ഇനിയും മരിക്കാത്ത ഇഎല്‍എസ്എസിന് ഒരു ചരമഗീതം
Mail This Article
ആത്മ സുഹൃത്തുകളുടെ പതിവായുള്ള പ്രതിമാസ ചായ്പേ ചര്‍ച്ചയില്‍ സകലമാന വിഷയങ്ങളും ഗോസിപ്പുമൊക്കെ ചര്‍ച്ചചെയ്ത് എല്ലാവരുടെയും വായില്‍ വെള്ളം വറ്റിക്കഴിഞ്ഞപ്പോള്‍ ഞാന്‍ സൂത്രത്തില്‍ മറ്റൊരു വിഷയമെടുത്തിട്ടു. ഈ സാമ്പത്തിക വര്‍ഷത്തെ ആദായനികുതി പ്ലാനിങിന് ഇനി മൂന്നുമാസമേയുള്ളൂ.
അവസാനം വരെ കാത്തുനിന്ന് സംശയങ്ങളെന്നൊക്കെ പറഞ്ഞ് ഓരോന്നു ചോദിച്ചു എന്നെ വട്ടം ചുറ്റിക്കാനൊന്നും വന്നേക്കരുത്. എന്തെങ്കിലുമൊക്കെ നിക്ഷേപിക്കാനോ പിന്‍വലിക്കാനോ ഉണ്ടെങ്കില്‍ അതൊക്കെ നേരത്തെ ചെയ്‌തേക്കണം. മാര്‍ച്ച് തീരുന്നതിന്റെ തലേന്ന് ആധിപിടിച്ച് ഇവര്‍ കാട്ടിക്കൂട്ടാറുള്ള പുകില് മനസില്‍ കണ്ടുതന്നെയാണ് ഞാന്‍ തുറന്നടിച്ചത്.
പക്ഷേ ഞാന്‍ പറഞ്ഞുതീരും മുമ്പേ തഗ് വീരന്‍ സുമേഷിന്റെ മറുപടി എത്തി- ഇനി ആര്‍ക്കുവേണം ഇയാളുടെ വരട്ടുപിടിച്ച ടാക്‌സ് സേവര്‍ ടിപ്പുകള്‍. ഞങ്ങളൊക്കെ ന്യൂ റെജിമുകാരാണ്. സേവ് ചെയ്യേണ്ട, നിക്ഷേപിക്കേണ്ട, പ്ലാന്‍ ചെയ്യേണ്ട. എല്ലാം ആദായ നികുതി ഭഗവാന്‍ നോക്കിക്കോളും.
ഇതുകേട്ട് മറ്റുരണ്ട് പേരും ടേബിളില്‍ അടിച്ച് പിന്തുണ അറിയിച്ചു.ന്യൂറെജിമിന്റെ പുറകേ പോകുന്നതൊക്കെ കൊള്ളാം. നിക്ഷേപങ്ങളൊന്നും നിര്‍ത്തല്ലേ. അവസാനം കുത്തുപാളയെടുക്കും. ആ ഇഎല്‍എസ്എസ് എങ്കിലും തുടരണേ. എന്റെ ഉപദേശ നിര്‍ദേശങ്ങളൊന്നും ഇനി ഇവര്‍ക്ക് വേണ്ടിവരില്ലല്ലോ എന്നോര്‍ത്തപ്പോഴുള്ള ജാള്യത മറച്ചുവെച്ച് ഞാന്‍ വീണ്ടും ഉപദേശി വേഷമണിഞ്ഞു.
