ഇഷ്ട വിഷയം കണക്ക്; 500 ൽ 499 മാർക്കിന്റെ മിന്നുന്ന വിജയവുമായി ഗായത്രി

Mail This Article
ദൃഢനിശ്ചയവും സ്ഥിരോത്സാഹവുമുണ്ടെങ്കിൽ ഏതു ഉയരങ്ങളും കീഴടക്കാനാകും. ഇത്തവണത്തെ സിബിഎസ്ഇ പത്താംക്ലാസ് പരീക്ഷയിൽ 500ൽ 499 മാർക്കും കരസ്ഥമാക്കി ജേതാക്കളുടെ ഒന്നാംനിരയിലെത്തിയ കോട്ടയം സ്വദേശിനി ഗായത്രി എം. എന്ന കൊച്ചു മിടുക്കിയുടെ വിജയമന്ത്രവും ഇതുതന്നെയാണ്. പാലാ ചാവറ പബ്ലിക് സ്കൂളിലെ വിദ്യാർഥിനിയാണ് ഗായത്രി.
പഠനത്തെ ഏറെ ഇഷ്ടത്തോടെ സമീപിച്ചുകൊണ്ടാണ് ഗായത്രി പരീക്ഷയ്ക്കുള്ള തയാറെടുപ്പുകൾ നടത്തിയത്. കണക്ക് ആയിരുന്നു ഏറ്റവും ഇഷ്ടപ്പെട്ട വിഷയം. നിശ്ചിത സമയം പഠിക്കുക എന്നതിലുപരി ഓരോ ദിവസത്തെയും പാഠങ്ങൾ പൂർത്തിയാക്കുന്നതുവരെ പഠിക്കുന്നതായിരുന്നു രീതി എന്ന് ഗായത്രി മനോരമ ഓൺലൈനിനോട് പറഞ്ഞു. അതുകൊണ്ടുതന്നെ പൊതു പരീക്ഷയുടെ സമയത്തും ആശങ്കകളൊന്നും ഉണ്ടായിരുന്നില്ല. പാഠഭാഗങ്ങളെല്ലാം കൃത്യമായി അറിയാമെന്ന ആത്മവിശ്വാസം പരീക്ഷയിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ സഹായിച്ചു. എങ്കിലും ഇത്രയും ഉയർന്ന സ്കോർ താൻ പ്രതീക്ഷിച്ചിരുന്നില്ല എന്ന് ഗായത്രിയുടെ വാക്കുകൾ.
ഫലം പുറത്തുവന്ന സമയത്ത് സന്തോഷത്തിന് അതിരുണ്ടായിരുന്നില്ല. ഇലക്ടീവ് വിഷയത്തിന്റെ മാർക്ക് കൂടി പരിഗണിക്കുമ്പോൾ 600ൽ 599 എന്നതാണ് സ്കോർ. ഈ നേട്ടത്തിൽ ഗായത്രിയെ പോലെ തന്നെ മാതാപിതാക്കളും അധ്യാപകരുമെല്ലാം അഭിമാനത്തിലാണ്. എൻജിനീയറാവണം എന്നതാണ് ഗായത്രിയുടെ ലക്ഷ്യം. ഐഐടി പോലെ രാജ്യത്തെ മുൻനിര സ്ഥാപനങ്ങളിൽ പഠിക്കണമെന്നതാണ് ആഗ്രഹം.
പഠനത്തിന് പുറമേ നൃത്തം, സംഗീതം പെയിന്റിംഗ്, ഇൻസ്ട്രുമെന്റൽ മ്യൂസിക് എന്നിവയിലെല്ലാം ഗായത്രിക്ക് പ്രത്യേക താൽപര്യമുണ്ട്. നൃത്തവും സംഗീതവും വയലിനും ശാസ്ത്രീയമായി അഭ്യസിക്കുന്നുണ്ട്. പഠനത്തിനിടയിൽ അൽപ്പമൊന്ന് റിലാക്സ് ചെയ്യണമെന്ന് തോന്നിയാൽ ചിത്രം വരയ്ക്കുകയോ വയലിൻ അഭ്യസിക്കുകയോ ചെയ്താണ് ടെൻഷനിൽ നിന്നു മുക്തി നേടുന്നത്. മത്സരയിനങ്ങൾ എന്ന നിലയിലല്ല മറിച്ച് കലയോടുള്ള താൽപര്യമാണ് ഇവയിലേക്ക് ഗായത്രിയെ അടുപ്പിക്കുന്നതും.

പഠനത്തിലും പാഠ്യേതര കാര്യങ്ങളിലുമെല്ലാം കുടുംബത്തിന്റെ പിന്തുണയാണ് ഗായത്രിക്ക് പ്രചോദനം. മറ്റക്കര മോഡൽ പോളിടെക്നിക് കോളേജിലെ ഇലക്ട്രോണിക്സ് വിഭാഗം അദ്ധ്യാപികയായ അനീഷയുടെയും സോഫ്റ്റ്‌വെയർ എൻജിനീയറായ മനോജിന്റെയും ഏക മകളാണ് ഗായത്രി.