സ്വന്തം വീടുണ്ടെങ്കിൽ മെയ്യനങ്ങാതെ എങ്ങനെ പണപ്പെട്ടി കിലുക്കാം

Mail This Article
നഗരത്തിൽ മികച്ച വീടുള്ളയാളിന് നാട്ടിലേക്കു സ്ഥലംമാറ്റമായപ്പോൾ സന്തോഷം. വരുമാനത്തിൽ വൻവർധന വരും. എങ്ങനെ? നഗരത്തിലെ വീട് വാടകയ്ക്കു കൊടുക്കും. മാസം 20,000 രൂപ അഡീഷൽ വരുമാനം. നാട്ടിലെ സ്വന്തം വീട്ടിലേക്കു മാറുന്നതിനാൽ അവിടെ വാടകച്ചെലവില്ല.
ഇതിൽ ഒരു പടികൂടി കടന്ന് ഓൺലൈനിൽ വാടകയ്ക്കു കൊടുക്കുന്നതും വ്യാപകമായി. എയർ ബിഎൻബി പോലുള്ളവയിൽ നഗരത്തിലെ ഫ്ലാറ്റോ വീടോ റജിസ്റ്റർ ചെയ്യുക. താമസിക്കാൻ ആളു വരും. തൂത്തുതുടയ്ക്കാനും ബെഡ്ഷീറ്റ് വിരിക്കാനും മേൽനോട്ടത്തിനും മറ്റും ഒരു കെയർടേക്കർ ഉണ്ടാവണമെന്നു മാത്രം.
വേറൊന്നു നാട്ടിൻപുറത്തെ വീടോ വീടിനോടു ചേർന്നു പണിയുന്ന ഒന്നോ രണ്ടോ മുറികളോ ഹോംസ്റ്റേ ആക്കുക എന്നതാണ്. ഹോംസ്റ്റേ ലൈസൻസ് എടുത്തും അല്ലാതെയും ചെയ്യുന്നവരുണ്ട്. ഭക്ഷണം പാകംചെയ്തു കൊടുക്കാൻ സംവിധാനമുള്ളതും ഇല്ലാത്തതുമുണ്ട്. ഭക്ഷണം ഇല്ലെങ്കിൽ ഓൺലൈൻ ഭക്ഷണ വിതരണ കമ്പനികൾ പ്രവർത്തിക്കുന്ന സ്ഥലമായിരിക്കണം. താമസിക്കാൻ വരുന്നവർ സ്വിഗ്ഗിയിലോ ഏതിലെന്നുവച്ചാൽ ഓർഡർ ചെയ്തുവേണം ചായപോലും കുടിക്കാൻ. പച്ചവെള്ളം ചിലപ്പോൾ കിട്ടിയേക്കും, അതും കാശു കൊടുത്താൽ. ചെറിയ ഫ്രിജ് കാണും. തണുപ്പിച്ചോ അല്ലാതെയോ കുടിക്കാം.
സദാചാരം ആരും വിഷയമാക്കുന്നില്ല. താമസിക്കാനെത്തുന്നവർ ഭാര്യാഭർത്താക്കന്മാരാണോ ഡിങ്കോൾഫി ആണോ എന്നൊന്നും നോട്ടമില്ല. അതു നിയമവിരുദ്ധവുമല്ല. പയ്യൻസെറ്റാണു വരുന്നതെങ്കിൽ, കുടിയും ബഹളവും ഉണ്ടായേക്കും. ദിവസം 1,000 രൂപമുതൽ 2,500 വരെയുള്ള റേറ്റ് ഈടാക്കുന്നതിനാൽ ആരോ വന്നു പോട്ടെ, കാശ് പെട്ടിയിൽ വീണാൽ മതി.
ലാസ്റ്റ് പോസ്റ്റ് ∙ ടൂറിസം വളർന്നതോടെ മെയ്യനങ്ങാതെ പണമുണ്ടാക്കലിന് അവസരങ്ങൾ കൂടി. റിട്ടയർ ചെയ്തിട്ട് സ്വന്തം വീട്ടിലോ ഹോംസ്റ്റേ പണിതിട്ടോ ഒരു മുറി ഉടമസ്ഥർക്കു താമസിക്കാൻ നീക്കിവച്ച് ബാക്കി അതിഥികൾക്കു തുറന്നു കൊടുക്കുന്നവരുണ്ട്. നേരം പോകും; കാശും കിലുങ്ങും.
പ്രമുഖ ഫിനാൻഷ്യൽ ജേണലിസ്റ്റും കോളമിസ്റ്റുമാണ് ലേഖകൻ
മെയ് ലക്കം സമ്പാദ്യത്തിൽ പ്രസിദ്ധീകരിച്ചത്. സംശയങ്ങൾ സമ്പാദ്യത്തിലേക്കു കത്തായോ, വാട്സാപ്പ് സന്ദേശമായോ 92077 49142 എന്ന നമ്പറിലേക്ക് അയയ്ക്കുക.