അഭിമാന നേട്ടം! ഒന്നരക്കോടിയുടെ യൂറോപ്യൻ യൂണിയൻ സ്കോളർഷിപ്പ് നേടി; പാരീസിലേക്ക് പറക്കാൻ അനഘ

Mail This Article
ശാസ്ത്ര ഗവേഷണത്തിൽ തൽപരരായ വിദ്യാർഥികൾക്ക് യൂറോപ്യൻ യൂണിയൻ ഏർപ്പെടുത്തിയ മേരി ക്യൂറി സ്കോളർഷിപ്പിന് പത്തനംതിട്ട ചാലപ്പള്ളി സ്വദേശിനി ജെ. അനഘ അർഹയായി. ഒന്നരക്കോടി രൂപയാണ് സ്കോളർഷിപ്പ് തുക. ക്രോണോബയോളജിയിലെ ഗവേഷണങ്ങളുമായി ബന്ധപ്പെട്ട് നടത്തുന്ന ഇൻസെക്ട് ക്ലോക്ക് ഇനിഷ്യൽ ട്രെയിനിങ് എക്സ്പീരിയൻസ് (ഇൻസൈറ്റ്) പ്രോഗ്രാമിന്റെ ഭാഗമായാണ് അനഘ ഫെലോഷിപ്പ് നേടിയത്.
തിരുവനന്തപുരത്തെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജ്യുക്കേഷൻ ആൻഡ് റിസർച്ചിൽ (ഐസർ) നിന്നു ബയോളജിയിൽ ഇന്റഗ്രേറ്റഡ് എംഎസ്‌സി പൂർത്തിയാക്കിയതിനൊപ്പം അനഘ ഈ സുവർണ്ണനേട്ടം കൈവരിക്കുകയായിരുന്നു. എംഎസ്‌സി പഠനത്തിന്റെ അവസാനവർഷം കോളേജിൽ തന്നെ ക്രോണോബയോളജിയുമായി ബന്ധപ്പെട്ട പ്രോജക്ട് ചെയ്യാൻ അനഘയ്ക്ക് അവസരം ലഭിച്ചിരുന്നു. അങ്ങനെ വിഷയത്തെക്കുറിച്ച് കൂടുതൽ ആഴത്തിൽ മനസ്സിലാക്കാനായി. ഈ മേഖലയിൽ പേരെടുത്ത പ്രഫസർമാരെ കുറിച്ചറിഞ്ഞതും പ്രോജക്ട് കാലയളവിൽ തന്നെയാണ്. അങ്ങനെ മേരി ക്യൂറി സ്കോളർഷിപ്പ് പ്രോഗ്രാമിൽ ഗവേഷണം ചെയ്യാൻ അവസരം തേടി. രണ്ട് അഭിമുഖങ്ങൾക്കു ശേഷം തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു.
സിർക്കാഡിയൻ റിഥത്തിന് കാരണമായി വരുന്ന ജീനുകളെ കണ്ടെത്തുന്നതിനുള്ള പ്രോജക്ടിന്റെ ഭാഗമാകാനാണ് അവസരം ലഭിച്ചിരിക്കുന്നത്. ജനിതകശാസ്ത്രവും ന്യൂറോളജിയും ബന്ധപ്പെടുത്തിയാവും പഠനം. ഫ്രാൻസിലെ നാഷണൽ സെൻ്റർ ഫോർ സയന്റിഫിക് റിസർച്ചിനു (സി എൻ ആർ എസ്) കീഴിൽ പാരീസ്- സക്ലെ സർവകലാശാലയിലാണ് പഠനം നടത്തുന്നത്. പ്രശസ്ത ന്യൂറോസയന്റിസ്റ്റും ക്രോണോബയോളജിസ്റ്റുമായ ഡോ. ഫ്രാൻസ്വാ റോയെയ്ക്കു കീഴിൽ ഗവേഷണം നടത്താൻ ഇങ്ങനെയൊരു അവസരം ലഭിച്ചതിൽ അതിയായ സന്തോഷമുണ്ടെന്ന് അനഘ മനോരമ ഓൺലൈനിനോട് പറഞ്ഞു.

മൂന്നുവർഷമാണ് ഗവേഷണ കാലയളവ്. ജൂണിൽ ഫ്രാൻസിലെത്തി പഠനം ആരംഭിക്കാനുള്ള തയ്യാറെടുപ്പുകളിലാണ് അനഘ. എൻ.എസ്.എസ് എച്ച്എസ് ചാലാപ്പള്ളി, കെ ഇ സ്കൂൾ മാന്നാനം എന്നിവിടങ്ങളിലായിരുന്നു ഹൈസ്കൂൾ ഹയർ സെക്കൻഡറി വിദ്യാഭ്യാസം. പുലിക്കല്ലുംപുറത്ത് വീട്ടിൽ റിട്ട. പഞ്ചായത്ത് സെക്രട്ടറി പി.കെ. ജയൻ, പുല്ലാട് എസ്. വി. എച്ച്. എസിലെ അധ്യാപിക ടി. എൽ. അനിലകുമാരി എന്നിവരാണ് മാതാപിതാക്കൾ. എസ് ബി ഐയിൽ പ്രൊബേഷനറി ഓഫീസറായ അഭിജിത് ജയൻ സഹോദരനാണ്.