ജിഡിപി വളര്‍ച്ചയല്ല, ജനങ്ങളുടെ അഭിവൃദ്ധിയാണ് പ്രധാനം

Mail This Article
നമ്മുടെ രാജ്യത്തിന്റെ ജനസംഖ്യയുടെ 90 ശതമാനത്തിനും ഇപ്പോഴും ആവശ്യമായ ഉല്‍പ്പന്നങ്ങളോ സേവനങ്ങളോ വാങ്ങുന്നതിനുള്ള ക്രയശേഷി ഇല്ലെന്നാണ് വെഞ്ച്വര്‍ കാപ്പിറ്റല്‍ സ്ഥാപനമായ ബ്ലൂം വെഞ്ച്വേഴ്‌സിന്റെ ഒരു പഠനത്തില്‍ പറയുന്നത്. തീര്‍ച്ചയായും ഇത് നമ്മുടെ ഭരണാധികാരികളുടെ കണ്ണ് തുറപ്പിക്കേണ്ട കണ്ടെത്തലാണ്.
140 കോടി വരുന്ന നമ്മുടെ ജനസംഖ്യയുടെ കേവലം 10 ശതമാനം (ഏകദേശം 14 കോടി ജനങ്ങള്‍) ആണ് ഉപഭോഗം നടത്തുന്നതും രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയെ മുന്നോട്ടുകൊണ്ടുപോകുന്നതും. ബാക്കി ഏകദേശം 125 കോടി ജനങ്ങളും സാധനങ്ങള്‍ വാങ്ങാന്‍ മതിയായ പണം കൈവശമില്ലാത്തവരാണ്.

പ്രതി ശീര്‍ഷ വരുമാനം
ലോകത്തെ ഏറ്റവും ഉയര്‍ന്ന വളര്‍ച്ചാ നിരക്കുള്ള രാജ്യമാണ് എന്നതില്‍ അഭിമാനിക്കുന്നവരാണ് നാം. അതേ സമയം ജിഡിപി വളര്‍ച്ചയില്‍ മുന്നില്‍ നില്‍ക്കുന്ന നമ്മുടെ രാജ്യം പ്രതി ശീര്‍ഷ വരുമാനത്തിന്റെ കാര്യത്തില്‍ എവിടെ നില്‍ക്കുന്നുവെന്ന് കൂടി പരിഗണിക്കുമ്പോഴാണ് നമ്മുടെ രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയുടെ യഥാര്‍ത്ഥ ചിത്രം വെളിവാകുന്നത്. കൊച്ചു രാജ്യമായ വിയറ്റ്‌നാമിനു പോലും ഏകദേശം 4000 കോടി ഡോളര്‍ പ്രതിശീര്‍ഷ വരുമാനമുണ്ട്. അതേ സമയം ജിഡിപിയുടെ അടിസ്ഥാനത്തില്‍ ഏഷ്യയിലെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയായ ഇന്ത്യയുടെ പ്രതിശീര്‍ഷ വരുമാനം 2700 ഡോളര്‍ മാത്രമാണ്.
ജിഡിപിയുടെ അടിസ്ഥാനത്തില്‍ ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ സാമ്പത്തിക ശക്തിയായി മാറുക എന്ന ലക്ഷ്യത്തോടെ മുന്നോട്ടുപോകുന്ന രാജ്യമാണ് ഇന്ത്യ. അതേ സമയം പ്രതി ശീര്‍ഷ വരുമാനം വളരാതെ നമുക്ക് യഥാര്‍ത്ഥ വളര്‍ച്ച കൈവരിക്കാനാകുമോ?
ജിഡിപി വളര്‍ച്ച രാജ്യത്തെ മുഴുവന്‍ പേരുടെയും വളര്‍ച്ചയായി മാറുന്നില്ല എന്നതാണ് വാസ്‌തവം. ഒരു രാജ്യം യഥാര്‍ത്ഥ വളര്‍ച്ച കൈവരിക്കണമെങ്കില്‍ ജനങ്ങളുടെ ഉപഭോഗ ശേഷി വര്‍ധിക്കണം. അത് തിരിച്ചറിഞ്ഞുള്ള നടപടികള്‍ക്കു മാത്രമേ നമ്മെ യഥാര്‍ത്ഥ സാമ്പത്തിക ശക്തിയാക്കി മാറ്റാനാവുകയുള്ളൂ.
ഇന്ത്യയും ചൈനയും

