തിരിച്ചുവരവിന്റെ രാജാവ്! 1,000 കോടി നഷ്ടത്തിൽ നിന്ന് ഒറ്റവർഷം കൊണ്ട് 9,000 കോടി ലാഭം, അനിൽ അംബാനി മാജിക്?

Mail This Article
തിരിച്ചുവരവ് എന്നുപറഞ്ഞാൽ അതു ദാ ഇതാണ്! സാക്ഷാൽ അനിൽ അംബാനിയുടേത് (Anil Ambani). കനത്ത നഷ്ടത്തിൽ ഒറ്റവർഷം കൊണ്ട് കുതിച്ചുകയറിയത് അമ്പരിപ്പിക്കുന്ന ലാഭത്തിലേക്ക്. അനിൽ അംബാനി നയിക്കുന്ന റിലയൻസ് പവറും (Reliance Power) റിലയൻസ് ഇൻഫ്രാസ്ട്രക്ചറുമാണ് (Reliance Infrastructure) ലാഭത്തിലേക്ക് വൻ മടങ്ങിവരവ് നടത്തി ശ്രദ്ധനേടിയത്. ഓഹരി നിക്ഷേപകർക്ക് ഈ രണ്ട് കമ്പനികളും ‘മൾട്ടിബാഗർ’ (Multibagger) നേട്ടം സമ്മാനിച്ചുവെന്ന പ്രത്യേകതയുമുണ്ട്.
റിലയൻസ് പവർ 2,242 കോടി രൂപയുടെ നഷ്ടമായിരുന്നു (net loss) 2023-24ൽ നേരിട്ടത്. 2024-25ൽ കമ്പനി കുതിച്ചുകയറിയത് 2,947 കോടി രൂപയുടെ ലാഭത്തിലേക്ക് (net profit). നിക്ഷേപകർക്ക് സമ്മാനിച്ച നേട്ടമാകട്ടെ (one-year return) 151 ശതമാനവും. റിലയൻസ് ഇൻഫ്രാസ്ട്രക്ചറിന്റെ പ്രകടനവും ഇതിനോട് കിടപിടിക്കും. 2023-24ൽ നഷ്ടം 1,148 കോടി. 2024-25ൽ ലാഭം 9,177 കോടി. നിക്ഷേപകർ സ്വന്തമാക്കിയ നേട്ടം 136 ശതമാനവും.

റിലയൻസ് പവറിന്റെ ഓഹരികൾ കഴിഞ്ഞ 3 മാസത്തിനിടെയും നിക്ഷേപകർക്ക് മൾട്ടിബാഗർ നേട്ടം നൽകിയിട്ടുണ്ട്. 100 ശതമാനത്തിനുമേൽ നേട്ടം ലാഭിക്കുമ്പോഴാണ് മൾട്ടിബാഗർ എന്ന് വിശേഷിപ്പിക്കുന്നത്. 3 മാസം മുമ്പ് 34 രൂപയായിരുന്ന റിലയൻസ് പവറിന്റെ ഓഹരിവില കുതിച്ചെത്തിയത് സമീപകാലത്ത് 76 രൂപയിലേക്കായിരുന്നു.

