ADVERTISEMENT

കേരളം ആസ്ഥാനമായ കേന്ദ്ര പൊതുമേഖലാ സ്ഥാപനവും രാജ്യത്തെ ഏറ്റവും വലിയ കപ്പൽ നിർമാണ, അറ്റകുറ്റപ്പണിശാലയുമായ കൊച്ചിൻ ഷിപ്പ്‍യാർഡിന്റെ (Cochin Shipyard) ഓഹരികൾ ഒരിടവേളയ്ക്കുശേഷം വീണ്ടും കുതിപ്പിന്റെ പാതയിൽ. ഇന്ന് മികച്ച നാലാംപാദ പ്രവർത്തനഫലം (Q4 Results) കൂടി പുറത്തുവിട്ടതോടെ ഓഹരിവില കൂടുതൽ മുന്നേറി. വ്യാപാരം അവസാന നിമിഷങ്ങളിലേക്ക് കടക്കുമ്പോൾ ഓഹരിയുള്ളത് 7.27% മുന്നേറി 1,823 രൂപയിൽ.

cochin-shipyard

കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 23 ശതമാനത്തിലധികവും മൂന്നുമാസത്തിനിടെ 44 ശതമാനത്തിലധികവുമാണ് കൊച്ചിൻ ഷിപ്പ്‍യാർഡിന്റെ ഓഹരി മുന്നേറിയത്. കഴിഞ്ഞ ദിവസങ്ങളിലെ മുന്നേറ്റം ഓപ്പറേഷൻ സിന്ദൂറിന്  (Operation Sindoor) ശേഷം പൊതുവേ പ്രതിരോധ ഓഹരികളിലുണ്ടായ (Defence Stocks) മികച്ച വാങ്ങൽ‌താൽപര്യത്തിന്റെ കരുത്തിലായിരുന്നെങ്കിൽ, ഇന്ന് പ്രവർത്തനഫലം കൂടി പുറത്തുവന്നത് കൊച്ചിൻ ഷിപ്പ്‍യാർഡിന്റെ ഓഹരികൾക്ക് ഇരട്ടിമധുരമായി.

ലാഭവും വരുമാനവും

മുൻവർഷത്തെ സമാനപാദത്തിലെ 258.88 കോടി രൂപയേക്കാൾ 11% വർധിച്ച് 287.18 കോടി രൂപയാണ് കഴിഞ്ഞപാദ ലാഭം (net profit). പ്രവർത്തനവരുമാനം (revenue from operations) 36.7% ഉയർന്ന് 1,757.65 കോടി രൂപയായി. കഴിഞ്ഞവർഷത്തെ നാലാംപാദത്തിൽ ഇത് 1,286.04 കോടി രൂപയായിരുന്നു. കപ്പൽ നിർമാണത്തിൽ (Ship building) നിന്നുള്ള വരുമാനം 985.15 കോടി രൂപയിൽ നിന്ന് 921.23 കോടി രൂപയായി കുറഞ്ഞു. എന്നാൽ, കപ്പൽ അറ്റകുറ്റപ്പണികളിൽ (Ship repair) നിന്നുള്ള വരുമാനം 300.89 കോടി രൂപയിൽ നിന്ന് 836.41 കോടി രൂപയായി ഉയർന്നു. 

**EDS: HANDOUT PHOTO MADE AVAILABLE FROM DEFENCE PRO** Kochi: Glimpses of commissioning of India’s first indigenous aircraft carrier INS Vikrant by Prime Minister Narendra Modi at Cochin Shipyard Limited in Kochi, Friday, Sept. 2, 2022. (PTI Photo)(PTI09_02_2022_000054B)
PTI Photo

ഏണിങ്സ് പെർ ഷെയർ (EPS) അഥവാ ഓരോ ഓഹരിക്കും അനുസൃതമായ ലാഭം 9.84 രൂപയിൽ നിന്ന് 10.92 രൂപയായി മെച്ചപ്പെട്ടതും നേട്ടമാണ്. മികച്ച പ്രവർത്തന ഫലത്തിന്റെ കരുത്തിൽ കഴിഞ്ഞവർഷത്തെ (2024-25) അന്തിമലാഭവിഹിതമായി ഓഹരിക്ക് 2.25 രൂപവീതം ബോർ‍ഡ് ഓഫ് ഡയറക്ടേഴ്സ് ശുപാർശ ചെയ്തിട്ടുണ്ട്. ഏകദേശം 22,500 കോടി രൂപയുടെ ഓർഡറുകളാണ് നിലവിൽ കൊച്ചിൻ ഷിപ്പ്‍യാർഡിന്റെ കൈവശമുള്ളത്.

കുതിച്ചും കിതച്ചും വീണ്ടും കുതിച്ചും...

