ADVERTISEMENT

ഷോറുമിൽ വന്ന് ഉൽപന്നം കണ്ടും പരിശോധിച്ചും അറിഞ്ഞശേഷം അത്  ഇ-കൊമേഴ്‌സ് സ്ഥാപനങ്ങളിൽനിന്നും വാങ്ങുന്ന രീതി കച്ചവടക്കാർക്കു വലിയ നഷ്ടമുണ്ടാക്കുന്നു. ഇ-കൊമേഴ്‌സ് സ്ഥാപനങ്ങൾ പരമ്പരാഗത വ്യവസായങ്ങൾക്ക് ഉയർത്തുന്ന വെല്ലുവിളി ചെറുതല്ല. ഇതിനെ അടുത്ത തലത്തിലേക്കെത്തിക്കുന്ന ഒന്നാണ് ‘ഷോറൂമിങ്’.

കേൾക്കുമ്പോൾ കൗതുകകരമായി തോന്നുമെങ്കിലും അൽപം പ്രശ്നക്കാരനാണിവൻ. കച്ചവടസ്ഥാപനങ്ങളിലും ഷോറൂമിലും വന്ന് ഉൽപന്നങ്ങൾ കണ്ടും പരിശോധിച്ചറിഞ്ഞും ഉപയോഗിച്ചുനോക്കിയതിനും ശേഷം അതേ ഉൽപന്നം ഇ-കൊമേഴ്‌സ്‌വഴി വാങ്ങുന്ന പ്രവണതയാണിത്. ഉദാഹരണത്തിന്, ഉപഭോക്താവിനു വുഡ്‌ലാൻഡിന്റെ ഷൂ വാങ്ങണമെങ്കിൽ അദ്ദേഹം വുഡ്‌ലാൻഡ് ഷോറൂമിൽ എത്തും. തനിക്കിഷ്ടപ്പെട്ട ഷൂ ഇട്ടുനോക്കി തൃപ്തിപ്പെട്ട് ഫ്ലിപ്കാർട്ടിൽ നിന്നും വാങ്ങും. ഇവിടെ ഈ ഉപഭോക്താവിനെ പരിചരിക്കാനായി നീക്കിവയ്ക്കുന്ന സമയവും അധ്വാനവും ഷോറൂം ഉടമയ്ക്കു നഷ്ടം. അതുകൊണ്ട് ഈ രീതിയെ ചെറുക്കേണ്ടത് ഏതു സംരംഭകന്റെയും ആവശ്യമാണ്. അതിനു സഹായകമായ 5 കാര്യങ്ങൾ ഇതാ:  

online-shopping-new

1. അധിക വില ഈടാക്കരുത് 

ഉൽപന്നത്തിന്റെ വിൽപനവിലയും ഇ-കൊമേഴ്‌സ് സൈറ്റുകളിലെ വിലയും തമ്മിൽ വലിയ അന്തരമുണ്ടാകരുത്. സ്ഥാപനം ഈടാക്കുന്ന വില പ്രദർശിപ്പിക്കുന്നതിനൊപ്പം ഓൺലൈൻ വില കൂടി നൽകുന്നത് ഉപകരിക്കും. ഓൺലൈനിലെക്കാൾ അൽപം കൂടുതലാകാം ഷോപ്പിലെ വില. പക്ഷേ, അതിനുള്ള കാരണംകൂടി ഉപഭോക്താവിനു വ്യക്തമാക്കിക്കൊടുക്കാൻ നിങ്ങൾക്കു കഴിയണം. ഇത്തരമൊരു രീതി സ്വീകരിച്ചാൽ വില കാരണമായുള്ള കൊഴിഞ്ഞുപോക്കു നിയന്ത്രിക്കാം. 

2. മികച്ച അനുഭവം നൽകാം

സ്ഥാപനത്തിലേക്കെത്തുന്ന ഉപഭോക്താവിനു മികച്ച അനുഭവം നൽകുകയെന്നതാണ് അടുത്ത തന്ത്രം. മികച്ച ഉപഭോക്‌തൃ സേവനം, വിവരണം തുടങ്ങി ഇ-കൊമേഴ്‌സിൽ പകർത്താൻ കഴിയാത്ത തരം വ്യക്തിഗത അനുഭവങ്ങൾ ഉപഭോക്താവിനു സമ്മാനിക്കുക. 

3. ഉപയോഗിക്കാം സ്മാർട്ഫോൺ  

ഉൽപന്നങ്ങളുടെ വിലവിവരങ്ങൾ, ഉപയോഗിച്ചവരുടെ സാക്ഷ്യപ്പെടുത്തൽ തുടങ്ങിയവ വളരെ വേഗത്തിലും ഭംഗിയായും ഉപഭോക്താവിന്റെ മൊബൈൽ ഫോണിൽ ലഭ്യമാക്കുന്ന  സജ്ജീകരണങ്ങൾ ഒരുക്കുന്നതു ഗുണകരമാകും. ഏറ്റവും ലളിതമായി QR കോഡ് സാങ്കേതികവിദ്യ ഉപയോഗിച്ചിതു ചെയ്യാനാകും. 

4. തനത് ഉൽപന്നങ്ങൾ 

E-commerce-or-Online-Shopping

ഓൺലൈനായി ലഭ്യമല്ലാത്ത ഉൽപന്നങ്ങൾകൂടി മറ്റുള്ളവയ്‌ക്കൊപ്പം സ്ഥാപനത്തിൽ ഉൾപ്പെടുത്തുകയെന്നതാണ് മറ്റൊരു വഴി. ഇതും കൊഴിഞ്ഞുപോക്ക് തടയുന്നതിന് ഒരു പരിധിവരെ സഹായിക്കും.

5. ലഭ്യത ഉറപ്പാക്കണം 

മേൽ പറഞ്ഞവയൊക്കെ ചെയ്താലും ആവശ്യമായ ഉൽപന്ന വൈവിധ്യം ലഭ്യമല്ലെങ്കിൽ ഉപഭോക്താവ് ഇ-കൊമേഴ്‌സ് സ്ഥാപനങ്ങളിലേക്കു തന്നെ മടങ്ങിപ്പോകും. വിപണിയിൽ ആവശ്യക്കാരുള്ള എല്ലാ ബ്രാൻഡുകളുടെയും വൈവിധ്യമാർന്ന എല്ലാ ഉൽപന്നങ്ങളും നിങ്ങളുടെ സ്ഥാപനത്തിൽ ഉണ്ടെന്ന് ഉറപ്പാക്കണം.

ലേഖകൻ ബിറ്റ്സ് പിലാനിയിൽ മാർക്കറ്റിങ് വിഭാഗം അസിസ്റ്റന്റ് പ്രഫസറാണ്∙ എം  എസ് എം ഇ കൺസൾട്ടന്റുമാണ്.

ഫെബ്രുവരിലക്കം സമ്പാദ്യത്തില്‍ പ്രസിദ്ധീകരിച്ചത്

English Summary:

Combat showrooming with these 5 effective strategies. Learn how to retain customers and increase sales by providing superior customer service, competitive pricing, and unique product offerings.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com