ചെലവ് കുറയും, ദീർഘകാലത്തേയ്ക്ക് സമ്പത്ത് വളർത്താം: എസ്ഐപി നിക്ഷേപം വര്‍ധിക്കുന്നത് നല്ല സൂചന

Mail This Article
ഓഹരി വിപണി ഇടിവ് നേരിടുമ്പോള്‍ മ്യൂച്വല്‍ ഫണ്ട് എസ്ഐപി നിര്‍ത്തലാക്കുന്നത് ഒരു വിഭാഗം നിക്ഷേപകര്‍ക്കിടയില്‍ കണ്ടുവരാറുള്ള പ്രവണതയാണ്. ഇപ്പോള്‍ ഓഹരി വിപണിയില്‍ ഏതാനും മാസങ്ങളായി തുടരുന്ന ചാഞ്ചാട്ടത്തിനിടയിലും ഈ പ്രവണത കാണുന്നുണ്ട്. അതേ സമയം മറുഭാഗത്ത് പുതിയ എസ്ഐപി നിക്ഷേപം കൂടുതലായി എത്തുന്നുവെന്നത് ആരോഗ്യകരമായ പ്രവണതയാണ്.
പുതുതായി റജിസ്റ്റര്‍ ചെയ്യുന്ന അക്കൗണ്ടുകളും നിര്‍ത്തലാക്കുകയോ കാലയളവ് കഴിഞ്ഞതോ ആയ അക്കൗണ്ടുകളും തമ്മിലുള്ള അനുപാതം നവംബറില്‍ എക്കാലത്തെയും ഉയര്‍ന്ന നിലവാരത്തിന് അടുത്തെത്തി. ഈ അനുപാതം ഇതിന് മുമ്പ് ഏറ്റവും ഉയര്‍ന്ന നിലയിലെത്തിയത് മെയ് മാസത്തിലായിരുന്നു. ചാഞ്ചാട്ടത്തെ തുടര്‍ന്ന് നിലവിലുള്ള എസ്ഐപി അക്കൗണ്ടുകളില്‍ നിന്ന് ലാഭമെടുക്കാന്‍ തുനിഞ്ഞതാണ് എസ്ഐപി സ്റ്റോപ്പേജ് റേഷ്യോ ഉയരാന്‍ കാരണമായത്.

അതേ സമയം ഡിസംബറില്‍ ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടുകളില്‍ എസ്ഐപി വഴി പ്രതിമാസം നിക്ഷേപിക്കുന്ന തുക ആദ്യമായി 26,000 കോടി രൂപ കടന്നു. ഡിസംബറില്‍ 26,459 കോടി രൂപയാണ് എസ്ഐപി വഴി നിക്ഷേപിക്കപ്പെട്ടത്. നവംബറില്‍ 25,320 കോടി രൂപയും ഒക്ടോബറില്‍ 25,323 കോടി രൂപയുമാണ് എസ്ഐപി വഴി നിക്ഷേപിക്കപ്പെട്ടിരുന്നത്.
54,27,201 പുതിയ എസ്ഐപികളാണ് ഡിസംബറില്‍ റജിസ്റ്റര്‍ ചെയ്യപ്പെട്ടത്. നവംബറില്‍ റജിസ്റ്റര്‍ ചെയ്യപ്പെട്ടത് 49,46,408 പുതിയ എസ്ഐപികള്‍ ആയിരുന്നു. മൊത്തം എസ്ഐപി അക്കൗണ്ടുകളുടെ എണ്ണത്തിലും പുതിയ റെക്കോഡ് കൈവരിച്ചു. 10.32 കോടി എസ്ഐപി അക്കൗണ്ടുകളാണ് നിലവിലുള്ളത്.
54 ലക്ഷത്തിലേറെ പുതിയ എസ്ഐപി അക്കൗണ്ടുകള്‍
ഓഹരി വിപണിയിലുണ്ടായ കനത്ത ചാഞ്ചാട്ടത്തിനിടയിലും 54 ലക്ഷത്തിലേറെ പുതിയ എസ്ഐപി അക്കൗണ്ടുകള്‍ തുറന്നുവെന്നത് തീര്‍ച്ചയായും ആരോഗ്യകരമായ സൂചനയാണ്. വിപണിയിലെ ചാഞ്ചാട്ടം പുതിയ എസ്ഐപി അക്കൗണ്ടുകളുടെ വളര്‍ച്ചയ്ക്ക് തടസമായില്ല. തുടര്‍ച്ചയായി വിപണി നേരിടുന്ന ഇടിവിന്റെ വാര്‍ത്തകള്‍ എസ്ഐപി തുടങ്ങുന്നതില്‍ നിന്ന് നിക്ഷേപകരെ പിന്തിരിപ്പിച്ചില്ല.
നിക്ഷേപകര്‍ക്ക് പുതിയ അവസരം
യഥാര്‍ത്ഥത്തില്‍ ഇപ്പോഴുണ്ടായതു പോലുള്ള തിരുത്തലുകള്‍ എസ്ഐപി വഴി നിക്ഷേപിക്കുന്നവര്‍ക്ക് ഒരു അനുഗ്രഹമാണ്. കുറഞ്ഞ ചെലവില്‍ മ്യൂച്ച്വല്‍ ഫണ്ട് യൂണിറ്റുകള്‍ വാങ്ങാന്‍ ഇത്തരം അവസരങ്ങളില്‍ അവര്‍ക്ക് സാധിക്കുന്നുവെന്നതു തന്നെ കാരണം. എസ്ഐപി വഴിയുള്ള നിക്ഷേപത്തില്‍ നിന്നും ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള മികച്ച നേട്ടം ലഭിക്കാന്‍ ഇപ്പോള്‍ വിപണിയിലുണ്ടായതു പോലുള്ള ആരോഗ്യകരമായ തിരുത്തലുകള്‍ ആവശ്യമാണ്. പുതിയ നിക്ഷേപകര്‍ക്കു എസ്ഐപി തുടങ്ങുന്നതിനുള്ള മികച്ച അവസരം കൂടിയാണ് ഇപ്പോഴുള്ളത്.

