പിന്നെങ്ങനെ നിക്ഷേപിക്കും? ഈ ഓഹരിവിപണിയിൽ

Mail This Article
അറിയപ്പെടുന്ന ഓഹരി വിരോധിയായ സുഹൃത്ത് പത്രം എടുത്ത് മുമ്പിലേക്കിട്ടു. 'കണ്ടോ ഞാന്‍ പറഞ്ഞപ്പോള്‍ വിശ്വാസമായില്ല. ഇപ്പോള്‍ സ്റ്റോക്ക് എക്സ്ചേഞ്ച് തന്നെയാ പറഞ്ഞിരിക്കുന്നേ.' ഞാനൊക്കെ ആരാ എന്ന ഭാവത്തില്‍ അവന് ഒന്ന് ഞെളിഞ്ഞിരുന്നു.
ഞാന്‍ പത്രമെടുത്ത് നോക്കി. നിക്ഷേപകര്‍ തട്ടിപ്പില്‍ പെടാതിരിക്കാനുള്ള ബോധവല്‍ക്കരണം ഉദ്ദേശിച്ച് പ്രമുഖ സ്റ്റോക് എക്സ്ചേഞ്ച് പ്രസിദ്ധീകരിച്ച പത്രപ്പരസ്യം. അതില്‍ ഇവന് ഇത്ര സന്തോഷിക്കാനെന്താ എന്നെനിക്ക് മനസിലായില്ല.
പരസ്യത്തിലെ ആദ്യ വാചകം ഞാന്‍ വായിച്ചു-നിങ്ങളുടെ അവബോധമാണ് നിങ്ങളുടെ ഏറ്റവും വലിയ നിക്ഷേപം. ഇത് നീ എപ്പോള്‍ പറഞ്ഞിട്ടുള്ളതാണ്.
അവന് മിണ്ടാട്ടമില്ല. ഞാന്‍ രണ്ടാമത്തെ വാചകം വായിച്ചു-വരുമാനം ഉറപ്പു നല്കുന്ന നിയന്ത്രണ വിധേയമല്ലാത്ത ട്രേഡിങ് ആപ്പുകളും സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളും ഒഴിവാക്കുക.- ഇത് നീ എപ്പോഴാണ് പറഞ്ഞിട്ടുള്ളത്. അവന് മിണ്ടാട്ടമില്ല. ഞാന്‍ അടുത്തതും വായിച്ചു- ഡബ്ബ ട്രേഡിങ് നിയമ വിരുദ്ധവും റജിസ്റ്റര്‍ ചെയ്യാത്ത സ്ഥാപനങ്ങള്‍ നടത്തുന്നതുമാണ്. ഇങ്ങനെ നീ എപ്പോഴാണ് പറഞ്ഞിട്ടുള്ളത്. അവന് മിണ്ടാട്ടമില്ല.
ഞാന്‍ അവനെ രൂക്ഷമായി നോക്കി. അവന് പറഞ്ഞു. നീ എന്താ വായന നിര്‍ത്തിയോ. അടുത്ത വാചകം വായിക്കൂ. അല്ലേല്‍ ഞാന്‍ വായിക്കാം. ഓഹരി വിണിയില്‍ വരുമാനം ഉറപ്പു നല്‍കുന്നത് നിയമപ്രകാരം നിരോധിച്ചിരിക്കുന്നു. ഇത് ഞാന്‍ എത്രയോ തവണ പറഞ്ഞിരിക്കുന്നു. നീ കേട്ടിട്ടുണ്ടോ. അവന് ഒന്നു നിര്‍ത്തി എന്നെ നോക്കി.
ഓ അപ്പോള്‍ അതാണ് കാര്യം അല്ലേ. ഞാന്‍ ചോദിച്ചു.
അതേ അതു തന്നെ കാര്യം. ഞാന്‍ ബാക്കി കൂടി വായിക്കാം. അത്തരം സ്കീമുകളിലെ നിക്ഷേപത്തിന് എക്സ്ചേഞ്ചില്‍ നിന്നുള്ള നഷ്ടപരിഹാരത്തിന് അര്‍ഹതയില്ല. അവന് ഒന്നു നിര്‍ത്തി. എന്നിട്ട് തുടര്‍ന്നു. ഓഹരി വിപണിയില്‍ വരുമാനം ഉറപ്പുതരുന്നത് നിയമപ്രകാരം നിരേധിച്ചിരിക്കുന്നു എന്നുപറഞ്ഞാല്‍ അര്‍ത്ഥം അതില്‍ നിന്ന് വരുമാനമൊന്നും കിട്ടില്ല.
കിട്ടിയാല്‍ കിട്ടി. അല്ലേല്‍ ചട്ടി എന്നു തന്നെയാണ് അര്‍ത്ഥം. അതുകൊണ്ട് ആരും കാശുമായി ഓഹരി വിപണിയിലേക്കൊന്നും പോയേക്കരുത്. മ്യൂച്വല്‍ ഫണ്ട് കാരൊക്കെ എത്ര ശതമാനമാണ് ലാഭം ഗാരന്റി തരുന്നത്. ഒന്നും ശരിയല്ല. ഇത് ഞാന്‍ എത്ര തവണ പറഞ്ഞിട്ടുള്ളതാണ്. അവന് വാദം തുടര്‍ന്നു.
ഞാന്‍ ഒന്നും പറഞ്ഞില്ല. കേട്ടാല്‍ ആര്‍ക്കും ഇവന് പറയുന്നത് ശരിയാണ് എന്നു തോന്നും. എന്നാല്‍ ഇവന് കേട്ടതോ മനസിലാക്കിയതോ അല്ല സത്യം എന്ന് എങ്ങനെയാണ് ഇവരെ ധരിപ്പിക്കുക. എങ്കിലും ഞാന്‍ പറഞ്ഞു.
