പൊറോട്ടയും ബീഫ് ഫ്രൈയും വാങ്ങിയാല്‍ കൂടെ ഗ്രേവിയോ? അതൊരു ഒന്നൊന്നര നയം ആയിപ്പോയല്ലോ സാറേ

Mail This Article
പലരും പല തരത്തിലുള്ള നയം വ്യക്തമാക്കാറുണ്ട്. 'നയം വ്യക്തമാക്കുന്നു' എന്ന പേരില്‍ സിനിമ പോലുമുണ്ട്. നയം വ്യക്തമാക്കിയതിന്റെ പേരിലും നയം വ്യക്തമാക്കാത്തതിന്റെ പേരിലും വിമര്‍ശനമുയരുന്നതും നമ്മുടെ നാട്ടില്‍ പതിവാണ്. ഈയിടെ ഒരു നയപ്രഖ്യാപനം സോഷ്യല്‍ മീഡിയയിലും ആന്റി സോഷ്യല്‍ മീഡിയയിലും പരമ്പരാഗത മീഡിയയിലുമൊക്കെ വൈറലായിരുന്നല്ലോ. പൊറോട്ടയും ബീഫ് ഫ്രൈയും വാങ്ങിയാല്‍ അതിന്റെ കൂടെ ഗ്രേവി അഥവാ ചാറ് ഫ്രീ ആയി കൊടുക്കുന്നത് തങ്ങളുടെ നയമല്ല എന്നാണ് ഒരു ഹോട്ടല്‍ പ്രഖ്യാപിച്ചത്.
ഹോട്ടലിന്റെ പ്രഖ്യാപനം പരസ്യമായിട്ടായിരുന്നില്ല. ഗ്രേവി നിഷേധിച്ച കസ്റ്റമറുടെ പരാതി പരിശോധിച്ച ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍ മുമ്പാകെയാണ് ഹോട്ടലുടമ തന്റെ നയം വ്യക്തമാക്കിയത്. ഇതുസംബന്ധിച്ച വാര്‍ത്തകളില്‍ കാണുന്നത് ഇങ്ങനെയാണ്. വളരെ ശാസ്ത്രീയമായിട്ടാണ് ഗ്രേവി നിഷേധത്തെത്തുടര്‍ന്ന് ഇരയാക്കപ്പെട്ടയാള്‍ പരാതി നല്‍കിയത്. ആദ്യം പരാതി താലൂക്ക് സപ്ലൈ ഓഫീസര്‍ക്ക് നല്‍കി. ഓഫീസറും ഫുഡ് സേഫ്റ്റി ഓഫീസറും കൂടി പരാതി അന്വേഷിച്ചു. പരാതിക്കാരന്‍ ഭക്ഷണം കഴിക്കാന്‍ കയറിയ ഹോട്ടലിന്റെ നയം ഗ്രേവി ഫ്രീയായി കൊടുക്കലല്ലെന്ന് കണ്ടെത്തി.
പരാതി സ്വാഭാവികമായും തള്ളിയിട്ടുണ്ടാകും. തുടര്‍ന്ന് പരാതിക്കാരന്‍ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷനെ സമീപിച്ചു. അവിടെയും ഹോട്ടലുടമ തങ്ങളുടെ നയം വ്യക്തമാക്കി. അതോടെ പരാതി വീണ്ടും തള്ളി. ഹോട്ടലുടമ തന്റെ ഇത്തരമൊരു നയത്തില്‍ ഉറച്ചുനിന്നാല്‍ ആര്‍ക്കെന്തു ചെയ്യാനാകും. സത്യത്തില്‍ ഈ ഗ്രേവി ഉണ്ടാക്കാന്‍ അത്ര വലിയ ചിലവൊന്നുമില്ലെന്നേ. ഇതിങ്ങനെ വലിയ പാത്രത്തിലൊന്നുമില്ല വിളമ്പുന്നതും. വളരേ ചെറിയൊരു ബൗളിലാണ് കൊടുക്കുന്നത്. പൊറോട്ട ഫാന്‍സ് ഈ ഗ്രേവി ഒഴിച്ചല്ല കഴിക്കുക. ജഗതി കിലുക്കത്തില്‍ മോഹന്‍ലാലിനോട് പറഞ്ഞതുപോലെ ചാറില്‍ മുക്കി നക്കുകയാണ് പതിവ്. അതുകൊണ്ട് അത് അധികമൊന്നും ആവശ്യം വരികയില്ല.

