സ്വത്തിന്റെ കാര്യത്തിൽ മാതാപിതാക്കൾ മക്കളോട് ചെയ്യേണ്ടത് ഇങ്ങനെയെന്ന് വാറൻ ബഫറ്റ്
.jpg?w=1120&h=583)
Mail This Article
മക്കൾക്ക് സ്വത്ത് കൊടുക്കേണ്ട കാര്യത്തിൽ മാതാപിതാക്കൾ പല രീതികൾ പിന്തുടരാറുണ്ട്. ചില മാതാപിതാക്കൾ മക്കൾക്ക് അധികം പ്രായമാകുന്നതിന് മുന്നേ തന്നെ സ്വത്തെല്ലാം പങ്കിട്ട് കൊടുത്ത് വിൽ പത്രം എഴുതി വയ്ക്കും. മറ്റു ചിലർ മരണം വരെയും സ്വത്ത് കൊടുക്കാതെ കാത്തു സൂക്ഷിക്കും. മരിച്ചാൽ ആർക്ക് എന്ത് സ്വത്ത് എടുക്കാം എന്ന പേരിൽ മക്കൾ തമ്മിൽ പിന്നീട് തർക്കങ്ങളും ഉണ്ടാകും. ലോക സമ്പന്നരിൽ മുൻനിരയിലുള്ള, നിക്ഷേപ ഗുരുവായ വാറൻ ബഫറ്റിനു ഈ കാര്യത്തിൽ കൃത്യ നിലപാടുണ്ട്.
വിൽപത്രം മക്കളെ വായിച്ച് കേൾപ്പിക്കണം
അടുത്തിടെ പുറത്തിറക്കിയ വിശദമായ കത്തിൽ മാതാപിതാക്കൾ അവരുടെ വിൽപ്പത്രം ഒപ്പിടുന്നതിനുമുമ്പ് അത് വായിക്കാൻ കുട്ടികളെ അനുവദിക്കണമെന്ന് ബഫറ്റ് നിർദ്ദേശിച്ചു. ഇത് തീരുമാനങ്ങൾക്ക് പിന്നിലെ യുക്തിയും ഭാവി ഉത്തരവാദിത്തങ്ങളും മക്കൾ മനസിലാക്കുമെന്ന് ഉറപ്പാക്കാമെന്ന കാര്യമാണ് ബഫറ്റ് പങ്കു വയ്ക്കുന്നത്.

"മാതാപിതാക്കളുടെ മരണശേഷം തെറ്റിദ്ധാരണകൾക്കുള്ള സാധ്യത കണക്കിലെടുത്ത് വ്യക്തമായ ആശയവിനിമയം മാതാപിതാക്കൾ മക്കളോട് നടത്തണമെന്ന്" അദ്ദേഹം ഊന്നിപ്പറഞ്ഞു.
"ആർക്കെങ്കിലും ചോദ്യങ്ങളോ നിർദ്ദേശങ്ങളോ ഉണ്ടെങ്കിൽ, ശ്രദ്ധാപൂർവ്വം കേൾക്കുകയും വിവേകമുള്ളവ സ്വീകരിക്കുകയും ചെയ്യുക," അദ്ദേഹം പറയുന്നു .
വിൽപ്പത്രം സുതാര്യമല്ലാത്തപ്പോൾ കുടുംബങ്ങളിൽ ഉണ്ടാകാനിടയുള്ള പ്രശ്നങ്ങളെ മുൻകൂട്ടി കണ്ടാണ് 15,000 കോടി ഡോളർ വ്യക്തിഗത സമ്പത്ത് ഉള്ള ബഫറ്റ് ഈ ഉപദേശം പങ്കിട്ടത്. മരണാനന്തര സ്വത്ത് വിഭജനങ്ങൾ മൂലം പല കുടുംബങ്ങളിലും ആശയക്കുഴപ്പവും, പ്രശ്നങ്ങളും ഉണ്ടാകുന്നതും അതോടനുബന്ധിച്ച് കുടുംബങ്ങൾ തകരുന്നത് കണ്ടിട്ടുള്ളതുകൊണ്ടുമാണ് ഈ ഒരു നിർദേശം മുന്നോട്ടു വയ്ക്കുന്നത് എന്ന് അദ്ദേഹം വ്യക്തമാക്കി.
