നിക്ഷേപകർ വിട്ടു പിടിച്ചു, കനകച്ചിലങ്ക പോയി വെള്ളിച്ചിലങ്ക വരുമോ

Mail This Article
സ്വര്‍ണ നിക്ഷേപകരെല്ലാം കൂടി കുറേക്കാലമായി വെള്ളിയുടെ പിറകേയാണ്. സ്വര്‍ണ വില അതിന്റെ ഏറ്റവും വലിയ ഉയരത്തിലെത്തിയതോടെ ഇനിയും സ്വര്‍ണം വാങ്ങാന്‍ വലിയ രീതിയില്‍ പണം മുടക്കേണ്ടിവരുമെന്നതിനാലാണ് ഈ വെള്ളി പ്രേമം. ഇന്ദുലേഖയെ കിട്ടിയില്ലെങ്കില്‍ അവളുടെ തോഴിയെ കിട്ടിയാലെങ്കിലും മതി എന്ന മാനസികാവസ്ഥയിലാണ് ലോഹ നിക്ഷേപകര്‍.
ലോക പ്രശസ്ത നിക്ഷേപ ഗുരുവായ വാറന്‍ ബുഫെ അറിയപ്പെടുന്ന സ്വര്‍ണ വിരുദ്ധനാണ്. സ്വര്‍ണത്തെ ഒരിക്കലും നിക്ഷേപമായി കരുതാനാവില്ലെന്നാണ് ബുഫെയുടെ വിശ്വാസം. എന്നാല്‍ സ്വര്‍ണത്തിന്റെ വലിയ വക്താവായ മറ്റൊരു നിക്ഷേപ ഗുരു റോബര്‍ട്ട് കിയോസാക്കി വെള്ളിവില ഈ വര്‍ഷം ഇരട്ടിക്കുമെന്നാണ് പറയുന്നത്. അടുത്ത 10-15 വര്‍ഷക്കാലയളവില്‍ നിക്ഷേപിക്കാന്‍ പറ്റിയ ഒരു ആസ്തി തിരഞ്ഞെടുക്കാന്‍ പറഞ്ഞാല്‍ അത് വെള്ളി ആയിരിക്കുമെന്നാണ് നിക്ഷേപ ഗുരു ജിം റോജേഴ്‌സ് പറയുന്നത്. ഇവരെല്ലാം ഒരു കാര്യത്തില്‍ ഏകാഭിപ്രായക്കാരാണ്. സ്വര്‍ണത്തിന്റെ വില അതിന്റെ ഏറ്റവും വലിയ ഉയരത്തില്‍ എത്തിയിരിക്കുന്നു.

ഇനി എന്ത്?
ഇതൊക്കെ കൊണ്ടുതന്നെ ഇപ്പോള്‍ നിക്ഷേപരംഗത്ത് വെള്ളിച്ചിലങ്ക കൂടുതല്‍ കിലുക്കത്തോടെ കിലുങ്ങുകയാണ്.
അല്ലിക്ക് ആഭരണം വാങ്ങുമ്പോൾ കുറച്ച് വെള്ളി കൂടി വാങ്ങിയാലെന്തെന്ന് ഏതു നാഗവല്ലിയും ചോദിച്ചു പോകുന്ന സമയം
ഇന്ത്യയില്‍ നിക്ഷേപം എന്ന നിലയിലും വ്യാവസായിക അസംസ്‌കൃത വസ്തു എന്ന നിലയിലും വെള്ളിക്ക് ഡിമാന്‍ഡ് കൂടുന്നു എന്നാണ് കണക്കുകള്‍ പറയുന്നത്. ഇലക്ട്രോണിക്‌സ്, റിന്യൂവബിള്‍ എനര്‍ജി, ഹെല്‍ത്ത് കെയര്‍, സെമി കണ്ടക്ടേഴ്‌സ് തുടങ്ങിയ മേഖലയുടെ വളര്‍ച്ച വെള്ളിക്കുള്ള ഡിമാന്‍ഡ് കൂട്ടുമെന്നാണ് കരുതപ്പെടുന്നത്. ഉല്‍പ്പാദിപ്പിക്കപ്പെടുന്ന വെള്ളിയുടെ 50 ശതമാനവും വ്യാവസായികമായി ഉപയോഗിക്കുകയാണ്. സ്വര്‍ണമാകട്ടെ ഇങ്ങനെ ഒരു ശതമാനം പോലും ഉപയോഗിക്കപ്പെടുന്നില്ല.