കമ്പനി പ്രതിനിധാനം ചെയ്യുന്ന മേഖലയുടെ ലാഭശരാശരിയേക്കാൾ ഉയർന്ന വാർഷികലാഭം സ്വന്തമാക്കിയതും ലാഭമാർജിനിലെ (net profit margin) മികച്ച വളർച്ചയും വരുമാന വളർച്ചയും കുറയുന്ന കടബാധ്യതയുമാണ് റിലയൻസ് പവറിന് നേട്ടമാകുന്നതെന്ന് ഇക്കണോമിക് ടൈംസിന്റെ ഒരു റിപ്പോർട്ട് വ്യക്തമാക്കി. റിലയൻസ് ഇൻഫ്രാസ്ട്രക്ചറിന്റെ ഓഹരിവില 3 മാസത്തിനിടെ ഉയർന്നത് 79 ശതമാനമാണ്. 221 രൂപയായിരുന്ന ഓഹരിവില ഒരുഘട്ടത്തിൽ 421 രൂപവരെയുമെത്തി. നഷ്ടത്തിൽ നിന്നു ലാഭത്തിലേക്ക് കടന്നതും മികച്ച ലാഭമാർജിനും ഗുണം ചെയ്തുവെന്നാണ് വിലയിരുത്തൽ. അനിൽ ധീരുഭായ് അംബാനി ഗ്രൂപ്പിലെ മറ്റൊരു കമ്പനിയായ റിലയൻസ് ഹോം ഫിനാൻസും (Reliance Home Finance) കഴിഞ്ഞ 3 മാസത്തിനിടെ 143 ശതമാനം മുന്നേറ്റം നടത്തിയിട്ടുണ്ട്. ഓഹരിവില ഉയർന്നത് 3 രൂപയിൽ നിന്ന് 8 രൂപയിലേക്ക്.
പാപ്പരത്തത്തിൽ നിന്ന് ഉയിർത്തെണീക്കൽ
വായ്പാ കിട്ടാക്കടമായതിനെ തുടർന്ന് ഐഡിബിഐ ട്രസ്റ്റീഷിപ്പ് സർവീസസിന്റെ ആവശ്യപ്രകാരം റിലയൻസ് ഇൻഫ്രാസ്ട്രക്ചറിനെതിരെ എടുത്ത പാപ്പരത്ത നടപടി (insolvency proceedings) നാഷണൽ കമ്പനി ലോ അപ്‌ലറ്റ് ട്രൈബ്യൂണൽ (NCLAT) റദ്ദാക്കിയിരുന്നു. 92.68 കോടി രൂപയുടെ വായ്പ പൂർണമായും തിരിച്ചടച്ചുവെന്ന റിലയൻസ് ഇൻഫ്രാസ്ട്രക്ചറിന്റെ വാദം കണക്കിലെടുത്തായിരുന്നു നടപടി.

പാപ്പരത്ത നടപടി ഒഴിവായതിനു പിന്നാലെ ഓഹരികൾക്ക് നിക്ഷേപകരിൽ നിന്ന് മികച്ച സ്വീകാര്യത ലഭിക്കുകയും വില കയറുകയുമായിരുന്നു. ഇതിനുപുറമെ പ്രതിരോധ രംഗത്തുനിന്നുൾപ്പെടെ മികച്ച ഓർഡറുകൾ ലഭിച്ചതും ബാങ്കുകൾക്ക് വീട്ടാനുള്ള കടം തിരിച്ചടച്ചതും തൊട്ടുമുൻവർഷത്തെ 3,300 കോടിയോളം രൂപയുടെ സംയോജിതനഷ്ടത്തിൽ നിന്ന് കഴിഞ്ഞവർഷം 4,387 കോടി രൂപയുടെ സംയോജിത ലാഭത്തിലേക്ക് കരകയറിയതും കമ്പനിക്ക് നേട്ടമായി.
27,000 കോടി ആസ്തിയുമായി അനിൽ അംബാനിയുടെ മകൻ; റിലയൻസിന്റെ തിരിച്ചുവരവൊരുക്കിയ സൂത്രധാരൻ
സോളർ എനർജി കോർപറേഷൻ ഓഫ് ഇന്ത്യയിൽ (SECI) ഏഷ്യയിലെ തന്നെ ഏറ്റവും വലിയ സോളർ ആൻഡ് ബാറ്ററി എനർജി സ്റ്റോറേജ് സ്ഥാപിക്കാനുള്ളതും 25 വർഷത്തെ വൈദ്യുതി വിതരണത്തിനുമുള്ള കരാർ നേടിയത് റിലയൻസ് പവറിനും കരുത്തായി. മൊത്തം 10,000 കോടി രൂപ മതിക്കുന്ന നിക്ഷേപ പദ്ധതിയാണിത്. മറ്റൊരു ഉപകമ്പനിയായ റിലയൻസ് എൻയു എനർജീസും മികച്ച പ്രവർത്തനമാണ് നടത്തുന്നത്.
ഒരിക്കൽ ലോകത്തെ 6-ാമത്തെ വലിയ സമ്പന്നൻ
അനിൽ അംബാനി തന്റെ പ്രതാപകാലത്ത് ലോകത്തെ തന്നെ ആറാമത്തെ വലിയ സമ്പന്നനായിരുന്നു! 2008ൽ 4,200 കോടി ഡോളറിന്റെ ആസ്തിയുമായാണ് അദ്ദേഹം ആ നേട്ടം സ്വന്തമാക്കിയത്. എന്നാൽ കമ്പനികൾ കടക്കെണിയിലായതും നിയമനടപടികളും ഓഹരിവില തകർച്ചയും പിന്നീട് അദ്ദേഹത്തെ ശതകോടീശ്വര പട്ടികയിൽ നിന്നുതന്നെ പുറത്തേക്ക് നയിച്ചു. 2020ൽ അദ്ദേഹത്തെ ഒരു യു.കെ കോടതി 'പാപ്പർ" ആയും പ്രഖ്യാപിച്ചിരുന്നു.

