ഡോളര്‍ സൂചിക വിപണിയുടെ ഗതി നിര്‍ണയിക്കും, ഇനിയും മുന്നേറ്റമോ?

Mail This Article
ഡോളര്‍ സൂചിക (ഡോളര്‍ ഇന്‍ഡക്‌സ്) വീണ്ടും മൂലധന വിപണിയുടെ ശ്രദ്ധാകേന്ദ്രമാകുന്ന പ്രവണതയാണ് ഇപ്പോള്‍ കാണുന്നത്. കഴിഞ്ഞ വര്‍ഷം എട്ട് ശതമാനത്തോളം ഉയര്‍ന്ന ഡോളര്‍ സൂചിക ജനുവരിയില്‍ 110ന് മുകളിലേക്ക് ഉയരുന്നതാണ് കണ്ടത്. ഇതിന് മുമ്പ് ഡോളര്‍ സൂചിക ഈ നിലവാരത്തിലെത്തിയത് 2022 നവംബറിലാണ്.
ഡോണള്‍ഡ് ട്രംപ് അധികാരത്തിലേറിയതോടെ ഡോളറിന്റെ മൂല്യം ശക്തിപ്പെടുത്തുന്നതിനുള്ള വിവിധ നടപടികള്‍ സ്വീകരിക്കുമെന്ന നിഗമനമാണ് ഡോളര്‍ സൂചിക വീണ്ടും മൂലധന വിപണിയുടെ ശ്രദ്ധാകേന്ദ്രമായതിന് കാരണം. ആഗോള വ്യാപാര രംഗത്ത് അമേരിക്കയുടെ ശക്തി വര്‍ധിപ്പിക്കുക എന്നത് പ്രഖ്യാപിത ലക്ഷ്യമായി ഉയര്‍ത്തികാട്ടുന്ന ട്രംപ് ഡോളറിനെ അതിനുള്ള ആയുധമായാണ് കാണുന്നത്. യുഎസിന്റെ സാമ്പത്തിക സൂചകങ്ങള്‍ മെച്ചപ്പെട്ടു വരുന്നുവെന്ന ഓരോ റിപ്പോര്‍ട്ടും ഡോളറിന്റെ മൂല്യം വര്‍ധിക്കുന്നതിനും ഡോളര്‍ സൂചിക ഉയരുന്നതിനുമാണ് വഴിവയ്ക്കുന്നത്.