പോസ്റ്റ് ഓഫീസ് സമ്പാദ്യ പദ്ധതികളിലെയോ ബാങ്കുകളിലെയോ റെക്കറിങ് ഡെപ്പോസിറ്റുകളില്‍ എല്ലാ മാസവും നിശ്ചിത തീയതിക്ക് നിശ്ചിത തുക നിക്ഷേപിക്കുന്നതു പോലെയോ മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപിക്കുന്ന രീതിയാണ് എസ്ഐപി. തിരുത്തലുകളെ ഉപയോഗപ്പെടുത്താന്‍ കൂടി രൂപപ്പെടുത്തിയിട്ടുള്ള നിക്ഷേപരീതിയാണ് ഇത്. വിപണി ഇടിയുമ്പോള്‍ കൂടുതല്‍ മ്യൂച്വല്‍ ഫണ്ട് യൂണിറ്റുകള്‍ വാങ്ങാനുള്ള അവസരമാക്കി മാറ്റുകയാണ് എസ്ഐപി ചെയ്യുന്നത്. ഇതു വഴി നമ്മുടെ നിക്ഷേപ ചെലവ് കുറയ്ക്കാനും ദീര്‍ഘകാലാടിസ്ഥാനത്തില്‍ നേട്ടമുണ്ടാക്കാനും കഴിയുന്നു.
വിദഗ്ധര്‍ക്കു പോലും വിപണിയുടെ ഗതി കൃത്യമായി പ്രവചിക്കുക അസാധ്യമാണ്. ഈ അപ്രവചനീയ സ്വഭാവം കാരണം വിപണിയുടെ ഗതി ഇനിയെങ്ങോട്ടെന്ന ആശങ്ക ഒരു ഹ്രസ്വകാല നിക്ഷേപകനെ എപ്പോഴും ഭരിച്ചെന്നു വരും. ഇവിടെയാണ് സാധാരണ നിക്ഷേപകര്‍ക്ക് എസ്ഐപി തുണയാകുന്നത്. അത്തരമൊരു ആശങ്കയും അലട്ടാതെ നിക്ഷേപം മുന്നോട്ടു കൊണ്ടുപോകാന്‍ എസ്ഐപി വഴി സാധിക്കും.
ഒന്നിച്ച് വലിയ തുക നിക്ഷേപം നടത്തുന്നതിന് പകരം വിവിധ ഘട്ടങ്ങളിലായി ചെറിയ തുകകള്‍ നിക്ഷേപിക്കുന്നതിലൂടെ സമ്പത്ത് ആര്‍ജിക്കുന്നതിനുള്ള ഏറ്റവും ഫലപ്രദമായ രീതിയാണ് എസ്ഐപി. ഓഹരി വിപണിയുടെ ഉയര്‍ന്ന നിലകളെയും താഴ്ന്ന നിലകളെയും ഒരു പോലെ നിക്ഷേപകര്‍ക്ക് ഉപയോഗപ്പെടുത്താനാകുമെന്നതാണ് എസ്ഐപിയുടെ മേന്മ.
(ഹെഡ്ജ് ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമാണ് ലേഖകന്‍.)