റെയിറ്റ്‌സും ഇന്‍വിറ്റ്‌സും: ഏതാണ് മികച്ചത്? ആർക്കാണ് അനുയോജ്യം?
Mail This Article
സമീപകാലത്ത് നിക്ഷേപകര്‍ക്ക് കൈവന്ന താരതമ്യേന പുതിയ രണ്ട് നിക്ഷേപ മാര്‍ഗങ്ങളാണ് റെയിറ്റ്‌സ് (റിയല്‍ എസ്റ്റേറ്റ് ഇന്‍വെസ്റ്റ്‌മെന്റ് ട്രസ്റ്റ്), ഇന്‍വിറ്റ്‌സ് (ഇന്‍ഫ്രാസ്‌ട്രക്‌ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ട്രസ്റ്റ്) എന്നിവ. സ്ഥിരവരുമാനം കാംക്ഷിക്കുന്ന അല്ലെങ്കില്‍ പോര്‍ട്‌ഫോളിയോയില്‍ സ്ഥിരവരുമാന മാര്‍ഗങ്ങള്‍ കൂടി ഉള്‍പ്പെടുത്താന്‍ താല്‍പ്പര്യപ്പെടുന്ന നിക്ഷേപകര്‍ക്ക് പരിഗണിക്കാവുന്നതാണ് ഇവ രണ്ടും.
റിയല്‍ എസ്റ്റേറ്റ് ആസ്‌തികളിലാണ് റെയിറ്റ്‌സ് നിക്ഷേപം നടത്തുന്നതെങ്കില്‍ ഇന്‍വിറ്റ്‌സ് ഇന്‍ഫ്രാസ്‌ട്രക്‌ചര്‍ പദ്ധതികളിലാണ് നിക്ഷേപം നടത്തുന്നത്. ഇതുവഴി കിട്ടുന്ന നേട്ടം നിക്ഷേപകര്‍ക്ക് കൈമാറുന്ന രീതിയാണ് ഈ രണ്ട് നിക്ഷേപമാര്‍ഗങ്ങള്‍ക്കുമുള്ളത്.
പബ്ലിക് ഇഷ്യുകള്‍ വഴിയാണ് റെയിറ്റ്‌സും ഇന്‍വിറ്റ്‌സും നിക്ഷേപകരില്‍ നിന്ന് ധനം സമാഹരിക്കുന്നത്. ഉദാഹരണത്തിന് കാപ്പിറ്റല്‍ ട്രസ്റ്റ് ഇന്ത്യ ഇന്‍വിറ്റിന്റെ ഐപിഒയുടെ സബ്‌സ്‌ക്രിപ്‌ഷന്‍ കഴിഞ്ഞയാഴ്‌ചയാണ് പൂര്‍ത്തിയായത്. 1578 കോടി രൂപയാണ് ഈ ഐപിഒ നിക്ഷേപകരില്‍ നിന്നും സമാഹരിച്ചത്.
ഈ രണ്ട് നിക്ഷേപ മാര്‍ഗങ്ങളും തമ്മില്‍ താരതമ്യം ചെയ്യുമ്പോള്‍ ഒരു കാതലായ വ്യത്യാസം കാണാനാകും. റെയിറ്റ്‌സ് ആറ് ശതമാനം നേട്ടമാണ് പ്രതിവര്‍ഷം നല്‍കുന്നതെങ്കില്‍ ഇന്‍വിറ്റ്‌സ് പത്ത് ശതമാനത്തില്‍ കൂടുതല്‍ നേട്ടം നല്‍കുന്നുണ്ട്. ഈ വ്യത്യാസത്തിന് കാരണം ഇവ നിക്ഷേപം നടത്തുന്ന ആസ്‌തികളുടെ വ്യത്യാസം തന്നെയാണ്.
റെയിറ്റ്‌സ് ഓഫീസുകളും മാളുകളും പോലുള്ള വാണിജ്യ, റിയല്‍ എസ്റ്റേറ്റ് ആസ്‌തികളിലാണ് നിക്ഷേപം നടത്തുന്നത്. പ്രധാനമായും വാടക ഇനത്തിലുള്ള വരുമാനമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. സാധാരണരീതിയില്‍ ആറ് ശതമാനമാണ് ഈ രീതിയില്‍ നേട്ടമായി ലഭിക്കുന്നത്.