വില വര്‍ധനയുടെ കാര്യത്തിലും വെള്ളി അത്ര പുറകിലല്ല. സ്വര്‍ണത്തിന് 2000 ല്‍ വില ഒരു ഗ്രാമിന് 440 രൂപയായിരുന്നു. അതാണ് 25 വര്‍ഷം കൊണ്ട് വര്‍ധിച്ച് ഇന്ന് 9594 രൂപയെന്ന ഏറ്റവും വലിയ നിലയിലെത്തിയത്. വെള്ളി 2000 ല്‍ ഒരു ഗ്രാമിന് 7.9 രൂപയായിരുന്നു. അത് 25 വര്‍ഷം കൊണ്ട് വര്‍ധിച്ച് ഇന്നത്തെ 92.5 രൂപയിലെത്തി. 25 വര്‍ഷം കൊണ്ട് സ്വര്‍ണ വില 22 ഇരട്ടിയായപ്പോള്‍ വെള്ളിവില 12 ഇരട്ടിയായി വര്‍ധിച്ചു. എന്നാല്‍ ഇനി എന്ന് സ്വര്‍ണ വില ഇരട്ടിയാകുമെന്ന് ആരും പറയുന്നില്ല. എന്നാല്‍ വെള്ളിയെക്കുറിച്ച് അങ്ങനെയല്ല. പലരും വലിയ ഭാവി കാണുന്നു. ഇവരുടെ കണക്കുകൂട്ടല്‍ ശരിയോ എന്നത് കാലം തെളിയിക്കും.
വെള്ളി നിക്ഷേപം
സ്വര്‍ണം പോലെ തന്നെ വെള്ളിയും ഏക നിക്ഷേപ മാര്‍ഗമായി കാണുന്നത് അപകടമാണ്. ഓരാളുടെ മൊത്തം നിക്ഷേപത്തില്‍ 10-15 ശതമാനത്തില്‍ കൂടുതല്‍ സ്വര്‍ണം, വെള്ളി നിക്ഷേപം അഭികാമ്യമല്ല. നിക്ഷേപമായി കരുതുന്നവര്‍ക്ക് വെള്ളിയില്‍ നിക്ഷേപിക്കാനുള്ള ലോഹ ഇതര മാര്‍ഗമായ സില്‍വര്‍ ഇറ്റിഎഫ് തിരഞ്ഞെടുക്കാവുന്നതാണ്. 2021 ലാണ് സില്‍വര്‍ ഇറ്റിഎഫ് തുടങ്ങുന്നത്. 2023 ല്‍ സില്‍വര്‍ ഇറ്റിഎഫിലെ നിക്ഷേപം 2845 കോടി രൂപ ആയിരുന്നത് 2024 ല്‍ 12331 കോടി രൂപയായാണ് വര്‍ധിച്ചത്. 2025 ജനുവരിയിലെ കണക്ക് അനുസരിച്ച് ഇത് 13500 കോടിയ ആയി വര്‍ധിച്ചു. ഏഴ് ലക്ഷത്തോളം നിക്ഷേപ പോര്‍ട്ട്‌ഫോളിയോ ആണ് ഇപ്പോഴുള്ളത്. ഇപ്പോള്‍ നിക്ഷേപകര്‍ക്ക് നിക്ഷേപിക്കാനായി 12 സില്‍വര്‍ ഇറ്റിഎഫുകള്‍ ലഭ്യമാണ്. സ്വര്‍ണം, വെള്ളി വിലയില്‍ വലിയ ചാഞ്ചാട്ട സാധ്യതയുള്ളതിനാല്‍ വളരെ റിസ്ക് ഏറിയതാണ്.
ഈ ലേഖനത്തിലെ അഭിപ്രായം നിക്ഷേപ ശുപാര്‍ശയല്ല.
(പെഴ്‌സണല്‍ ഫിനാന്‍സ് അനലിസ്റ്റും എന്‍ട്രപ്രണര്‍ഷിപ്പ് മെന്ററുമാണ് ലേഖകന്‍. ഫോണ്‍ 9447667716. ഇ മെയ്ല്‍ jayakumarkk8@gmail.com)