ADVERTISEMENT

കോവിഡ് വ്യാപനത്തിനുശേഷം വായുജന്യ രോഗങ്ങളെക്കുറിച്ചും എത്ര എളുപ്പത്തിൽ പടർന്നു പിടിക്കുമെന്നതും സാധാരണക്കാർക്ക് പോലും അറിയാം. കൊറോണയെക്കാളും ശക്തിയുള്ള രോഗാണുക്കളുടെ വ്യാപനം ഇനി ഉണ്ടാകുമോ എന്ന ആശങ്കയും നിലനിൽക്കുന്നു. വായുവിലൂടെ പടരുന്ന രോഗങ്ങളുടെ വ്യാപനം തടയാനുള്ള കൃത്യമായ മാർഗങ്ങൾ കണ്ടെത്തേണ്ടതിന്റെ അനിവാര്യതയും ഇതുതന്നെയാണ്. ഈ മേഖലയിൽ പഠനം നടത്തി മെൽബൺ സർവകലാശാലയിൽ നിന്നു 2.5 കോടി രൂപയുടെ റിസർച്ച് ഫെലോഷിപ്പിന് അർഹനായിരിക്കുകയാണ് തൊടുപുഴ സ്വദേശിയായ ടോണി ജോർജ് ചുണ്ടാട്ട്. ഇങ്ങനെയൊരു ഫെലോഷിപ്പിന് അർഹനാകുന്ന ആദ്യ മലയാളി എന്ന നേട്ടവും ടോണിക്ക് സ്വന്തമാണ്.

tony-george-2

ബോംബെ ഐഐടിയിൽ സീനിയർ പ്രോജക്ട് അസിസ്റ്റന്റായി ജോലി ചെയ്തു വരികയായിരുന്നു അദ്ദേഹം. കൊറോണ പോലെയുള്ള രോഗങ്ങൾ ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് എങ്ങനെ പകരുന്നു എന്നതായിരുന്നു ഗവേഷണ വിഷയം. ഈ അനുഭവസമ്പത്തിന്റെ വെളിച്ചത്തിലാണ് വായുവിലൂടെയുള്ള രോഗങ്ങളുടെ വ്യാപനം തടയുന്നതുമായി ബന്ധപ്പെട്ട പ്രായോഗിക മാർഗങ്ങളെക്കുറിച്ചുള്ള പഠനം ആരംഭിച്ചത്.

പഠനത്തിന്റെ സാധ്യതയെക്കുറിച്ച് ടോണി ജോർജിന്റെ വാക്കുകൾ ഇങ്ങനെ:

"പൊതുവിടങ്ങളിൽ ആളുകൾ ശ്വസിച്ചു പുറത്തുവിടുന്ന വായു തങ്ങിനിൽക്കാതെ പുറന്തള്ളപ്പെട്ടാൽ മാത്രമേ അത് മറ്റുള്ളവരിലേക്ക് പകരാതെ തടയാനാകൂ. ഒരേ സമയം ധാരാളം ആളുകൾ കൂടിയിരിക്കുന്ന ക്ലാസ് റൂമുകളോ ഓഫീസ് റൂമുകളോ പോലെയുള്ള ഇടങ്ങളിൽ ഫിൽട്ടറുകളോ അൾട്രാവയലറ്റ് രശ്മികൾ ഉപയോഗിച്ച് ബാക്ടീരിയകളെയും വൈറസുകളെയും ഇല്ലാതാക്കുന്നതിനുള്ള സാങ്കേതിക സംവിധാനങ്ങളോ ഉൾക്കൊള്ളിച്ച് ഇതിന് പരിഹാരം കണ്ടെത്താം. എന്നാൽ ലോകത്ത് ഒരിടത്തും സ്ഥാപനങ്ങളിൽ മുറികളുടെ അളവ് തുല്യമല്ല എന്നത് ഇതിന് തടസമാണ്. അതിനാൽ വായു കണികകൾ എങ്ങനെ ചലിക്കുന്നുവെന്നും എക്സ്ഹോസ്റ്റുകളിലേക്ക് അത് കൃത്യമായി എത്തി പുറന്തള്ളപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടത് എങ്ങനെയെന്നും ആഴത്തിൽ മനസ്സിലാക്കേണ്ടതുണ്ട്. ഇത്തരത്തിൽ ആളുകൾ കൂടി നിൽക്കുന്ന സ്ഥലങ്ങളിൽ രോഗാണുക്കൾ അടങ്ങിയ വായുവിന്റെ സഞ്ചാരഗതി മനസ്സിലാക്കി അത് പുറന്തള്ളപ്പെടാനുള്ള സംവിധാനങ്ങൾ ഒരുക്കിയാൽ കൊറോണയ്ക്ക് സമാനമായ രോഗാണുക്കൾ ഇനി വന്നാലും സമൂഹ വ്യാപനം എന്ന നിലയിലേക്ക് എത്താതെ തടയാൻ സാധിക്കും. ഗവേഷണത്തിന്റെ സാധ്യതയും ഇതുതന്നെയാണ്."