ഓഹരി വിപണി തട്ടിപ്പാണ്, ചൂതാട്ടമാണ് എന്നൊക്കെ നീ പറയാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങള്‍ കുറേയായില്ലേ. നീ പറയുന്ന കാര്യങ്ങളേയല്ല ഈ പരസ്യം പറയുന്നത്. ഓഹരി വിപണിയില്‍ നിന്ന് ഒരിക്കലും ഗാരന്റീഡ് റിട്ടേണ്‍ കിട്ടില്ല. അതായത് ബാങ്കിലേതുപോലെ ഇത്ര ശതമാനം വീതം ലാഭം കിട്ടും അല്ലെങ്കില്‍ കിട്ടിക്കൊണ്ടിരിക്കും എന്ന് ആര്‍ക്കും ഉറപ്പായി വാഗ്ദാനം ചെയ്യാന്‍ കഴിയില്ല.
കാരണം ഓഹരിയിലും മ്യൂച്വല്‍ ഫണ്ടിലും നിക്ഷേപിക്കുന്ന പണത്തില്‍ നിന്നുള്ള നേട്ടം ഓഹരി വിപണിയുടെ ഗതിവിഗതിക്കള്ക്കനുസരിച്ച് മാത്രമേ ലഭിക്കൂ. അത് കിട്ടുമെന്നോ ഇല്ലെന്നോ ലാഭമുണ്ടാക്കുമെന്നോ നഷ്ടമാണെന്നോ ആര്‍ക്കും മുന്‍കൂട്ടി പ്രവചിക്കാന്‍ കഴിയില്ല. അതുകൊണ്ട് ലാഭം കിട്ടുമെന്ന് ഉറപ്പായി പറയുന്നത് നിയമ വിരുദ്ധം തന്നെയാണ് അല്ലാതെ ഓഹരിയില്‍ നിക്ഷേപിക്കുന്നതോ അതില്‍ നിന്ന് ലാഭം ഉണ്ടാക്കുന്നതോ നിയമവിരദ്ധമാണ് എന്നല്ല.. ലാഭം കിട്ടുമെന്ന് വിശ്വസിപ്പിച്ച് ഓഹരിയില്‍ ആളുകളെകൊണ്ട് നിക്ഷേപിക്കുന്നത് നിയമ വിരുദ്ധമാണ്. അതുകൊണ്ടാണ് ഓഹരിയില്‍ പണം നിക്ഷേപിക്കൂ ഇരട്ടി ലാഭം നേടൂ എന്നൊക്കെ വാഗ്ദാനം നല്കുന്ന ട്രേഡിങ് ആപ്പുകളിലും സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളിലും പണം നിക്ഷേപിക്കരുത് എന്ന് ഈ പരസ്യം പറയുന്നത്. ഞാന്‍ പറഞ്ഞു നിര്‍ത്തി.
സുഹൃത്ത് ഒന്ന് പൊടിക്ക് അടങ്ങി.അപ്പോള്‍ വാട്സാപ്പിലും ഫേസ്ബുക്കിലുമൊക്കെ കാണുന്നത് വ്യാജന്മാരാണ് എന്നാണോ. ഓഹരി വിപണിയില്‍ നിന്ന് ഗാരന്റീഡ് റിട്ടേണ്‍ ഉറപ്പ് പറഞ്ഞ് വരുന്ന ഒരു നിക്ഷേപ സ്കീമും നിയമ പരമായുളളതല്ല.
അപ്പോള്‍ പിന്നെ ആളുകള്‍ എങ്ങനെ ഓഹരിയില്‍ നിക്ഷേപിക്കും? അവന് ചോദിച്ചു. അംഗീകൃത ഓഹരി ബ്രോക്കര്‍മാര്‍ വഴി നിക്ഷേപം നടത്തുക. സ്റ്റോക്എക്സ്ചേഞ്ചുകളുടെ വെബ്സൈറ്റ് പരിശോധിച്ച് ഇത്തരം റജിസ്റ്റേര്‍ഡ് ബ്രോക്കര്‍മാരെ കണ്ടെത്താവുന്നതേയുള്ളൂ. റജിസ്റ്റേര്‍ഡ് ആപ്പുകളും ഇത്തരത്തില്‍ കണ്ടെത്താം. അവരുമായി മാത്രം ഇടപാട് നടത്തുക. അത്തരക്കാരുടെ അക്കൗണ്ടുകളിലേക്ക് മാത്രം പണം ട്രാന്‍സ്ഫര്‍ ചെയ്ത് നല്‍കുക.
ഇത്തരം റജിസ്റ്റേര്‍ഡ് ആയിട്ടുള്ളവര്‍ നമ്മളെ പറ്റിച്ചാലോ. അവന് പിന്നെയും ചോദിച്ചുകൊണ്ടേയിരുന്നു. എങ്കില്‍ വിവരമറിയും. നിയമവിധേയമായ സ്ഥാപനങ്ങളുമായി ഇടപാട് നടത്തി കബളിപ്പിക്കപ്പെട്ടാല്‍ സെബിയും സ്റ്റോക് എക്സ്ചേഞ്ചുകളും നിങ്ങളുടെ സഹായത്തിനെത്തും എന്നതുറപ്പ് എന്ന് പറഞ്ഞ് ഞാന്‍ സംഭാഷണം അവസാനിപ്പിച്ചു.
(പെഴ്സണല്‍ ഫിനാന്‍സ് അനലിസ്റ്റും എന്‍ട്രപ്രണര്‍ഷിപ്പ് മെന്ററുമാണ് ലേഖകന്‍. ഫോണ്‍ 9447667716. ഇ മെയ്ല് jayakumarkk8@gmail.com)