600ൽ 599 മാർക്ക്, കേരളത്തിന്റെ അഭിമാനമായി റിതിക: ഇത് മാതാപിതാക്കൾക്കുള്ള സമ്മാനം

Mail This Article
സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാ ഫലം പുറത്തുവന്നതോടെ കേരളത്തിനാകെ അഭിമാനിക്കാവുന്ന നേട്ടം കയ്യെത്തി പിടിച്ചിരിക്കുകയാണ് റിതിക എസ് എ എന്ന കൊച്ചുമിടുക്കി. തിരുവനന്തപുരം ഈഞ്ചക്കൽ സ്വദേശിയായ റിതിക 600ല്‍ 599 മാർക്കും നേടി രാജ്യത്തെ തന്നെ നേട്ടക്കാരിൽ മുൻനിരയിലേക്കാണ് എത്തിയത്. ചിട്ടയായ പഠനരീതിയാണ് ഈ വിജയത്തിളക്കത്തിന് പിന്നിലെന്ന് കവടിയാർ ക്രൈസ്റ്റ് നഗർ സെൻട്രൽ സ്കൂളിലെ വിദ്യാർഥിനിയായ റിതിക പറയുന്നു.

ഇത്രയും മാർക്ക് പ്രതീക്ഷിച്ചില്ല
എല്ലാ പരീക്ഷകളും നന്നായി എഴുതാനായി എന്ന ആത്മവിശ്വാസം ഉണ്ടായിരുന്നെങ്കിലും 99.8 ശതമാനം മാർക്ക് നേടാനാകുമെന്ന് താൻ കരുതിയതേയില്ല എന്ന് റിതികയുടെ വാക്കുകൾ. അതുകൊണ്ടുതന്നെ ഫലം പുറത്തുവന്ന സമയത്ത് സന്തോഷത്തിന് അതിരുണ്ടായിരുന്നില്ല. കോച്ചിങ് ക്ലാസ്സിൽ ഇരുന്നാണ് ഫലം അറിയുന്നത്. വീട്ടിലെത്തി മാതാപിതാക്കൾക്കൊപ്പം സന്തോഷം പങ്കുവയ്ക്കാനുള്ള വ്യഗ്രതയായിരുന്നു മനസ്സിൽ. എല്ലാത്തരത്തിലും പിന്തുണയേകുന്ന മാതാപിതാക്കൾക്കായി തനിക്ക് നൽകാനാവുന്ന ഏറ്റവും വലിയ സമ്മാനമായാണ് ഉന്നത വിജയത്തെ റിതിക കാണുന്നത്. റിതികയുടെ അമ്മ ഡോക്ടർ അശ്വതി 2001ൽ എസ്എസ്എൽസി പതിനഞ്ചാം റാങ്കിലാണ് പാസായത്.