മൂവാറ്റുപുഴ വിശ്വജ്യോതി കോളേജ് ഓഫ് എൻജിനീയറിങ്ങിൽ നിന്ന് ബി.ടെക് ബിരുദം നേടിയതിനു ശേഷം രാജഗിരി, ബോംബെ ഐഐടി എന്നിവിടങ്ങളിലായി ആയിരുന്നു എം.ടെക് പഠനം. എംടെക് നാലാം സെമസ്റ്ററിൽ ഐഐടി ബോംബെ ഇതേ വിഷയവുമായി ബന്ധപ്പെട്ട് ഗവേഷണം നടത്തുന്നതിനായി ഇന്റേണുകളെ ക്ഷണിച്ചിരുന്നു. അതിൽ തിരഞ്ഞെടുക്കപ്പെടുകയും ഗവേഷണത്തിന്റെ ഭാഗമായി പ്രവർത്തിക്കാൻ സാധിക്കുകയും ചെയ്തു. അങ്ങനെയാണ് ഈ വിഷയത്തിൽ ടോണിക്ക് കൂടുതൽ താൽപര്യം തോന്നിയത്.

എംടെക് പൂർത്തിയാക്കി ബോംബെ ഐഐടിയിൽ ജോലിയിൽ തുടരുന്നതിനിടെ മെൽബൺ സർവകലാശാലയിൽ ഗവേഷണം ചെയ്യുന്നതിനുള്ള അവസരം തേടുകയായിരുന്നു. എംടെകിലെ ഉയർന്ന സ്കോർ, ഗവേഷണ പരിചയം, അഭിമുഖങ്ങളിലെ മികച്ച പ്രകടനം എന്നിവ അടിസ്ഥാനമാക്കിയാണ് തിരഞ്ഞെടുക്കപ്പെട്ടത്. നാലുവർഷമാണ് ഗവേഷണ കാലയളവ്. ഓസ്ട്രേലിയയിൽ ഒന്നാം സ്ഥാനത്തും ലോക റാങ്കിങ്ങിൽ 13-ാം സ്ഥാനത്തുമുള്ള മെൽബൺ സർവകലാശാലയിൽ ഗവേഷണം ചെയ്യുന്നതിന് ഇങ്ങനെയൊരു അവസരം ലഭിച്ചതിൽ അതിയായ സന്തോഷമുണ്ടെന്ന് ടോണി ജോർജ് മനോരമ ഓൺലൈനിനോട് പറഞ്ഞു.

ജൂണിൽ മെൽബണിലെത്തി ഗവേഷണം ആരംഭിക്കുന്നതിനുള്ള തയാറെടുപ്പുകളിലാണ് ടോണി ജോർജ്. തൊടുപുഴ മുതലക്കോടത്ത് അഡ്വ. സി. എസ്. ജോർജ്കുട്ടിയുടെയും റിട്ടയേർഡ് അധ്യാപികയായ മോൻസി ജോർജ്കുട്ടിയുടെയും ഇളയ മകനാണ് അദ്ദേഹം. അനു (കാനഡ), അലക്സിയ (സ്വിറ്റ്സർലൻഡ്) എന്നിവർ സഹോദരങ്ങളാണ്.

English Summary:

First Malayali to Achieve This! ₹2.5 Crore Fellowship for Groundbreaking Airborne Disease Research

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com