ADVERTISEMENT

ഫ്ലാറ്റിൽ ബോംബ് വച്ചിട്ടുണ്ടേ എന്നു കേട്ടപാടെ പാതിമുറിഞ്ഞ മീശയെക്കുറിച്ച് ആശങ്കപ്പെടാതെ ഇരുകയ്യിലും കുട്ടികളെയുമെടുത്ത് ഓടുന്ന എസ്ഐ പീതാംബരൻ. കയ്യിൽ കിട്ടിയ മിക്സിയും ടിവിയും വീട്ടുപകരണങ്ങളും വാരിക്കൂട്ടുന്ന ഭാര്യ രമണി. ഒരു തീപിടിത്തമുണ്ടായാൽ എങ്ങനെയൊക്കെയാകും ആളുകളുടെ ചിന്ത എന്നതു ‘സിഐഡി മൂസ’ സിനിമയിൽ തമാശരൂപേണ നമ്മൾ കണ്ടതാണ്. എന്നാൽ കളി കാര്യമായാലോ? അത്തരം അടിയന്തര സാഹചര്യത്തിൽ ആളുകൾ എങ്ങനെ ചിന്തിക്കും പെരുമാറും എന്നൊക്കെ അറിയേണ്ടവരാണ് ഫയർ സേഫ്റ്റി വിദഗ്ധർ. ഇത്തരം കാര്യങ്ങൾ പഠിക്കാൻ വേണ്ടിയാണ് മലപ്പുറം പടിഞ്ഞാറ്റുമുറി സ്വദേശി വി.കെ.മുഫീദ് റഹ്മാൻ വിമാനം കയറുന്നത്, 50 ലക്ഷം രൂപയുടെ ഇന്റർനാഷനൽ മാസ്റ്റർ ഓഫ് സയൻസ് ഇൻ ഫയർ സേഫ്റ്റി എൻജിനീയറിങ് (ഐഎംഎഫ്എസ്ഇ) സ്കോളർഷിപ്പോടെ.

ങേ, ഫയർ എൻജിനീയറിങ്ങോ?
പ്ലസ് ടു കഴിഞ്ഞു കൂട്ടുകാരൊക്കെപരമ്പരാഗത എൻജിനീയറിങ് പ്രോഗ്രാമുകൾക്കു ചേർന്നപ്പോൾ മുഫീദ് കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ (കുസാറ്റ്) സേഫ്റ്റി ആൻഡ് ഫയർ എൻജിനീയറിങ്ങിനാണു ചേർന്നത്. കേട്ടവരൊക്കെ ആദ്യം അമ്പരന്നു. ഒരു വർഷത്തെ ഡിപ്ലോമ കഴിഞ്ഞു ജോലിക്കു പോകേണ്ട ഫയർ ആൻഡ് സേഫ്റ്റി പഠിക്കാൻ എന്തിനാണ് 4 വർഷം കളയുന്നത്? ഇത്തരം ചോദ്യങ്ങളെ പെട്ടെന്ന് അണയ്ക്കാമെന്ന ആത്മവിശ്വാസം മുഫീദിനുണ്ടായിരുന്നു. എൻജിനീയറിങ് അവസാന വർഷം സീനിയർ വിദ്യാർഥികളിൽ നിന്നാണ് ഐഎംഎഫ്എസ്ഇ സ്കോളർഷിപ്പിനെക്കുറിച്ചറിയുന്നത്. ആദ്യവട്ടം തന്നെ അഡ്മിഷൻ ലഭിച്ചെങ്കിലും സ്കോളർഷിപ് ലഭിച്ചില്ല. അതിനിടെ എൽ ആൻഡ് ടിയിൽ ജോലിക്കു ചേർന്നു. സേഫ്റ്റി മേഖലയിൽ രാജസ്ഥാനിൽ നിയമനം. ഇപ്പോൾ സൗദി അറേബ്യയിൽ എൻജിനീയറിങ് കൺസൽറ്റൻസി സ്ഥാപനത്തിലെ സേഫ്റ്റി വിഭാഗത്തിലാണ് ജോലി ചെയ്യുന്നത്. ജോലിക്കിടയിലും ഉപേക്ഷിക്കാതെ പിന്തുടർന്ന ഐഎംഎഫ്എസ്ഇ സ്കോളർഷിപ് എന്ന മോഹം മകൻ യാഥാർഥ്യമാക്കുന്ന സന്തോഷത്തിലാണ് മാതാപിതാക്കളായ വാളക്കുണ്ടിൽ വി.കെ.അബ്ദുൽ സലാമും നസീബയും.

