കിസ്ഥാനുമായുള്ള സംഘര്‍ഷം കൊടുമ്പിരിക്കൊണ്ടപ്പോഴും വിപണി അതിനോടു പ്രതികരിച്ചില്ല. സെന്‍സെക്‌സില്‍ രണ്ടു ശതമാനം ഇടിവു മാത്രമാണുണ്ടായത്. 2016 ഉറി ആക്രമ വേളയിലും വിപണി പ്രതികരണം വളരെ തണുത്ത മട്ടിലായിരുന്നു. അത്തവണയും രണ്ടു ശതമാനം മാത്രമാണ് ഇടിവു നേരിട്ടത്. 2019ൽ ഫുല്‍വാമ-ബാലക്കോട്ട് വ്യോമാക്രമണ വേളയില്‍ വിപണിയിലുണ്ടായത് 1.8 ശതമാനം ഇടിവായിരുന്നു. പഹല്‍ഗാമില്‍ ഭീകരാക്രമണമുണ്ടായ ദിവസം നിഫ്റ്റി 22800 വരെയാണ് താഴ്ന്നത്.
സംഘര്‍ഷ വേളകളില്‍ ഇന്ത്യന്‍ വിപണിയുടെ പൊതുവേയുള്ള പ്രകടനത്തില്‍ നിന്നു വ്യത്യസ്തമല്ല ഇന്നത്തേതും എന്നാണ് കാണാനാവുന്നത്. അതേ സമയം സിന്ദൂര്‍ ഓപറേഷനെ തുടര്‍ന്ന് കറാച്ചി സ്റ്റോക് എക്സ്ചേഞ്ച് ഇതുവരെ ആറു ശതമാനത്തിലേറെ തകര്‍ന്നതായാണ് റിപോര്‍ട്ടുകള്‍.
ജാഗ്രത കൈവിടരുത്
സ്ഥിതിഗതികള്‍ ഇങ്ങനെയാണെങ്കിലും നിക്ഷേപകര്‍ സംഘര്‍ഷ പശ്ചാത്തലത്തില്‍ ജാഗ്രതയോടെ നീങ്ങണമെന്ന് വിദഗ്ദ്ധര്‍ പറയുന്നു. യുദ്ധവുമായി നേരിട്ടു ബന്ധമുള്ള ഓഹരികളില്‍ ഉടനെ വാങ്ങലുകള്‍ വേണ്ടെന്ന് കൊച്ചിയിലെ ബഡ്ഡിങ് പോര്‍ട്ട്‌ഫോളിയോ വിദഗ്ദ്ധന്‍ അഭിലാഷ് പുറവന്‍തുരുത്തില്‍ മുന്നറിയിപ്പു നല്‍കുന്നു. പ്രതിരോധ കമ്പനികളുടെ ഫലങ്ങള്‍ മികച്ചതാണെങ്കിലും യുദ്ധവുമായി ബന്ധപ്പെട്ട ഓര്‍ഡറുകളും മറ്റും ഈ കമ്പനികളെ തേടി വരാനുള്ള സാധ്യതകള്‍ വിരളമാണെന്നതു തന്നെ പ്രധാന കാരണം. അതേ സമയം രണ്ടു വര്‍ഷമെങ്കിലും ദീര്‍ഘകാലയളവ് മുന്നില്‍ കണ്ടുള്ള നിക്ഷേപത്തിനായി തെരഞ്ഞെടുക്കാവുന്ന മേഖലയാണിതെന്നും അഭിലാഷ് വ്യക്തമാക്കി. ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സ് 41 പോയിന്റ് താഴ്ന്ന് 4466-ലും കൊച്ചില്‍ ഷിപ് യാര്‍ഡ് 21 പോയിന്റ് താഴ്ന്ന് 1461-ലുമാണ് ഇപ്പോള്‍ വ്യാപാരം നടക്കുന്നത്. മസഗോണ്‍ ഡോക് ഷിപ് ബില്‍ഡേഴ്‌സ് 164 പോയിന്റ് താഴ്ന്ന് 2808-ലാണ് വ്യാപാരം നടക്കുന്നത്.