ഗുജറാത്തിൽ ഗിഫ്റ്റ് സിറ്റിക്കൊപ്പം വളർന്ന് ഗിഫ്റ്റ് നിഫ്റ്റി, കേരളത്തിലെ ഗ്ലോബൽ സിറ്റി എവിടെ?

Mail This Article
കൊച്ചി ∙ കേരളം സ്വപ്‍നം കണ്ടു. ഗുജറാത്ത് നടപ്പാക്കി. അതാണ് ഗുജറാത്ത് ഇന്റർനാഷനൽ ഫിനാൻസ് ടെക്സിറ്റി അഥവാ ഗിഫ്റ്റ് സിറ്റി. ദുബായിയും സിംഗപ്പൂരും പോലെ ഗുജറാത്ത് തലസ്ഥാനമായ ഗാന്ധിനഗറും രാജ്യാന്തര സാമ്പത്തിക സേവന കേന്ദ്രമാക്കി മാറ്റാൻ നടപ്പാക്കിയ പദ്ധതി. ഗിഫ്റ്റ് സിറ്റി പോലെ തന്നെ സാമ്പത്തിക മേഖലയിൽ പ്രശസ്തമാണ് ഗിഫ്റ്റ് നിഫ്റ്റിയിലെ സാമ്പത്തിക സൂചികയും. കേരളം ഗ്ലോബൽ സിറ്റിയിൽ കുരുങ്ങിനിൽക്കുമ്പോൾ ഗുജറാത്തിന് ഗിഫ്റ്റ് നിഫ്റ്റി എന്ന സ്വന്തം സൂചികയുമുണ്ട്.
നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രി ആയിരിക്കുമ്പോൾ 2007ലാണ് 78,000 കോടിയുടെ ഗിഫ്റ്റ് സിറ്റി പദ്ധതിക്ക് ആരംഭം കുറിച്ചത്. മറ്റു രാജ്യങ്ങളിലെ രാജ്യാന്തര സാമ്പത്തിക സേവനങ്ങളുടെ കുറച്ചു ഭാഗമെങ്കിലും ഇന്ത്യയിലേക്കു കൊണ്ടുവരിക, ഇന്ത്യയുടെ വിവിധ സാമ്പത്തിക ഉൽപന്നങ്ങളിലേക്കു വിദേശ സാമ്പത്തിക ധനകാര്യ സ്ഥാപനങ്ങളെയും വലിയ നിക്ഷേപകരെയും ആകർഷിക്കുക എന്നിവയാണ് ഗിഫ്റ്റ് സിറ്റി പദ്ധതിയുടെ ലക്ഷ്യം.
ഗിഫ്റ്റ് സിറ്റിയിൽ ഇന്റർനാഷനൽ ഫിനാൻഷ്യൽ സർവീസ് സെന്റർ (ഐഎഫ്എസ്‍സി) പ്രവർത്തിക്കുന്നുണ്ട്. ഇവിടെ ഇന്ത്യയിലും വിദേശത്തുമുള്ള സ്ഥാപനങ്ങൾ മറ്റു രാജ്യങ്ങളുമായി ധനകാര്യ ഇടപാടുകൾ നടത്തുന്നു. ബാങ്കിങ്, ക്യാപ്പിറ്റൽ മാർക്കറ്റ്, അസറ്റ് മാനേജ്മെന്റ്, ഇൻഷുറൻസ്, എയർക്രാഫ്റ്റ് ലീസിങ്, ഫിൻടെക്, ബുള്ള്യൻ, കറൻസി എന്നിവയിലാണ് പ്രധാന ഇടപാടുകൾ. ഡോളറിലാണ് കൈമാറ്റങ്ങൾ. ഇവിടെയുള്ള സ്ഥാപനങ്ങളുടെ പ്രവർത്തനത്തെ നിയന്ത്രിക്കുന്നത് ഇന്റർനാഷനൽ ഫിനാൻഷ്യൽ സർവീസസ് സെന്റേഴ്സ് അതോറിറ്റി (ഐഎഫ്എസ്‍സിഎ ) ആണ്. റിസർവ് ബാങ്കിനും സെബിക്കും ഇവയുടെമേൽ അധികാരമില്ല.
ഐഎഫ്എസ്‌സിയിൽ നാഷനൽ സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ രാജ്യാന്തര എക്സ്ചേഞ്ച് പ്രവർത്തിക്കുന്നുണ്ട്.
എൻഎസ്ഇ ഇന്റർനാഷനൽ എക്സ്ചേഞ്ച് എന്ന ഈ എക്സ്ചേഞ്ചിൽ ഇന്ത്യൻ ഓഹരികളുടെ ഫ്യൂച്ചേഴ്സ് - ഓപ്‌ഷൻസ് വ്യാപാരമാണ് നടക്കുന്നത്. ഈ വ്യാപാര സൂചികയാണ് ഗിഫ്റ്റ് നിഫ്റ്റി. വിപണിയുടെ ഗതിയെക്കുറിച്ചുള്ള ഒരു ദിശാബോധം നൽകാൻ രാവിലെ തന്നെ ഗിഫ്റ്റി നിഫ്റ്റി സൂചികയ്ക്കു കഴിയും.
ഗ്ലോബൽ സിറ്റി: കേന്ദ്ര പിന്തുണ തേടാൻ എംപിമാരുടെ യോഗത്തിൽ ധാരണ
കൊച്ചി ∙ അയ്യമ്പുഴയിലെ നിർദിഷ്ട ഗ്ലോബൽ സിറ്റിയെ കൊച്ചി-ബെംഗളൂരു വ്യവസായ ഇടനാഴി പദ്ധതിയുമായി ബന്ധിപ്പിക്കണമെന്നു തിരുവനന്തപുരത്തു സർക്കാർ വിളിച്ചു ചേർച്ച എംപിമാരുടെ യോഗം ആവശ്യപ്പെട്ടു.
ലോജിസ്റ്റിക് പാർക്കുകൾ സ്ഥാപിക്കുന്നതിന് വയബിലിറ്റി ഗ്യാപ്പ് ഫണ്ട് ലഭ്യമാക്കുന്നതിലും കണക്ടിവിറ്റി ഇൻഫ്രാസ്ട്രക്ടർ പൂർത്തീകരിക്കുന്നതിലും സമയബന്ധിതമായ കേന്ദ്രപിന്തുണ തേടുന്നതിനുള്ള നടപടികൾ സ്വീകരിക്കാനും യോഗത്തിൽ ധാരണയായി.