തഗ് സുമേഷ് അതിനെയും അടിച്ചുപരത്തി. ഒരു കവിതതന്നെ പാടിക്കൊണ്ട് ഇനിയും മരിക്കാത്ത ഇഎല്‍എസ്എസ്,നിന്നാസന്ന മൃതിയില്‍ നിനക്കാത്മശാന്തി.ഇതു നിന്റെ ചരമശുശ്രൂഷയ്ക്ക് ഹൃദയത്തിലിന്നേ കുറിച്ച ഗീതം
കവിത പാടുന്നത് നിര്‍ത്തി സുമേഷ് പെട്ടെന്ന് വാചാലനായി. എന്നെ മ്യൂച്വല്‍ ഫണ്ടിലേക്ക് വഴിനടത്തിയത് ഇഎല്‍എസ്എസായിരുന്നു. ഇത്രയും കാലം എന്റെ സുഹൃത്തും വഴികാട്ടിയും. പക്ഷേ ഇനി എനിക്കതിന്റെ ആവശ്യമില്ല.
ശരിയാണ്. ഇക്വിറ്റി ലിങ്ക്ഡ് സേവിങ്സ് സ്‌കീം എന്നറിയപ്പെടുന്ന ഇഎല്‍എസ് എസ് അതിന്റെ 25ാം വയസില്‍ മരണവക്കിലാണ്. ഞാന്‍ പറഞ്ഞു. ഏകദേശം 25 വര്‍ഷങ്ങള്‍ക്ക് മുമ്പ് തുടങ്ങിയ ഈ ഫണ്ട് ഇന്‍കം ടാക്‌സില്‍ ന്യൂ റെജിം വന്നതോടെയാണ് കഷ്ടകാലം നേരിടാന്‍ തുടങ്ങിയത്. അതുവരെ 80 സിയിലെ രാഞ്ജിയായിരുന്നു ഈ ഫണ്ട്. പക്ഷേ പറഞ്ഞിട്ടെന്താ.
ഇന്ത്യയിലെ ഇടത്തരം ശമ്പളവരുമാനക്കാരുടെ ഓഹരി വിപണിയിലേക്കുള്ള പ്രവേശനകവാടമായിരുന്നു ഇഎല്‍എസ്എസ്. ഓഹരിയില്‍ നിക്ഷേപിക്കാം ഒപ്പം ആദായ നികുതി ഇളവ് ലഭിക്കുകയും ചെയ്യും എന്നതായിരുന്നു അതിന്റെ മുഖ്യ ആകര്‍ഷണം. ഒരു പക്ഷേ യുലിപ് അവതരിപ്പിക്കുന്നതുവരെ ഓഹരിയിലെ നിക്ഷേപത്തിന് നികുതി ഇളവ് കിട്ടുന്ന ഏക മാര്‍ഗമായിരുന്നു ഇഎല്‍എസ്എസ്.
ഒരുപാട് ശമ്പളവരുമാനക്കാരെ അവരുടെ സാമ്പത്തിക ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനുള്ള ഫണ്ട് സ്വരുക്കൂട്ടാന്‍ ഏറെ സഹായിച്ച ഒരു നിക്ഷേപ പദ്ധതിയായിരുന്നു ഇത്. നിക്ഷേപ തുകയുടെ 65 ശതമാനത്തോളം ഓഹരിയിലും ബാക്കി സ്ഥിര നിക്ഷേപമാര്‍ഗങ്ങളിലുമാണ് ഫണ്ട് മാനേജര്‍ നിക്ഷേപിച്ചിരുന്നത്. മൂന്നവര്‍ഷം കഴിഞ്ഞേ നിക്ഷേപം പിന്‍വലിക്കാന്‍ കഴിയൂ എന്നതിനാല്‍ ഫണ്ട് മാനേജര്‍മാര്‍ക്ക് ദീര്‍ഘകാല ലക്ഷ്യത്തോടെ ഓഹരികള്‍ തിരഞ്ഞെടുക്കാന്‍ കഴിയുമായിരുന്നു. അതിനാല്‍ മിക്ക ഫണ്ടുകള്‍ക്കും വളരെ നല്ല ലാഭം നിക്ഷേപകര്‍ക്ക് നല്‍കാനും കഴിഞ്ഞു.
ഇഎല്‍എസ്എസിനെക്കുറിച്ചുള്ള എന്റെ അതിവാചാലതയ്ക്ക് തടയിട്ടുകൊണ്ട് സുമേഷ് വീണ്ടും കവിത ചൊല്ലി.
