മ്യൂച്വൽഫണ്ടിലെ ‘ഓഹരി’ നിക്ഷേപത്തിൽ കനത്ത ഇടിവ്; ആസ്തിമൂല്യം പുതിയ ഉയരത്തിൽ, എസ്ഐപിയും മുന്നോട്ട്

Mail This Article
കഴിഞ്ഞമാസം ഇക്വിറ്റി മ്യൂച്വൽഫണ്ടിലേക്കുള്ള (Equity Mutual Funds) നിക്ഷേപമൊഴുക്ക് 21.66% ഇടിഞ്ഞെന്ന് അസോസിയേഷൻ ഓഫ് മ്യൂച്വൽഫണ്ട്സ് ഇൻ ഇന്ത്യയുടെ (AMFI) റിപ്പോർട്ട്. ഏപ്രിലിലെ 24,269 കോടി രൂപയെ അപേക്ഷിച്ച് മേയിൽ 19,013.12 കോടി രൂപയായാണ് ഇടിഞ്ഞത്. കഴിഞ്ഞ 13 മാസത്തെ ഏറ്റവും കുറഞ്ഞ നിക്ഷേപമാണിത്. എങ്കിലും, മ്യൂച്വൽഫണ്ടുകൾ കൈകാര്യം ചെയ്യുന്ന മൊത്തം ആസ്തി (Mutual Fund AUM) 69.99 ലക്ഷം കോടി രൂപയിൽ നിന്ന് 72.20 ലക്ഷം കോടി രൂപയെന്ന റെക്കോർഡിലെത്തി.
എസ്ഐപി മുന്നോട്ട്
കഴിഞ്ഞമാസം മൊത്തം മ്യൂച്വൽഫണ്ടുകളിലേക്ക് എത്തിയ നിക്ഷേപം 29,108.33 കോടി രൂപയാണ്. അതേസമയം, മ്യൂച്വൽഫണ്ടുകളിൽ തവണവ്യവസ്ഥയിൽ നിക്ഷേപിക്കാവുന്ന സൗകര്യമായ സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാൻ (SIP) വഴിയുള്ള നിക്ഷേപം മേയിലും വർധിച്ചു. ഏപ്രിലിനെ അപേക്ഷിച്ച് 0.21% വളർച്ചയോടെ 26,688 കോടി രൂപയാണ് എത്തിയത്. ആഴ്ച, മാസം, ത്രൈമാസം, അർധവാർഷികം എന്നിങ്ങനെ 100 രൂപ മുതൽ മ്യൂച്വൽഫണ്ടിൽ എസ്ഐപി വഴി നിക്ഷേപിക്കാൻ കഴിയും. ആകെ എസ്ഐപി ആസ്തിമൂല്യം (SIP AUM) 13.90 ലക്ഷം കോടി രൂപയിൽ നിന്നുയർന്ന് 14.61 ലക്ഷം കോടി രൂപയിലുമെത്തി.

മ്യൂച്വൽഫണ്ടിലെ മൊത്തം ആസ്തിമൂല്യത്തിൽ എസ്ഐപികളുടെ വിഹിതം ഏപ്രിലിലെ 19.9 ശതമാനത്തിൽ നിന്ന് 20.24 ശതമാനമായും മെച്ചപ്പെട്ടു. മേയിൽ പുതുതായി 59 ലക്ഷം എസ്ഐപി അക്കൗണ്ടുകൾ തുറന്നു. അതേസമയം, നിലവിലുള്ള 43 ലക്ഷം അക്കൗണ്ടുകൾ ഒന്നുകിൽ വേണ്ടെന്ന് വയ്ക്കുകയോ കാലാവധി പൂർത്തിയാവുകയോ ചെയ്തിട്ടുമുണ്ട്. മേയിലെ കണക്കുപ്രകാരം ആകെ 9.06 കോടി എസ്ഐപി അക്കൗണ്ടുകളാണ് ഇന്ത്യയിലുള്ളത്.
ഇക്വിറ്റിയിലെ വീഴ്ച
കഴിഞ്ഞമാസം ഇക്വിറ്റി ഫണ്ടിലെ ലാര്‍ജ്-ക്യാപ് വിഭാഗം 53%, മിഡ്-ക്യാപ് 15%, സ്മോൾ-ക്യാപ് 20% എന്നിങ്ങനെ ഇടിവ് നേരിട്ടു. കടപ്പത്ര അധിഷ്ഠിത (ലിക്വിഡ് ഫണ്ട്സ്) ഏപ്രിലിൽ 1.18 ലക്ഷം കോടി രൂപയുടെ നിക്ഷേപം നേടിയിരുന്നു. എന്നാൽ, മേയിൽ നേരിട്ടത് 40,205 കോടി രൂപയുടെ നിക്ഷേപനഷ്ടം. ഓഹരിയിലും കടപ്പത്രങ്ങളിലും ഒരുപോലെ നിക്ഷേപിക്കുന്ന ഹൈബ്രിഡ് ഫണ്ടുകൾ 46% നിക്ഷേപ വളർച്ച കുറിച്ചു.

എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടുകളും (ETF) മേയിൽ നിരാശപ്പെടുത്തി. ഏപ്രിലിലെ 20,229 കോടി രൂപയിൽ നിന്ന് മേയിൽ നിക്ഷേപം വെറും 5,525 കോടി രൂപയായി കുറഞ്ഞു; ഇടിവ് 73%. ഗോൾഡ് ഇടിഎഫ് 291 കോടി രൂപ, ഇൻഡക്സ് ഫണ്ട്സ് 1,104 കോടി രൂപ, മറ്റ് ഇടിഎഫ് (Other ETF) 4,086 കോടി രൂപ എന്നിങ്ങനെയാണ് നേടിയത്.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്: manoramaonline.com/business
(Disclaimer: ഈ ലേഖനം ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട്/ക്രിപ്റ്റോകറൻസി മുതലായവ വാങ്ങാനോ വില്‍ക്കാനോ ഉള്ള നിര്‍ദേശമോ ഉപദേശമോ അല്ല. ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായ നിക്ഷേപങ്ങൾ വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്. നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള്‍ സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്റെ ഉപദേശം തേടുകയോ ചെയ്യുക)