നാലഞ്ച് പൊറോട്ടയും ഓരു ബീഫ് ഫ്രൈയും ഓര്‍ഡര്‍ ചെയ്താല്‍ ചുരുങ്ങിയത് 300 രൂപയെങ്കിലും ആകും. അത്രയും പണം മുടക്കുന്നവര്‍ക്ക് ഈ സംഭവം ഫ്രീ ആയി കൊടുത്തൂന്ന് വച്ചാലും നഷ്ടമൊന്നും വരാനില്ല.വളരെ ഡ്രൈ ആയ പൊറോട്ടയും അതിനേക്കാള്‍ ഡ്രൈ ആയ ബീഫ് ഫ്രൈയും കഴിച്ച ആ പരാതിക്കാരന് മുക്കി നക്കാന്‍ ഇച്ചിരെ ഗ്രേവി കൂടെ കിട്ടിയിരുന്നേല്‍ രണ്ട് പൊറോട്ട കൂടുതല്‍ കഴിച്ചേനേ എന്നതുറപ്പാണ്.

ഇത്തരം ടച്ചിങുകള്‍ ഫ്രീ ആയി കൊടുത്താല്‍ കച്ചവടം കൂടുമെന്നാണ് അനുഭവമെന്നാണ് കച്ചവടക്കാര്‍ പറയുന്നത്. പക്ഷേ ആ മുതലാളിയുടെ നയം അങ്ങനെ ആയിപ്പോയല്ലോ. ഗ്രേവി ഫ്രീ ആയികൊടുക്കില്ലെങ്കില്‍ അതിന് എന്താണ് ചാര്‍ജ്. ആ വിവരം വിലവിവര പട്ടികയിലും മെനു കാര്‍ഡിലും ചേര്‍ത്തിട്ടുണ്ടോ. ചേര്‍ത്തിട്ടില്ലേല്‍ വേറെ കേസിന് വകുപ്പുണ്ടായിരുന്നു.
ഇതു പറയാന്‍ കാരണം ഈ വാര്‍ത്തയുടെ ചുവടുപിടിച്ച് ഊണിന് സാമ്പാര്‍ ഫ്രീ ആയി നല്‍കുന്നത് തങ്ങളുടെ നയമല്ലെന്ന് ഹോട്ടലുകാര്‍ പറഞ്ഞ് തുടങ്ങിയാലോ എന്നോർത്താണ്. ഇപ്പോള്‍ ചില ഹോട്ടലുകളില്‍ ഭക്ഷണം കഴിക്കുമ്പോള്‍ വെള്ളം ഫ്രീ തരില്ല. പകരം ഗ്ലാസും മിനറല്‍ വാട്ടര്‍ കുപ്പിയും കൊണ്ടുവന്ന് വയ്ക്കും. ഫ്രീ ആണെന്ന് കരുതി നമ്മള്‍ അതെടുത്ത് ഒഴിച്ച് ഒഴിച്ച് കുടിക്കും. ബില്ല് വരുമ്പോഴാണ് അറിയുന്നത് അതിനും ചാര്‍ജ് ചെയ്‌തെന്ന്.