ഇ എല്‍ എസ് എസ്,,, നീ ഇടത്തരക്കാരന്റെ രസനയില്‍ വയമ്പും നറുംതേനുമായി വന്നൊരാദ്യാനുഭൂതി
നീ, എന്റെ തിരി കെടും നേരത്ത് തീര്‍ഥകണമായലിയുമന്ത്യാനുഭൂതി എല്ലാം കേട്ടുകൊണ്ടിരുന്ന മൂന്നാമന്‍ ചോദിച്ചു
അല്ല ഞങ്ങളെല്ലാം ന്യൂ റെജിമാണ് സ്വീകരിക്കുന്നത്. അപ്പോള്‍ ഇനി ഇഎല്‍എസ്എസ് നിക്ഷേപം തുടരേണ്ടതില്ലല്ലോ.
ഇഎല്‍എസ്എസില്‍ തന്നെ നിക്ഷേപിക്കണമെന്നില്ല. പക്ഷേ മ്യൂച്വല്‍ ഫണ്ട് നിക്ഷേപം തുടരുന്നതുതന്നെയാണ് നല്ലത്. ആദായ നികുതി ഇളവ് ലഭിക്കില്ല എന്നുകരുതി ഇതേവരെ തുടര്‍ന്ന നിക്ഷേപങ്ങള്‍ അവസാനിപ്പിക്കരുത്. പ്രത്യേകിച്ചും മ്യൂച്വല്‍ ഫണ്ടിലെ നിക്ഷേപങ്ങള്‍. ഇഎല്‍എസ്എസിനേക്കാള്‍ മികച്ച നിരവധി മ്യൂച്വല്‍ ഫണ്ടുകള്‍ വിപണിയിലുണ്ട്.
നിങ്ങള്‍ ഓരോരുത്തരുടെയും നിക്ഷേപ ലക്ഷ്യങ്ങള്‍ക്കിണങ്ങുന്ന വൈവിധ്യമാര്‍ന്ന ഫണ്ടുകളില്‍ ഉചിതമായത് തിരഞ്ഞെടുക്കാം. പക്ഷേ ഇഎല്‍എസ്എസിന്റെ പ്രത്യേകത എന്താണെന്നാല്‍ അതിലെ മൂന്നുവര്‍ഷത്തെ ലോക്ക് ഇന്‍ പിരീഡും ഓഹരി, സ്ഥിര നിക്ഷേപ മാര്‍ഗങ്ങളിലെ ഒരുമിച്ചുള്ള നിക്ഷേപവുമാണ്. മികച്ച ലാഭം സ്ഥിരമായി നല്‍കാന്‍ ഇഎല്‍എസ്എസിനെ പ്രാപ്തമാക്കിയതും അതുതന്നെയാണ്.
വെയിറ്റര്‍ ബില്ലുകൊണ്ടുവന്നതോടെ അന്നത്തെ ചായപേ ചര്‍ച്ച അവസാനിച്ചു. സുമേഷ് അന്ത്യോപചാരമര്‍പ്പിച്ചുകൊണ്ട് ഇങ്ങനെ പാടിയതും ഞങ്ങളെല്ലാം ഇറങ്ങി. പ്രിയ ഇഎല്‍എസ്എസ് മുണ്ഡിത ശിരസ്‌കയായ് ഭ്രഷ്ടയായ് നീ സൗര മണ്ഡലപ്പെരുവഴിയിലൂടെ മാനഭംഗത്തിന്റെ മാറാപ്പുമായി സന്താന പാപത്തിന്റെ വിഴുപ്പുമായി പോകുമീപ്പോക്കില്‍ സിരകളിലൂടരിച്ചേറുകയല്ലീ കരാള മൃത്യു.
(പെഴ്‌സണല്‍ ഫിനാന്‍സ് അനലിസ്റ്റും എന്‍ട്രപ്രണര്‍ഷിപ്പ് മെന്ററുമാണ് ലേഖകന്‍. ഫോണ്‍ 9447667716. ഇ മെയ്ല്‍ jayakumarkk8@gmail.com