ബാങ്ക് സേവനങ്ങളില്‍ പരാതിയുണ്ടോ? പരിഹാരമുണ്ട്!
Mail This Article
ബാങ്കിടപാടുകളിൽ ഇടപാടുകാർക്കുള്ള പരാതികൾ പരിഹരിക്കുവാൻ ശക്തമായ സംവിധാനം നിലവിലുണ്ട്. പരാതികൾ വിശദമായി പരിശോധിക്കുവാനും ഇടപാടുകാർക്ക് ന്യായമായ പരിഹാരം നൽകുവാനും ഓരോ ബാങ്കിലും അവരുടേതായ സംവിധാനങ്ങളും ഉണ്ട്. ഈ സംവിധാനത്തിന്റെ പ്രവർത്തനം നിരന്തരമായി വിലയിരുത്തുവാൻ ഉന്നത തല സമിതികൾ പ്രവര്‍ത്തിക്കുന്നു. പരാതികൾ പരിശോധിച്ച് സമയബന്ധിതമായി തീരുമാനങ്ങൾ എടുക്കുവാൻ ഓരോ ബാങ്കിലും നോഡൽ ഓഫീസർമാർ ഉണ്ട്. അതിന് മേലെ മുഖ്യ നോഡൽ ഓഫീസർ ഉണ്ട്.
പരാതികൾ നൽകാൻ ബാങ്കിന്റെ വെബ് സൈറ്റിലും മൊബൈൽ ആപ്പുകളിലും ശാഖകളിലും കസ്റ്റമർ കെയർ നമ്പറിലും എല്ലാം സംവിധാനങ്ങൾ ഉണ്ട്. എന്നിട്ടും പരാതിക്കാരന് സമ്മതമായ രീതിയിൽ പരിഹാരം നൽകാൻ ബാങ്കിന് സാധിക്കുന്നില്ലെങ്കിൽ അത്തരം പരാതികൾ ബാങ്കുകൾ അതാത് ബാങ്കുകളിൽ റിസർവ് ബാങ്കിന്റെ പരാതി പരിഹാര സംവിധാനത്തിൽ നിയമിതനായിട്ടുള്ള ഇന്റേണൽ ഓംബുഡ്സ്മാന് സമർപ്പിക്കുകയും ഇന്റേണൽ ഓംബുഡ്സ്മാൻ നൽകുന്ന തീരുമാനം അംഗീകരിക്കുകയും നടപ്പിലാക്കുകയും വേണം.
റിസർവ് ബാങ്കിനെ സമീപിക്കാം
പരാതികൾ നിരസിക്കുകയാണെങ്കിൽ, ആ തീരുമാനം ഇന്റർനൽ ഓംബുഡ്സ്മാൻ കണ്ടിട്ടാണ് എടുത്തിരിക്കുന്നത് എന്ന് ബാങ്കിന്റെ മറുപടിയിൽ നിർബന്ധമായും ഉണ്ടാകണം. ബാങ്കിൽ നൽകിയ പരാതിയിൽ 30 ദിവസത്തിനുള്ളിൽ പരിഹാരം ലഭിക്കുന്നില്ലെങ്കിൽ, അല്ലെങ്കിൽ ബാങ്കിന്റെ തീരുമാനം പരാതി പൂർണമായും പരിഹരിക്കുന്ന രീതിയിലല്ലെങ്കിൽ, ഇടപാടുകാരന് റിസർവ് ബാങ്കിലെ ബാങ്കിങ് ഓംബുഡ്സ്മാന് പരാതി നൽകാവുന്നതാണ്.
ഇന്റേണൽ ഓംബുഡ്സ്മാൻ നൽകുന്ന തീരുമാനം നടപ്പിലാക്കുവാൻ ബാങ്കിന് അഭിപ്രായ വിത്യാസമുണ്ടെങ്കിൽ ആ തീരുമാനം എടുക്കേണ്ടത് ബാങ്കിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറോ മാനേജിങ് ഡയറക്ടറോ ആകണം. മാത്രമല്ല, ഇന്റേണൽ ഓംബുഡ്സ്മാൻ നൽകുന്ന തീരുമാനം നടപ്പിലാക്കുന്നില്ലെങ്കിൽ അക്കാര്യം ഡയറക്ടർ ബോർഡിനും റിസർവ് ബാങ്കിനും കാര്യകാരണ സഹിതം റിപ്പോർട്ട് ചെയ്യുകയും വേണം. ഓരോ ബാങ്കിലെയും പരാതി പരിഹാര സംവിധാനം റിസർവ് ബാങ്കിന്റെ നിർദ്ദേശങ്ങൾ അനുസരിച്ചും ഏറ്റവും കാര്യക്ഷമമായും നടക്കുന്നുണ്ട് എന്ന് വിലയിരുത്തുവാൻ അതാത് ബാങ്കിലെ ഡയറക്ടർ ബോർഡിന് ഉത്തരവാദിത്തമുണ്ട്.
ഇത്രയും നിയതവും ശക്തവുമായ പരാതി പരിഹാര സംവിധാനം നിലനിൽക്കുമ്പോഴും ഇടപാടുകാരുടെ പരാതികളിൽ യുക്തവും സമയബന്ധിതവുമായ തീരുമാനങ്ങൾ ലഭിക്കുന്നില്ല എന്ന ആശങ്ക നിലനില്കുന്നു. അതിന്റെ പ്രതിഫലനമാണ് നവംബർ 18 ന് റിസർവ് ബാങ്ക് വിളിച്ചു ചേർത്ത സ്വകാര്യ ബാങ്കുകളിലെ ഡയറക്ടർമാരുടെ മീറ്റിങിൽ ഗവർണർ ശക്തി കാന്ത ദാസ് തുറന്ന് പറഞ്ഞത്. ഉത്തരവാദിത്തോടു കൂടിയ ഭരണം ഉറപ്പു വരുത്തുവാൻ ഡയക്ടർ ബോർഡ് കൂടുതൽ ശ്രദ്ധാലുക്കളും ശുഷ്കാന്തിയുള്ളവരും ആയിരിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഇടപാടുകാരുടെ വിശ്വാസം ബാങ്കുകളുടെ നിലനില്പിനും വളർച്ചക്കും ആവശ്യമാണ്. നയരേഖകളിലും നടത്തിപ്പിലും ഇടപാടുകാരന്റെ ആവശ്യവും അവകാശങ്ങളും സംരക്ഷിക്കപ്പെടണം.
കൂടുതൽ ഉത്തരവാദിത്തം കാണിക്കണം
ബാങ്കിൽ ലഭിക്കുന്ന പരാതികൾ അന്വേഷണങ്ങൾ ആയി പരിഗണിക്കുന്നു എന്നത് റിസർവ് ബാങ്ക് ഗൗരവത്തോടെ കാണുന്നു. ഒരു പരാതിയും ഇന്റേണൽ ഓംബുഡ്സ്മാൻ കാണാതെ നിരസിക്കുവാൻ പാടില്ല. ഇക്കാര്യങ്ങളിൽ ബാങ്കുകൾ കൂടുതൽ ഉത്തരവാദിത്തം കാണിക്കണമെന്നും ഇടപാടുകാരുടെ പരാതികൾ റിസർവ് ബാങ്കിന്റെ നിർദ്ദേശമനുസരിച്ച് പരാതി പരിഹാര സംവിധാനത്തിന്റെ ശരിയായ അർത്ഥത്തിലും ഉദ്ദേശ്യത്തിലും കൈകാര്യം ചെയ്യണമെന്നും ഗവർണർ ബാങ്കുകളെ ഓർമിപ്പിച്ചു.