യൂറോപ്യൻ യൂണിയൻ പഠിപ്പിക്കും
യൂറോപ്യൻ പഠന സ്വപ്നം കാണുന്നവരുടെ ലക്ഷ്യമായ ഇറാസ്മസ് മുണ്ടസ് പ്രോഗ്രാമിനു കീഴിലാണ് ഐഎംഎഫ്എസ്ഇ വരുന്നത്. പൂർണമായും യൂറോപ്യൻ യൂണിയനാണു പണം മുടക്കുന്നത്. സെപ്റ്റംബർ മുതൽ ജനുവരി വരെയാണ് ആപ്ലിക്കേഷൻ അയയ്ക്കേണ്ടത്. കൾചറൽ എക്സ്ചേഞ്ചാണ് കോഴ്സിന്റെ പ്രധാന ലക്ഷ്യം. എന്തുകൊണ്ട് ഈ കോഴ്സ് തിരഞ്ഞെടുത്തു, കോഴ്സിനുശേഷം പ്രതീക്ഷിക്കുന്നതെന്ത് തുടങ്ങിയ വിവരങ്ങൾ വിശദീകരിക്കുന്ന ‘ലെറ്റർ ഓഫ് മോട്ടിവേഷൻ’ സമർപ്പിക്കണം. ഇതോടൊപ്പം മാർക്കും വിലയിരുത്തി ചുരുക്കപ്പട്ടിക പുറത്തിറക്കും. ഇതിൽ ഇടം പിടിക്കുന്നവർക്കാണ് അഭിമുഖത്തിന് അവസരം. ഇത്തവണ അൻപതോളം പേരാണ് ഇന്റർവ്യൂവിനു യോഗ്യത നേടിയത്. ഇന്റർവ്യൂ പാസാകുന്നതോടെ 4 സെമസ്റ്റർ മാസ്റ്റേഴ്സിനു ചേരാം. സെപ്റ്റംബറിലാണ് ക്ലാസുകൾ ആരംഭിക്കുക. ഫയർ സയന്റിസ്റ്റ് എന്ന പേരിലാണ് ഈ മേഖലയിൽ ജോലി ചെയ്യുന്നവർ വിദേശത്ത് അറിയപ്പെടുന്നത്. (ലിങ്ക്:imfse.be)

എന്താണ് പഠിക്കാനുള്ളത്?
ഏതൊക്കെ തരത്തിൽ തീപിടിക്കാം, ഓരോ തീയുടെയും രീതിയെന്ത് എന്നു തുടങ്ങി, തീപിടിത്തമുണ്ടാകുമ്പോൾ ആളുകളുടെ മാനസിക നിലയിലും പെരുമാറ്റത്തിലും ഉണ്ടാകുന്ന മാറ്റം വരെ സിലബസിലുണ്ട്. കെട്ടിടം നിർമിക്കുമ്പോൾ സുരക്ഷാ മേഖലയിൽ ഉണ്ടാകേണ്ട മുൻകരുതലുകൾ, രക്ഷാപ്രവർത്തന സംവിധാനം എന്നിവ തയാറാക്കുന്നതും ഈ പ്രോഗ്രാം പൂർത്തിയാക്കിയ വിദഗ്ധരാണ്. വിദേശത്താണ് കൂടുതൽ ജോലി അവസരം എന്നതിനാൽ ഈ കോഴ്സ് നമ്മുടെ നാട്ടിൽ അത്ര പ്രചാരത്തിൽ ഇല്ല.

ഓരോ സെമസ്റ്റർ ഓരോ രാജ്യത്ത്
മുഫീദിന് ഒരു സെമസ്റ്റർ വീതം ബൽജിയം, സ്കോട്‌ലൻഡ്, സ്വീഡൻ, സ്പെയിൻ എന്നീ രാജ്യങ്ങളിലെ സർവകലാശാലകളിൽ പഠിക്കാം. അവസാന സെമസ്റ്റർ സ്കോളർഷിപ്പിന്റെ പാർട്നർ സർവകലാശാലകളുള്ള ചൈന, യുഎസ്, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങളിൽ പഠിക്കാനും അവസരമുണ്ട്. സർവകലാശാലകളിലെ ഒഴിവുകൾക്കനുസരിച്ചാണിത്. ഗവേഷണ സ്വഭാവത്തിലാണു പഠനരീതി.

English Summary:

International Master's in Fire Safety Engineering: Learn How This Indian Student Won a 50 Lakh Scholarship.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com