പീഡിയാട്രിക് ദന്തരോഗ വിദഗ്ധനായ ഡോക്ടർ കെ. ആർ. ശ്രീജിത്തിന്റെയും ഡോക്ടർ അശ്വതിയുടെയും മകളാണ് റിതിക. പഠനകാര്യത്തിൽ ഒരുതരത്തിലും സമ്മർദ്ദം ചെലുത്താതെ ഏറ്റവും സന്തോഷകരമായ സാഹചര്യത്തിൽ പഠിക്കാനുള്ള അവസരമാണ് ഇരുവരും റിതികയ്ക്ക് ഒരുക്കിയത്. കഴിഞ്ഞ അധ്യയന വർഷം സ്കൂളിലെ ഒരു പാഠ്യേതര പരിപാടിയിൽ നിന്നും വിട്ടുനിന്നിരുന്നില്ല. ഹൈസ്കൂളിന്റെ അവസാന വർഷമായതിനാൽ എല്ലാ നല്ല നിമിഷങ്ങളും നന്നായി ആസ്വദിച്ചുകൊണ്ടുതന്നെയാണ് മുന്നോട്ടുപോയത്.
പിന്നത്തേയ്ക്ക് മാറ്റി വയ്ക്കാതെ പഠനം
അന്നന്ന് പഠിപ്പിക്കുന്ന പാഠഭാഗങ്ങൾ പിന്നത്തേയ്ക്ക് മാറ്റി വയ്ക്കാതെ പതിവായി പഠിച്ചെടുക്കാൻ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. അതുകൊണ്ടുതന്നെ ആദ്യത്തെ മോഡൽ പരീക്ഷ എത്തിയപ്പോഴേയ്ക്കും പാഠഭാഗങ്ങൾ പൂർണമായി കവർ ചെയ്യാനായി. രണ്ടാമത്തെ മോഡൽ പരീക്ഷയുടെ സമയത്ത് അവ ഒന്നുകൂടി മനസ്സിൽ ഉറപ്പിച്ചു. ബോർഡ് പരീക്ഷ നടക്കുമ്പോൾ വ്യത്യസ്ത സെറ്റുകളായാണ് ചോദ്യപേപ്പർ ലഭിക്കുന്നതെങ്കിലും എല്ലാ പാഠഭാഗങ്ങളും കൃത്യമായി അറിഞ്ഞിരുന്നതുകൊണ്ട് പ്രയാസകരമായി തോന്നിയതേയില്ല. എല്ലാ വിഷയങ്ങളെയും ഒരേപോലെ ഇഷ്ടപ്പെട്ടു പഠിച്ചതും വിജയത്തിന് പിന്നിലെ കാരണമാണെന്ന് റിതിക മനോരമ ഓൺലൈനിനോട് പറഞ്ഞു.
അതാത് ദിവസം പഠിക്കാനുള്ള മാറ്റിവയ്ക്കുമ്പോഴാണ് പഠനം ഭാരമായി തോന്നുന്നതെന്ന് റിതികയുടെ വാക്കുകൾ. ഒരു ദിവസം പഠിക്കാൻ സാധിച്ചില്ലെങ്കിൽ തൊട്ടടുത്ത ദിവസത്തിനപ്പുറത്തേയ്ക്ക് അവ മാറ്റിവയ്ക്കരുത്. അങ്ങനെ പഠനത്തിനും പാഠ്യേതര കാര്യങ്ങൾക്കും ക്രമത്തോടെ സമയം നീക്കി വച്ചാൽ സന്തോഷം നൽകുന്ന കാര്യങ്ങളിൽ ഒരു വിട്ടുവീഴ്ചയും ചെയ്യാതെ, ടെൻഷൻ ഏതുമില്ലാതെ പൂർണ തൃപ്തിയോടെ പഠിക്കാനാകും. അത് തന്നെയാണ് റിതികയുടെ വിജയം മന്ത്രവും.
600ൽ 599 മാർക്ക്
മലയാളം, കണക്ക്, സയൻസ്, സോഷ്യൽ സയൻസ്, ആർട്ടിഫിഷൽ ഇന്റലിജൻസ് എന്നിവയിൽ നൂറിൽ നൂറ് മാർക്കാണ് റിതിക നേടിയത്. ഇംഗ്ലീഷിനു മാത്രമാണ് ഒരു മാർക്ക് നഷ്ടമായത്. എന്നാൽ പ്രതീക്ഷിച്ചതിനും അപ്പുറമുള്ള വിജയം കൈവരിച്ചതിനാൽ ലഭിച്ച മാർക്കിൽ തികഞ്ഞ സംതൃപ്തി മാത്രമാണ് റിതികയ്ക്കുള്ളത്.
ഡോക്ടറാവുക എന്നത് ലക്ഷ്യം
മാതാപിതാക്കളുടെ പാത പിന്തുടർന്ന് ഡോക്ടറാവുക എന്നതാണ് റിതികയുടെ ലക്ഷ്യം. തന്റെ വിജയം മാതാപിതാക്കളും അധ്യാപകരും സുഹൃത്തുക്കളും ബന്ധുക്കളുമെല്ലാം ആഘോഷമാക്കുന്നതിന്റെ ത്രില്ലില്ലാണ് റിതിക. ഈ നേട്ടത്തിൽ ഒരുപക്ഷേ തന്നെക്കാളധികം അഭിമാനിക്കുന്നത് തന്റെ അധ്യാപകരാണെന്ന് റിതിക പറയുന്നു. ഉയർന്ന മാർക്ക് നേടിയതിനൊപ്പം രാജ്യത്ത് ഒന്നാം സ്ഥാനത്തെത്തി എന്ന റിപ്പോർട്ട്കൂടി പുറത്തുവന്നതോടെ കുടുംബത്തിനും സ്കൂളിനും അത് ഇരട്ടി സന്തോഷമേകുന്നുണ്ട്. മുന്നോട്ടുള്ള പഠനകാലത്തെയും ഇതേപോലെ നിറഞ്ഞ ചിരിയോടെ, ചിട്ടയായ പഠനത്തോടെ ആസ്വാദ്യകരമാക്കാനുള്ള തീരുമാനത്തിലാണ് റിതിക.