എന്തുചെയ്യാനാ വെള്ളം ഫ്രീ ആയി കൊടുക്കുന്നത് ആ ഹോട്ടലിന്റെ നയമല്ലത്രേ. ഭക്ഷണം കഴിക്കാന്‍ വരുന്നവന്റടുത്ത് കുടിവെള്ളവും വില്‍ക്കുന്നു. അല്ലെങ്കില്‍ കുപ്പിവെള്ളക്കമ്പനി 7-8 രൂപയ്ക്കാണ് അവര്‍ക്ക് കുപ്പിവെള്ളം നല്‍കുന്നത്. ആ വിലയ്ക്ക് എങ്കിലും നമുക്ക് തന്നൂകൂടെ. പകരും 14 രൂപ മാര്‍ജിന്‍ കൂടി നമ്മുടെ അടുത്ത് നിന്ന് ഈടാക്കുന്നു. എന്തുചെയ്യാനാ. നയം അതായിപ്പോയില്ലേ.
ടേബിളില്‍ വയ്ക്കുന്ന ടിഷ്യൂ പേപ്പറിനും ഇനി ചാര്‍ജ് ഈടാക്കുമോ എന്നറിയില്ല. ചില ടെക്‌സ്റ്റൈല്‍ ഷോപ്പുകള്‍ സാധനം വാങ്ങിയാല്‍ ഇപ്പോള്‍ ബില്ല് നല്‍കില്ല. പകരം എസ് എം എസ് ആയോ വാട്‌സാപ്പായോ ഫോണിലേക്ക് അയച്ചുതരുമത്രേ. പേപ്പര്‍ ബില്ല് നല്‍കുക അവരുടെ നയമല്ലത്രേ. പേപ്പര്‍ ബില്ല് വേണേല്‍ നമ്മള്‍ പ്രിന്റ് എടുത്ത് സൂക്ഷിക്കണം. പണ്ട് സാധനങ്ങള്‍ വാങ്ങിയാല്‍ അതെല്ലാം കൂടി ഒരു കവറിലിട്ട് നല്‍കുന്ന ഏര്‍പ്പാട് ഉണ്ടായിരുന്നു.
ചിലതരം പ്ലാസ്റ്റിക് നിരോധിച്ചതോടെ കവറിന് ചാര്‍ജ് ഈടാക്കാന്‍ തുടങ്ങി. അപ്പോള്‍ കടകളുടെ പരസ്യം പതിച്ച കവറിന് ചാര്‍ജ് നല്‍കാന്‍ പറ്റില്ലെന്നും പറഞ്ഞ് നമ്മള്‍ അലമ്പുണ്ടാക്കാന്‍ തുടങ്ങി. അതോടെ അവര്‍ അതും നിര്‍ത്തി. ഇപ്പോള്‍ പേപ്പര്‍ കവര്‍ വില്‍പ്പനയാണ്. മൂന്ന് രൂപയ്ക്ക് കിട്ടുന്ന പേപ്പര്‍ കവര്‍ നമുക്ക് വില്‍ക്കുന്നത് 12-15 രൂപയ്ക്ക്. അതിലൂടെയും വരുമാനം. കച്ചവടക്കാര്‍ ഇത്തരത്തിലുള്ള നയം സ്വീകരിച്ചാല്‍ ഉപഭോക്താക്കളും തങ്ങളുടെ നയം വ്യക്തമാക്കേണ്ടേ. അതെന്തൊക്കെയെന്ന് കമന്റ് ചെയ്യൂ. കച്ചവടക്കാര്‍ കാണട്ടേ. തിരുത്താന്‍ ആഗ്രഹമുള്ളവര്‍ തിരുത്തട്ടേ.
(പെഴ്‌സണല്‍ ഫിനാന്‍സ് അനലിസ്റ്റും എന്‍ട്രപ്രണര്‍ഷിപ്പ് മെന്ററുമാണ് ലേഖകന്‍. ഫോണ്‍ 9447667716. ഇ മെയ്ല്‍ jayakumarkk8@gmail.com)
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്: manoramaonline.com/business