അനിൽ അംബാനിയുടെ റിലയൻസ് ഗ്രൂപ്പിലെ സുപ്രധാന കമ്പനികളായിരുന്ന റിലയൻസ് കമ്മ്യൂണിക്കേഷൻസും റിലയൻസ് ക്യാപിറ്റലും പാപ്പരത്ത നടപടി നേരിട്ടു. 2019-2021 കാലഘട്ടങ്ങളിലായായിരുന്നു അത്. ടെലികോം സാങ്കേതിക സേവന കമ്പനിയായ എറിക്സണിന് നൽകേണ്ട പണം വീട്ടാത്തതിനെ തുടർന്ന് 2019ൽ അനിൽ അംബാനിക്ക് ജയിൽ ശിക്ഷ ലഭിക്കേണ്ടതായിരുന്നെങ്കിലും സഹോദരൻ മുകേഷ് അംബാനി അവസാന നിമിഷം അദ്ദേഹത്തിനു വേണ്ടി പണമടച്ചതിനെ തുടർന്ന് ശിക്ഷ ഒഴിവാകുകയായിരുന്നു.
എങ്ങനെയായിരുന്നു അനിൽ അംബാനിയുടെ സമ്പത്ത് കൊഴിഞ്ഞത്?
∙ വളർച്ചാസാധ്യതയില്ലാത്ത ബിസിനസ് നിക്ഷേപ തീരുമാനങ്ങളാണ് അനിൽ അംബാനി നയിക്കുന്ന റിലയൻസ് ഗ്രൂപ്പിന് വലിയ തിരിച്ചടിയായത്. ഉദാഹരണത്തിന്, എയർടെല്ലും വോഡഫോണും ഐഡിയയും മറ്റും വ്യാപകമാകുംമുമ്പ് ഇന്ത്യൻ ടെലികോം രംഗത്തെ സുപ്രധാന സാന്നിധ്യമായിരുന്നു അനിൽ അംബാനിയുടെ റിലയൻസ് കമ്മ്യൂണിക്കേഷൻസ് അഥവാ ആർകോം.
എന്നാൽ, ഭാവിയുടെ സാങ്കേതികവിദ്യയായ ജിഎസ്എം ടെക്നോളജിക്ക് പകരം റിലയൻസ് കമ്മ്യൂണിക്കേഷൻസ് പോയത് സിം ഇല്ലാത്ത സിഡിഎംഎ ടെക്നോളജിക്ക് പിന്നാലെ. സിമ്മും ഫോണും യഥേഷ്ടം മാറുന്ന ജിഎസ്എം സാങ്കേതികവിദ്യയുമായി മറ്റു കമ്പനികൾ കളംപിടിച്ചതും 4ജി, 5ജി എന്നിവയുടെ കടന്നുവരവും ആർകോമിന്റെ ക്ഷീണം ആരംഭിക്കുകയായിരുന്നു.
∙ ടെലികോം സാങ്കേതികവിദ്യ വാങ്ങിയവകയിൽ പണം വീട്ടാത്തതിന് എറിക്സണും വായ്പ കുടിശികയായതിനെ തുടർന്ന് ചൈനീസ് ബാങ്കുകളും അനിൽ അംബാനിക്കെതിരെ നിയമനടപടികൾ തുടങ്ങിയതും അദ്ദേഹത്തിന്റെ കമ്പനികളെ ശക്തമായി തളർത്തി.
∙ ഇതിനിടെ കടബാധ്യത കുത്തനെ കൂടിയത് പാപ്പരത്ത നടപടികളിലേക്കും നയിച്ചു