യൂറോ, ജാപ്പനീസ് യെന്‍, പൗണ്ട് സ്റ്റെര്‍ലിങ്, കനേഡിയന്‍ ഡോളര്‍, സ്വീഡിഷ് ക്രോണ, സ്വിസ് ഫ്രാങ്ക് എന്നീ ആറ് കറന്‍സികള്‍ ഉള്‍പ്പെട്ട `ബാസ്‌കറ്റു'മായി താരതമ്യം ചെയ്യുമ്പോള്‍ ഡോളറിന്റെ മൂല്യമെത്രയെന്ന് കണക്കാക്കുന്ന സൂചികയാണ് ഡോളര്‍ സൂചിക. ഈ സൂചികയില്‍ ഉള്‍പ്പെട്ടിരിക്കുന്ന കറന്‍സികള്‍ക്ക് വ്യത്യസ്‌തമായ വെയിറ്റേജാണുള്ളത്.
ഡോളര്‍ സൂചികയിലെ അപ്രതീക്ഷിതമായ കുതിച്ചുചാട്ടം മറ്റ് കറന്‍സികളുടെ മൂല്യശോഷണത്തിനാണ് വഴിവെച്ചത്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ മറ്റ് കറന്‍സികളുമായി താരതമ്യം ചെയ്യുമ്പോള്‍ രൂപയുടെ മൂല്യശോഷണം ഏറ്റവും കുറഞ്ഞ തോതില്‍ പിടിച്ചുനിര്‍ത്താന്‍ റിസര്‍വ് ബാങ്കിന് സാധിച്ചിട്ടുണ്ട്. ആര്‍ബിഐയുടെ കൈവശമുള്ള ഉയര്‍ന്ന വിദേശ നാണ്യ കരുതല്‍ ആണ് ഇതിന് സഹായകമായത്.
സ്ഥാനമൊഴിഞ്ഞ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് രൂപയുടെ മൂല്യം പിടിച്ചുനിര്‍ത്താന്‍ ഏറെ ഫലപ്രദമായ നടപടികളാണ് കൈകൊണ്ടത്. അതേ സമയം തന്നെ ഉയര്‍ന്ന വിദേശ നാണ്യ കരുതല്‍ ഉണ്ടായിട്ടും ഡോളറിനെതിരെ രൂപയുടെ മൂല്യം ഉയര്‍ത്താന്‍ അദ്ദേഹം ശ്രമിച്ചിരുന്നില്ല. അത് നമ്മുടെ കയറ്റുമതി മേഖലയെ പ്രതികൂലമായി ബാധിക്കുമെന്നതു കൊണ്ടും കറന്‍സിയുടെ മൂല്യശോഷണ വേളയില്‍ ഒരു ബാലന്‍സ് നിലനിര്‍ത്തേണ്ടതുണ്ടെന്നതുകൊണ്ടുമാണ് അദ്ദേഹം അത്തരം ശ്രമം നടത്താതിരുന്നത്.
2024ല്‍ രൂപയുടെ മൂല്യം 2.8 ശതമാനമാണ് ഇടിഞ്ഞത്. മറ്റ് കറന്‍സികള്‍ 20 ശതമാനം വരെ മൂല്യശോഷണം നേരിട്ട സ്ഥാനത്താണത്. എന്നാല്‍ ജനുവരിയില്‍ രൂപയുടെ മൂല്യത്തകര്‍ച്ചയ്‌ക്കു വേഗം കൂടി. ഡോളര്‍ കൂടുതല്‍ ശക്തിയാര്‍ജിച്ചത് മൂലം ജനുവരിയില്‍ മാത്രം ഇതുവരെ ഒരു ശതമാനത്തിലേറെയാണ് രൂപയുടെ മൂല്യം ഇടിഞ്ഞത്.

ഡോളര്‍ സൂചിക ഉയരുന്നത് ഓഹരി വിപണിയെ ചാഞ്ചാട്ടത്തിലേക്ക് നയിക്കുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. ട്രംപിന്റെ നയങ്ങള്‍ എന്തായിരിക്കും എന്നതില്‍ വ്യക്തത കൈവരുന്നതു വരെ ഓഹരി വിപണിയിലെ ചാഞ്ചാട്ടം തുടരാനാണ് സാധ്യത. ഡോളര്‍ ശക്തിയാര്‍ജിക്കുമ്പോള്‍ യുഎസ് ഇതര വിപണികളില്‍ നിക്ഷേപിക്കാന്‍ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ക്ക് താല്‍പ്പര്യം കുറയും. ഡോളറിന്റെ മൂല്യം അല്‍പ്പം ഇടിയുന്നതു വരെ കാത്തിരിക്കാനാണ് ഇത്തരം സന്ദര്‍ഭങ്ങളില്‍ താല്‍പ്പര്യപ്പെടുക. അതുകൊണ്ടുതന്നെ ഉടന്‍ വിദേശ നിക്ഷേപക സ്ഥാപനങ്ങളുടെ ഗണ്യമായ നിക്ഷേപം ഇന്ത്യന്‍ ഓഹരി വിപണിയിലേക്ക് എത്താനുള്ള സാധ്യത കുറവാണ്.
അതേ സമയം ട്രംപ് അധികാരത്തിലേറിയതിനു ശേഷം മൂന്ന്-നാല് മാസത്തിനകം അദ്ദേഹത്തിന്റെ നയങ്ങളുടെ ഫലങ്ങള്‍ എന്തായിരിക്കും എന്നതിനെ കുറിച്ച് വ്യക്തത കൈവരുമെന്ന് കരുതാം. ഇക്കാര്യത്തിലുള്ള അനിശ്ചിതത്വം ഒഴിയുന്നതോടെ ഓഹരി വിപണിയിലെ ചാഞ്ചാട്ടത്തിന്റെ തോതും കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ലേഖകൻ ഓഹരി വിപണി വിദഗ്ധനും ഹെഡ്ജ് ഇക്വിറ്റീസിന്റെ മാനേജിങ് ഡയറക്ടറുമാണ്