2008ലെ സാമ്പത്തിക പ്രതിസന്ധിക്കു ശേഷം ഇതു മനസിലാക്കി പ്രവര്‍ത്തിച്ചതുകൊണ്ടാണ് ചൈനയിലെ ജനങ്ങളുടെ ഉപഭോഗ ശേഷി ഗണ്യമായി വര്‍ധിച്ചത്. 2009ല്‍ അടിസ്ഥാന സൗകര്യങ്ങള്‍ക്കും ജനങ്ങളുടെ ഉപഭോഗ ശേഷി വര്‍ധിപ്പിക്കുന്നതിനും വേണ്ടി 58,600 കോടി ഡോളറിന്റെ ഉത്തേജക പദ്ധതിയാണ് ചൈന ആവിഷ്‌കരിച്ചത്. 2010നും 2015നും ഇടയില്‍ ചൈനയിലെ ശരാശരി മിനിമം വേതനത്തില്‍ പ്രതിവര്‍ഷം 13 ശതമാനം വര്‍ധനയുണ്ടായി. 2015ഓടെ ചൈനയിലെ കുടുംബങ്ങളുടെ ഉപഭോഗം ജിഡിപിയുടെ 39 ശതമാനമായി (2010ല്‍ ഇത് 35 ശതമാനമായിരുന്നു) ഉയര്‍ന്നു.
2008ല്‍ 2800 ഡോളര്‍ ആയിരുന്ന ചൈനയുടെ പ്രതിശീര്‍ഷ വരുമാനം ഇന്ന് 12,850 കോടി ഡോളറാണ്. ഇന്ത്യയുടെ പ്രതിശീര്‍ഷ വരുമാനത്തിന്റെ ഏകദേശം ആറ് മടങ്ങ്! 2008ല്‍ 1021 ഡോളറായിരുന്ന ഇന്ത്യയുടെ പ്രതിശീര്‍ഷ വരുമാനം ഇന്ന് 2008ലെ ചൈനയുടെ പ്രതിശീര്‍ഷ വരുമാനത്തിന്റെ തൊട്ടടുത്ത് മാത്രം എത്തിനില്‍ക്കുന്നു!
ജിഡിപി വളര്‍ച്ച സംബന്ധിച്ച തലക്കെട്ടുകളില്‍ അഭിരമിക്കാതെ യഥാര്‍ത്ഥ വളര്‍ച്ച കൈവരിക്കണമെങ്കില്‍ നാം ഉല്‍പ്പാദനക്ഷമത വര്‍ധിപ്പിക്കുന്ന നടപടികള്‍ കൈകൊള്ളണം. അതിനായി ഉല്‍പ്പാദന ബന്ധിതമായ, സാമ്പത്തിക തലത്തിലുള്ള പ്രോത്സാഹനങ്ങള്‍ തൊഴിലാളികള്‍ക്കു കൂടി നല്‍കണം. കോര്‍പ്പറേറ്റുകള്‍ക്കു മാത്രമായി ഇത്തരം പ്രോത്സാഹനം ഒതുക്കുന്ന രീതി മാറ്റണം. ഉല്‍പ്പാദന നേട്ടവുമായി ബന്ധപ്പെടുത്തി നേരിട്ടുള്ള സര്‍ക്കാരിന്റെ ധന സഹായങ്ങള്‍ നല്‍കണം. സൂക്ഷ്‌മ, ചെറുകിട, ഇടത്തരം സംരംഭങ്ങളിലെ തൊഴിലാളികളുടെ വേതനം വര്‍ധിപ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണം.
ഉയര്‍ന്ന ക്രയശേഷിയുള്ള 140 കോടി ഉപഭോക്താക്കള്‍ ഒരു രാജ്യത്തിന്റെ സ്ഥിരതയാര്‍ന്ന വളര്‍ച്ചയ്‌ക്കുള്ള യന്ത്രമായി മാറും. നമ്മുടെ സമ്പദ്‌വ്യവസ്ഥ എത്ര വലുതാണ് എന്നതിനേക്കാള്‍ പ്രധാനമാണ് നമ്മുടെ രാജ്യത്തെ ജനങ്ങള്‍ക്ക് എത്രത്തോളം അഭിവൃദ്ധിയുണ്ട് എന്നത്.