ഇന്‍വിറ്റ്‌സ് റോഡുകളും വൈദ്യുത പദ്ധതികളും പോലുള്ള അടിസ്ഥാന സൗകര്യ മേഖലകളിലാണ് നിക്ഷേപം നടത്തുന്നത്. ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള കാഷ് ഫ്‌ളോയാണ് ഇത്തരം പദ്ധതികളിലേക്ക് എത്തുന്നത്. ഇത് പത്ത് ശതമാനത്തിലേറെ നേട്ടത്തിന് വഴിയൊരുക്കുന്നു.
റിട്ടേണിനു അനുസരിച്ച് ഇവയുടെ റിസ്‌കിലും വ്യത്യാസമുണ്ട്. വാടക ഇനത്തിലും ദീര്‍ഘകാല പാട്ടത്തിനും മറ്റുമായി നല്‍കുന്ന റിയല്‍ എസ്റ്റേറ്റ് ആസ്‌തികള്‍ സ്ഥിരതയുള്ള, അതേ സമയം പരിമിതമായ റിട്ടേണ്‍ നല്‍കുന്നു. ഇവയുടെ റിസ്‌കും താഴ്‌ന്നതാണ്.
അതേ സമയം റോഡുകളും വൈദ്യുത പദ്ധതികളും പോലുള്ള അടിസ്ഥാന സൗകര്യ മേഖലകളിലെ നിക്ഷേപത്തിന് ഉയര്‍ന്ന റിസ്‌കുണ്ട്. പദ്ധതികളുടെ മുന്നോട്ടുപോക്കിലുണ്ടാകാവുന്ന അനിശ്ചിതത്വം, റെഗുലേറ്ററി അതോറിറ്റികളുടെ ഇടപെടലുകള്‍ തുടങ്ങിയ ഘടകങ്ങള്‍ ഉയര്‍ന്ന റിസ്‌കിന് വഴിയൊരുക്കുന്നു. അതേ സമയം ഉയര്‍ന്ന റിട്ടേണ്‍ ഈ റിസ്‌കിന് പകരമായി ലഭിക്കുന്നു.
ചുരുക്കി പറഞ്ഞാല്‍ റെയിറ്റ്‌സ് റിസ്‌ക് കുറഞ്ഞതും സ്ഥിരതയുള്ളതുമായ റിട്ടേണ്‍ ഉറപ്പുനല്‍കുന്നു. അതോടൊപ്പം റിട്ടേണ്‍ കുറഞ്ഞ നിക്ഷേപ മാര്‍ഗവുമാണ്. അതേ സമയം ഇന്‍വിറ്റ്‌സ് ഉയര്‍ന്ന റിട്ടേണ്‍ നല്‍കുന്നുണ്ടെങ്കിലും അതിനൊപ്പം ഉയര്‍ന്ന റിസ്‌ക് കൂടിയുള്ള നിക്ഷേപ മാര്‍ഗമാണ്.
തീര്‍ച്ചയായും ഈ രണ്ട് നിക്ഷേപ പദ്ധതികളെയും പോര്‍ട്‌ഫോളിയോയില്‍ ഉള്‍പ്പെടത്താവുന്നതാണ്. നിങ്ങളുടെ റിസ്‌ക് സന്നദ്ധതയെയും നിക്ഷേപ ലക്ഷ്യങ്ങളെയും അടിസ്ഥാനമാക്കിയായിരിക്കണം ഇതില്‍ ഏതിലാണ് നിക്ഷേപം നടത്തേണ്ടതെന്ന് തീരുമാനിക്കേണ്ടത്.
(ഹെഡ്‌ജ് ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ ചെയര്‍മാനും മാനേജിങ് ഡയറക്‌ടറുമാണ് ലേഖകന്‍. അഭിപ്രായങ്ങൾ വ്യക്തിപരം.)