തുറന്ന സംഭാഷണങ്ങളുടെ പ്രാധാന്യം
കുട്ടികളുമായി സ്വത്ത് കൈമാറ്റ ചർച്ച ചെയ്യുന്നതിൽ ബഫറ്റിന്റെ നിലപാടിനോട് സാമ്പത്തിക വിദഗ്ധർ യോജിക്കുന്നു. ഇത്തരം സംഭാഷണങ്ങൾ ബുദ്ധിമുട്ടാണെങ്കിലും ആത്യന്തികമായി കുടുംബ ബന്ധങ്ങൾ ശക്തിപ്പെടുത്താൻ കഴിയുമെന്ന് ബോൺ ഫിഡെ വെൽത്തിന്റെ സ്ഥാപകനും സർട്ടിഫൈഡ് ഫിനാൻഷ്യൽ പ്ലാനറുമായ ഡഗ്ലസ് ബോൺപാർത്ത് പറഞ്ഞു. "സ്വത്ത് പങ്കുവയ്ക്കൽ കഠിനമായ സംഭാഷണങ്ങളാണ്, പക്ഷേ അവ അർത്ഥവത്താണ്, ശരിയായി ചെയ്യുമ്പോൾ ഇതിനു ബന്ധങ്ങളെ ശക്തിപ്പെടുത്താൻ കഴിയും," ബോൺപാർത്ത് പറഞ്ഞു.
കുട്ടികൾക്ക് അവരുടെ പാരമ്പര്യത്തെക്കുറിച്ച് യാഥാർത്ഥ്യബോധമുള്ള പ്രതീക്ഷകൾ ഉണ്ടായിരിക്കണമെന്ന് ബോൺപാർത്ത് പറഞ്ഞു. ആർക്ക്, എന്ത്, എന്തുകൊണ്ട് ലഭിക്കും എന്നതിനെക്കുറിച്ച് വ്യക്തവും കൃത്യവുമായ സംഭാഷണങ്ങൾ ഉണ്ടാകുമ്പോൾ അതിലൂടെ ഭാവിയിൽ ഉണ്ടാകാനിടയുള്ള ആശയക്കുഴപ്പവും സംഘർഷവും ഒഴിവാക്കാൻ കഴിയും എന്നാണ് സാമ്പത്തിക വിദഗ്ധർ പറയുന്നത്.

മക്കളോട് അനുവാദം ചോദിക്കൽ
ചില കുടുംബങ്ങളിൽ ഒരു മകനോ, മകൾക്കോ സാമ്പത്തിക സ്ഥിതി മോശമാണെങ്കിൽ അവർക്ക് കൂടുതൽ സ്വത്ത് നല്കുന്നതിനെക്കുറിച്ചു മറ്റു മക്കളോട് അനുവാദം ചോദിക്കുകയും മുൻകൂട്ടി സംസാരിക്കുകയും ചെയ്യുന്നത് കാര്യങ്ങൾ എളുപ്പമാകുമെന്നും ബഫറ്റ് പറയുന്നു. ഇങ്ങനെ തുറന്നു സംസാരിച്ചാൽ വിൽപത്രം വായിച്ചു കേൾപ്പിക്കുമ്പോൾ മക്കൾക്കൊന്നും പ്രശ്നമുണ്ടാകില്ല എന്ന കാര്യമാണ് സാമ്പത്തിക വിദഗ്ധർ ആണയിടുന്നത്. ബഫറ്റിന്റെ പിതാവ് സ്വത്ത് വിഭജനത്തിൽ തുറന്ന സംസാരം മക്കളോട് നടത്തിയതുപോലെ ബഫറ്റും ഇപ്പോൾ മക്കളോട് എന്തൊക്കെ സ്വത്ത് ആർക്കൊക്കെ ലഭിക്കും എന്ന് വിൽ പത്രം എഴുതി വായിച്ചു കേൾപ്പിച്ചിരിക്കുകയാണ്.