ADVERTISEMENT

ഇന്ത്യ-പാക്കിസ്ഥാൻ സംഘർഷം കൂടുതൽ രൂക്ഷമാകുന്നതിനെ തുടർന്ന് ഇന്ത്യൻ ഓഹരി വിപണികളിലും കനത്ത വിറ്റൊഴിയൽ സമ്മർദം. കഴിഞ്ഞ രണ്ടുദിവസങ്ങളിലും വലിയ ആഘാതമില്ലാതെ പിടിച്ചുനിന്നെങ്കിലും ഇന്നലെ അവസാന സെഷനിൽ കഥ മാറി; സെൻസെക്സിലും നിഫ്റ്റിയിലും കരടികൾ നുഴഞ്ഞുകയറി.

സെൻസെക്സ് 412 പോയിന്റും നിഫ്റ്റി 140 പോയിന്റും വീണു. അതിന്റെ തുടർച്ചയെന്നോണം ഇന്ന് പ്രീ-ഓപ്പൺ സെഷനിൽ തന്നെ  സെൻസെക്സിൽ 1,300-5,000 പോയിന്റിന്റെ വീഴ്ച ദൃശ്യമായിരുന്നു. ഈ നഷ്ടം വൻതോതിൽ നിജപ്പെടുത്തി വ്യാപാരത്തിലേക്ക് കടക്കാൻ പിന്നീട് ഓഹരി സൂചികകൾക്ക് കഴിഞ്ഞെങ്കിലും നിലവിൽ (രാവിലെ 10.20) വ്യാപാരം നടക്കുന്നത് വൻ ഇടിവിൽ.

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

സെൻസെക്സ് 703 പോയിന്റ് (-0.88%) ഇടിഞ്ഞ് 79,631ലും നിഫ്റ്റി 215.90 പോയിന്റ് (-0.89%) താഴ്ന്ന് 24,05.90ലുമാണുള്ളത്. ഇന്നലെ 80,334ൽ വ്യാപാരം അവസാനിപ്പിച്ച സെൻസെക്സ് ഇന്ന് തുടങ്ങിയതുതന്നെ വലിയ പരുക്കോടെ 78,968ൽ. പിന്നീട് 80,032 വരെ ഉയർന്നെങ്കിലും വൈകാതെ വീണു. ടൈറ്റൻ (+3.95%), എൽ ആൻഡ് ടി (3.36%), ടാറ്റാ മോട്ടോഴ്സ് (+2.46%) എന്നിവ മാത്രമാണ് ഇന്ന് സെൻസെക്സിൽ ഇതിനകം പച്ചതൊട്ടത്.

വാഹന വിഭാഗത്തെ വേർപെടുത്തി, സ്വതന്ത്ര കമ്പനിയാക്കി ലിസ്റ്റ് ചെയ്യാനുള്ള നീക്കത്തിന് ഓഹരി ഉടമകൾ പച്ചക്കൊടി വീശിയതും  താരിഫ് പ്രതിസന്ധി അകലുന്നതും യുഎസും യുകെയും തമ്മിലെ വ്യാപാര ഡീലും ടാറ്റാ മോട്ടോഴ്സിന് കരുത്താണ്. സെൻസെക്സിൽ പവർഗ്രിഡ് (-2.37%), അൾട്രെടെക് (-2.19%), ഐസിഐസിഐ ബാങ്ക് (2.12%) എന്നിവയാണ് നഷ്ടത്തിൽ മുന്നിലുള്ളത്. 

Image: Shutterstock/AI
Image: Shutterstock/AI

ഇന്ന് 23,935ൽ വ്യാപാരം തുടങ്ങിയ നിഫ്റ്റി ഒരുവേള 24,164 വരെ ഉയർന്നിരുന്നു. നിഫ്റ്റി മിഡ്ക്യാപ്100 സൂചിക 1.07 ശതമാനവും സ്മോൾക്യാപ്100 സൂചിക 1.89 ശതമാനവും ഇടിഞ്ഞിട്ടുണ്ട്. വിശാല വിപണിയിൽ ഒട്ടുമിക്ക ഓഹരി വിഭാഗങ്ങളും കനത്ത നഷ്ടത്തിലായി. നിഫ്റ്റി പൊതുമേഖലാ ബാങ്ക് നിലവിൽ 0.09 ശതമാനവും കൺസ്യൂമർ ഡ്യൂറബിൾസ് 0.29 ശതമാനവും നേട്ടത്തിലുണ്ട്. 3.33% കൂപ്പുകുത്തിയ നിഫ്റ്റി റിയൽറ്റിയാണ് നഷ്ടത്തിൽ മുന്നിൽ. നിഫ്റ്റി ധനകാര്യ സേവനം 1.54%, എഫ്എംസിജി 1.44%, മീഡിയ 1.61%, മെറ്റൽ 1.06%, ഫാർമ 1.02%, സ്വകാര്യബാങ്ക് 1.24%, ഹെൽത്ത്കെയർ 0.97%, ഓയിൽ ആൻഡ് ഗ്യാസ് 1.21% എന്നിങ്ങനെയും വീണു.