∙ സഹോദരൻ മുകേഷ് അംബാനി നയിക്കുന്ന റിലയൻസ് ഇൻഡസ്ട്രീസ് ‘റിലയൻസ് ജിയോ’യുമായി ടെലികോം വിപണി പിടിച്ചെടുത്തതോടെ റിലയൻസ് കമ്മ്യൂണിക്കേഷൻസിന്റെ വീഴ്ചയുടെ ആഘാതം കനക്കുകയുമായിരുന്നു.
അനിൽ അംബാനിയുടെ തിരിച്ചുവരവ്
കടംവീട്ടുക എന്ന ലക്ഷ്യത്തിന് മുൻതൂക്കം നൽകി മുന്നോട്ടുപോകാനുള്ള തീരുമാനമാണ് അനിൽ അംബാനിയുടെ കമ്പനികളുടെ തിരിച്ചുവരവിന് പ്രധാനമായും വഴിയൊരുക്കിയത്. എൽഐസി, ഈഡൽവെയ്സ് എന്നിവയുടെ കടം വീട്ടുകയായിരുന്നു റിലയൻസ് ഇൻഫ്രയുടെ ആദ്യലക്ഷ്യം. പിന്നാലെ മുൻഗണനാ ഓഹരികളിറക്കി (preferential issues) പണം സമാഹരിക്കാനെടുത്ത തീരുമാനവും ഗുണം ചെയ്തു.
∙ ഉപകമ്പനിയായ വിദർഭ ഇൻഡസ്ട്രീസും സിഎഫ്എം അസറ്റ് റികൺസ്ട്രക്‍ഷനും തമ്മിലെ കേസ് ഒത്തുതീർത്തത് റിലയൻസ് പവറിനും നേട്ടമായി. അനിൽ അംബാനി സ്വന്തം നിലയ്ക്ക് ഫണ്ട് ഉറപ്പാക്കിയതിനു പിന്നാലെ വിവിധ നിക്ഷേപ ഫണ്ടുകൾ, യോഗ്യരായ നിക്ഷേപക സ്ഥാപനങ്ങൾ (ക്യുഐബി) എന്നിവയിൽ നിന്നായി 6,000 കോടി രൂപയുടെ നിക്ഷേപം ഓഹരികളിറക്കി സമാഹരിച്ചത് റിലയൻസ് ഇൻഫ്രയുടെയും റിലയൻസ് പവറിന്റെയും പ്രവർത്തന പുനഃക്രമീകരണത്തിനും തിരിച്ചുവരവിനും നിർണായകമായി.
∙ മുൻകാല പിഴവുകൾ തിരുത്തി കാതൽ (Core) ബിസിനസ് മേഖലകളിൽ മാത്രം ശ്രദ്ധിച്ചതും കമ്പനികളെ നേട്ടത്തിലെത്തിച്ചു. ടെലികോം, എന്റർടെയ്ൻമെന്റ് തുടങ്ങിയവയെ മാറ്റിനിർത്തി ഊർജം, നിർമാണം, പ്രതിരോധം, എൻജിനിയറിങ് മേഖലകളിൽ ഊന്നൽ നൽകി.
∙ കമ്പനികൾ തിരിച്ചുവരുന്നു എന്ന സൂചനകൾ ശക്തമായതോടെ ഓഹരി നിക്ഷേപകരുടെ തിരിച്ചുവരവും ദൃശ്യമായി. മെല്ലെ കമ്പനികൾ ബാലൻസ്ഷീറ്റ് മെച്ചപ്പെടുത്തിയത് നിക്ഷേപകരെ ആകർഷിച്ചു.

∙ അനിൽ അംബാനിയുടെ മകൻ ജയ് അൻമോൽ അംബാനിയുടെ കടന്നുവരവും (Read Details..) കമ്പനികൾക്ക് വലിയ കരുത്തായി. 18-ാം വയസ്സിലാണ് അൻമോൽ ബിസിനസിലേക്ക് ചുവടുവച്ചത്. കമ്പനിയിലേക്ക് വൻതോതിൽ വിദേശ നിക്ഷേപം ഉൾപ്പെടെ എത്തിച്ച് റിലയൻസ് ഗ്രൂപ്പിനെ പ്രതിസന്ധികളിൽ നിന്ന് കരകയറ്റാൻ അൻമോൽ എടുത്ത തീരുമാനങ്ങൾ (Read Details) അനിലിനെപ്പോലും അമ്പരിപ്പിച്ചു.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്: manoramaonline.com/business
(Disclaimer: ഈ ലേഖനം ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട്/ക്രിപ്റ്റോകറൻസി മുതലായവ വാങ്ങാനോ വില്‍ക്കാനോ ഉള്ള നിര്‍ദേശമോ ഉപദേശമോ അല്ല. ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായ നിക്ഷേപങ്ങൾ വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്. നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള്‍ സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്റെ ഉപദേശം തേടുകയോ ചെയ്യുക)