കഴിഞ്ഞവർഷം ജൂലൈയിൽ റെക്കോർഡ്‌ 2,979.45 രൂപയായിരുന്ന കൊച്ചിൻ ഷിപ്പ്‍യാർഡിന്റെ ഓഹരി പിന്നീട് ലാഭമെടുപ്പ് ശക്തമായതിനെ തുടർന്ന് 1,180.20 രൂപയിലേക്ക് വീണിരുന്നു. തുടർന്ന് സമീപകാലത്താണ് ഓഹരിവില വീണ്ടും ഉണർവിലായത്. ഓഹരിവില റെക്കോർഡിലായിരുന്നപ്പോൾ വിപണിമൂല്യം 70,000 കോടി രൂപയ്ക്കും മുകളിലായിരുന്നത് പിന്നീട് 40,000 കോടി രൂപയ്ക്ക് താഴെയും എത്തിയിരുന്നു. നിലവിൽ മൂല്യം 47,960 കോടി രൂപയായി ഉയർന്നിട്ടുണ്ട്.

cochin-shipyard-gif

അതേസമയം, ഇന്ത്യയിലെ കപ്പൽ‌ നിർമാണ ഹബ് ആയി വളർത്തുകയെന്ന ലക്ഷ്യത്തോടെ കേന്ദ്രം ആസൂത്രണം ചെയ്യുന്ന വമ്പൻ പദ്ധതികളുടെ നേട്ടം കൊച്ചിൻ ഷിപ്പ്‍യാർഡിനും ലഭിച്ചേക്കുമെന്ന് റിപ്പോർ‌ട്ടുകളുണ്ട്. തമിഴ്നാട്, ഗുജറാത്ത്, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിലായി മെഗാ ഷിപ്പ് ബിൽഡിങ് ആൻഡ് റിപ്പയറിങ് കേന്ദ്രങ്ങളാണ് കേന്ദ്രം ആലോചിക്കുന്നത്. ഇതിൽ തമിഴ്നാട്ടിലെ തൂത്തുക്കുടിയിൽ 10,000 കോടി രൂപയോളം ചെലവിട്ട് നിർമിക്കാനുദ്ദേശിക്കുന്ന പദ്ധതിക്കായി ദക്ഷിണ കൊറിയയുടെ എച്ച്ഡി ഹ്യുണ്ടായിയും കൊച്ചിൻ ഷിപ്പ്‍യാർഡും കൈകോർത്തേക്കുമെന്ന് കഴിഞ്ഞദിവസം ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തിരുന്നു. ഇക്കാര്യം കേന്ദ്രസർക്കാരോ കൊച്ചിൻ ഷിപ്പ്‍യാർഡോ സ്ഥിരീകരിച്ചിട്ടില്ല. 

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ഷിപ്പിങ് നിർമാണ രംഗത്തെ വളർച്ച ഉന്നമിട്ട് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഈ മേഖലയിലെ വിവിധ കമ്പനികളുമായി ചർച്ചകൾ നടത്തുന്നുണ്ടെങ്കിലും നിലവിൽ തൽകാലം ഏതെങ്കിലും പദ്ധതി സംബന്ധിച്ച് അറിയിപ്പുകൾ നൽകാനാകുംവിധം തീരുമാനങ്ങളുണ്ടായിട്ടില്ലെന്ന് സ്റ്റോക്ക് എക്സ്ചേഞ്ചുകളെ കൊച്ചിൻ ഷിപ്പ്‍യാർഡ് അറിയിച്ചിട്ടുണ്ട്. ഇന്ന് ഓഹരി വിപണിയിൽ വ്യാപാരം പുരോഗമിക്കുമ്പോൾ തന്നെയാണ് ഉച്ചയോടെ കമ്പനി പ്രവർത്തനഫലം പുറത്തുവിട്ടത്.

മറ്റ് പ്രതിരോധ ഓഹരികളും മുന്നോട്ട്

പാക്കിസ്ഥാൻ, ചൈന എന്നിവയിൽ നിന്ന് അതിർത്തിയിൽ വെല്ലുവിളികൾ ഉയരുന്ന സാഹചര്യത്തിൽ കേന്ദ്രസർക്കാരിൽ നിന്ന് കൂടുതൽ ഓർഡറുകൾ ലഭിച്ചേക്കുമെന്ന പ്രതീക്ഷകളുമായി ഇന്നും ഈ രംഗത്തെ കമ്പനികളുടെ ഓഹരികൾ മുന്നേറ്റത്തിലാണ്. മാസഗോൺ ഡോക്ക് 3.06%, പരസ് ഡിഫൻസ് 3.07%, ഡേറ്റാ പാറ്റേൺസ് 3.05%, എച്ച്എഎൽ 2.03%, സെൻ ടെക്നോളജീസ് 5%, ഭാരത് ഡൈനാമിക്സ് 1.33%, ബെൽ 1.80%, ജിആർഎസ്ഇ 2.56% എന്നിങ്ങനെയാണ് വ്യാപാരത്തിന്റെ അവസാന മണിക്കൂറിൽ കുറിച്ച നേട്ടം.

ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്: manoramaonline.com/business

(Disclaimer: ഈ ലേഖനം ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട്/ക്രിപ്റ്റോകറൻസി മുതലായവ വാങ്ങാനോ വില്‍ക്കാനോ ഉള്ള നിര്‍ദേശമോ ഉപദേശമോ അല്ല. ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായ നിക്ഷേപങ്ങൾ വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്. നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള്‍ സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്‍റെ ഉപദേശം തേടുകയോ ചെയ്യുക)

English Summary:

Cochin Shipyard Q4 Results: Net profit and revenue rise.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com