ബാങ്ക് നിഫ്റ്റിയുള്ളത് 1.10% താഴ്ന്ന് 53,770ൽ. അതേസമയം, ‘കരടികൾക്ക് കൂടുതൽ ആവേശം സമ്മാനിച്ച്’ ഇന്ത്യ വിക്സ് സൂചിക ഒരുഘട്ടത്തിൽ 7.5 ശതമാനത്തിലധികം മുന്നേറി. ഇപ്പോഴുള്ളത് 5 ശതമാനം നേട്ടത്തിൽ. നിക്ഷേപകർക്കിടയിൽ ആശങ്കയുണ്ടെന്നും സൂചികൾ ചാഞ്ചാടിയേക്കാമെന്നും സൂചിപ്പിക്കുന്ന സൂചികയാണിത്. 

Image: Shutterstock/boonchoke
Image: Shutterstock/boonchoke

യുകെ-യുഎസ് വ്യാപാര ഡീൽ, യുഎസ്-ചൈന സമവായ ചർച്ച എന്നിവയുടെ പശ്ചാത്തലത്തിൽ ആഗോള ഓഹരി സൂചികകൾ സമ്മിശ്ര പ്രകടനമാണ് നടത്തിയത്. യുഎസ് ഓഹരി സൂചികകൾ ഉയർന്നെങ്കിലും അതു ഇന്ത്യൻ വിപണിയെ സ്വാധീനിച്ചില്ല. ഇന്ത്യ-പാക് സംഘർഷ പശ്ചാത്തലത്തിൽ രാവിലെ ഗിഫ്റ്റ് നിഫ്റ്റി 200 പോയിന്റിലധികം വീണപ്പോൾ തന്നെ സെൻസെക്സും നിഫ്റ്റിയും ഇന്ന് നഷ്ടത്തിലാണ് വ്യാപാരം ആരംഭിക്കുകയെന്ന് ഏറക്കുറെ ഉറപ്പായിരുന്നു.

ചോർന്നു 5.5 ലക്ഷം കോടി

ഇന്നലെ അവസാന സെഷനിലെ കനത്ത വിൽപനസമ്മർദം മൂലം ബിഎസ്ഇയിലെ കമ്പനികളുടെ സംയോജിത വിപണിമൂല്യം (നിക്ഷേപക സമ്പത്ത്) 5 ലക്ഷം കോടി രൂപ ഇടിഞ്ഞ് 418.50 ലക്ഷം കോടി രൂപയിലെത്തിയിരുന്നു. ഇന്ന് ഇതിനകം മൂല്യത്തകർച്ച 5.5 ലക്ഷം കോടിയിലധികമാണ്. മൂല്യം 412.92 ലക്ഷം കോടി രൂപയിലേക്ക് ഇടിഞ്ഞു.

പ്രതിരോധ ഓഹരികളിൽ മുന്നേറ്റം

ഇന്ത്യ-പാക്കിസ്ഥാൻ യുദ്ധസമാന സാഹചര്യം ഉടലെടുത്ത പശ്ചാത്തലത്തിൽ പ്രതിരോധ കമ്പനികൾ, ഡ്രോൺ നിർമാണക്കമ്പനികൾ എന്നിവയുടെ ഓഹരികൾ കുതിച്ചുകയറുകയാണ്. കേന്ദ്രസർക്കാരിൽ‌ നിന്ന് കൂടുതൽ ഓർഡറുകൾ ലഭിച്ചേക്കുമെന്ന വിലയിരുത്തലുകളാണ് കരുത്താവുന്നത്.

കൊച്ചി ഷിയാർഡിന്റെ പ്രധാന കവാടം
കൊച്ചി ഷിയാർഡിന്റെ പ്രധാന കവാടം

ഐഡിയ ഫോർജ് ടെക്നോളജീസിന്റെ ഓഹരിവില 16.28% കുതിച്ചാണ് വ്യാപാരം ചെയ്യുന്നത്. സെൻ ടെക്നോളജീസ് 5% ഉയർന്ന് അപ്പർ-സർക്യൂട്ടിലായി. ഭാരത് ഡൈനാമിക്സ് 5.65%, പരസ് ഡിഫൻസ് 4.98%, ഡേറ്റാ പാറ്റേൺസ് 3.29%, ഹിന്ദുസ്ഥാൻ ഏയറോനോട്ടിക്സ് 2.05% എന്നിങ്ങനെ ഉയർന്നു. ഭാരത് ഇലക്ട്രോണിക്സിന്റെ നേട്ടം 2.88%. കൊച്ചിൻ ഷിപ്പ്‍യാർഡ് 1.13 ശതമാനവും മാസഗോൺ ഡോക്ക് 1.79 ശതമാനവും നേട്ടത്തിൽ വ്യാപാരം ചെയ്യുന്നു. ഗാർഡൻറീച്ച് ഷിപ്ബിൽഡേഴ്സ് ഒരു ശതമാനവും നേട്ടത്തിലാണ്.

ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്: manoramaonline.com/business

(Disclaimer: ഈ ലേഖനം ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായവ വാങ്ങാനോ വില്‍ക്കാനോ ഉള്ള നിര്‍ദേശമോ ഉപദേശമോ അല്ല. ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായ നിക്ഷേപങ്ങൾ വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്. നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള്‍ സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്‍റെ ഉപദേശം തേടുകയോ ചെയ്യുക)

English Summary:

Selloff on D-St! Nifty falls below 24,000, Sensex sinks 700 points as India-Pakistan conflict escalates, India VIX surges, Defence stocks see huge buying trend.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com