വിയർപ്പ് തുന്നിയിട്ട കുപ്പായങ്ങൾ: തോറ്റുകൊടുക്കാൻ മനസ്സില്ലാത്തതുകൊണ്ട് ജയിച്ചുകയറിയ രണ്ടുപേരുടെ കഥ

Mail This Article
143 പേർ മാത്രമുള്ള 2024ലെ ഇന്ത്യൻ ഫോറസ്റ്റ് സർവീസ് റാങ്ക് പട്ടികയിൽ ഇവർ രണ്ടുപേരുണ്ട് - 14-ാം റാങ്കോടെ രോഹിത് ജയരാജും 87-ാം റാങ്കോടെ ടി.എസ്.ശിശിരയും. തോറ്റുകൊടുക്കാൻ മനസ്സില്ലാത്തതുകൊണ്ട് ജയിച്ചുകയറിയവർ.
ബ്രൂസിന്റെ പിന്മുറക്കാരൻ
സ്കോട്‌ലൻഡിലെ രാജാവ് റോബർട്ട് ദ് ബ്രൂസ് ഇന്നു ജീവിച്ചിരുന്നെങ്കിൽ കണ്ണൂർ ചാലോട് സ്വദേശി രോഹിത് ജയരാജിനു വാട്സാപ്പിൽ മെസേജ് അയയ്ക്കുമായിരുന്നു. ‘മിടുക്കൻ, എനിക്ക് ഒത്ത പിൻഗാമി തന്നെ.’ ഇരുവരും തമ്മിൽ സാമ്യമേറെ. ഇംഗ്ലിഷ് സേനയോട് ആറു തവണ തോറ്റിട്ടും ഏഴാമതും പോരാടാനും ജയിക്കാനും ബ്രൂസിനു പ്രചോദനമായത് ചിലന്തിയുടെ വലനെയ്യലായിരുന്നു. 5 തവണ കപ്പിനും ചുണ്ടിനുമിടയിൽ നഷ്ടമായ വിജയമധുരം രോഹിത് ഇത്തവണ ഇന്ത്യൻ ഫോറസ്റ്റ് സർവീസിലെ (ഐഎഫ്എസ്) 14–ാം റാങ്കിന്റെ രൂപത്തിൽ നുണഞ്ഞത് മുത്തശ്ശി പി.പി.യശോദ നൽകിയ പിന്തുണയുടെ ബലത്തിലും.

മാതാപിതാക്കളായ വി.എൻ.ജയരാജനെയും പി.പി.രഞ്ജിനിയെയും രോഹിത്തിനു നഷ്ടമായത് യുപി സ്കൂളിൽ പഠിക്കുമ്പോഴാണ്. പിന്നെ മുത്തശ്ശിയുടെ തണലിലായിരുന്നു രോഹിത്തും സഹോദരിയും. കണ്ണൂർ ചെമ്പേരി വിമൽജ്യോതി എൻജിനീയറിങ് കോളജിൽനിന്നു മെക്കാനിക്കൽ എൻജിനീയറിങ്ങിൽ ബിടെക്കും ഇന്ദിരാ ഗാന്ധി ഓപ്പൺ സർവകലാശാലയിൽനിന്നു സോഷ്യോളജിയിൽ എംഎയും നേടി. തുടർന്ന് സിവിൽ സർവീസസ് പരീക്ഷയ്ക്കുള്ള തയാറെടുപ്പായി.
ഒരുതവണ പ്രിലിംസിലേ വീണു. രണ്ടു തവണ ഇന്റർവ്യൂ വരെയെത്തി. രണ്ടു തവണ ഐഎഫ്എസിന്റെയും ഇന്റർവ്യൂ വരെയെത്തി പുറത്തായി. തളരാതെയുള്ള ആറാം ശ്രമത്തിൽ വിജയം രോഹിത്തിന്റെ ആത്മവിശ്വാസത്തിനു കൈകൊടുത്തു. വിജയത്തിന്റെ ഫോർമുല ചോദിച്ചാൽ സമയം നോക്കാതെയുള്ള പഠനം എന്നാണു മറുപടി. സഹോദരി അബിജ ജയരാജ് അധ്യാപികയാണ്.

കിട്ടിയ മെഡിസിൻ സീറ്റ് പോയിട്ടും...
ആഗ്രഹിച്ചു നേടിയ എംബിബിഎസ് അഡ്മിഷൻ നഷ്ടമായപ്പോഴും തൃശൂർ മുടിക്കോട് താമരശ്ശേരി വീട്ടിൽ ടി.എസ്.ശിശിര കുലുങ്ങിയില്ല. അതിന്റെ തെളിവാണ് ഇന്ത്യൻ ഫോറസ്റ്റ് സർവീസിലെ 87–ാം റാങ്ക്. കുട്ടിക്കാലം മുതൽ മനസ്സിലുള്ള ലക്ഷ്യമായിരുന്നു മെഡിസിൻ പഠനം. അഡ്മിഷനും കിട്ടി. എന്നാൽ കോളജിന്റെ അംഗീകാരം നഷ്ടമായതിനാൽ പഠനം തുടരാനായില്ല. അങ്ങനെയാണ് കേരള കാർഷിക സർവകലാശാലയ്ക്കു കീഴിലെ തൃശൂർ വെള്ളാനിക്കര ഫോറസ്ട്രി കോളജിൽ ബിഎസ്‌സി ഫോറസ്ട്രിക്കു (ഓണേഴ്സ്) ചേർന്നത്. ഒന്നാം റാങ്കോടെ പാസായി.
രണ്ടാം വർഷം മുതൽ ഐഎഫ്എസ് പരീക്ഷയ്ക്കുള്ള പരിശീലനവും ആരംഭിച്ചു. അമ്മയുടെ അച്ഛൻ ഗംഗാധരൻ ഡപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫിസറായിരുന്നു. മുത്തച്ഛന്റെ ജോലിക്കാല അനുഭവങ്ങളും ശിശിരയെ ഐഎഫ്എസ് എന്ന മോഹത്തിലേക്ക് അടുപ്പിച്ചു. മൂന്നാം ശ്രമത്തിലാണ് റാങ്ക് പട്ടികയിൽ ഇടംപിടിച്ചത്. ദിവസവും 12 മണിക്കൂർ വരെ പഠനത്തിനു മാറ്റിവച്ചിരുന്നു. ടി.കെ.സത്യൻ– മിനി സത്യൻ ദമ്പതികളുടെ മകളാണ് . സഹോദരൻ ടി.എസ്.യദു.
എന്താണ് ഐഎഫ്എസ്
സിവിൽ സർവീസസിന്റെ പ്രിലിമിനറി പരീക്ഷ തന്നെയാണ് ഇന്ത്യൻ ഫോറസ്റ്റ് സർവീസിനും. രണ്ടു പരീക്ഷയ്ക്കും പൊതുവിൽ ഒറ്റ അപേക്ഷ മതി. ഫോറസ്റ്റ് സർവീസ് മെയിൻ പരീക്ഷ എഴുതാനുള്ള പ്രിലിംസ് കട്ട്ഓഫ് മാർക്കിൽ വ്യത്യാസമുണ്ടാകും.
യോഗ്യത: അനിമൽ ഹസ്ബൻഡ്രി ആൻഡ് വെറ്ററിനറി സയൻസ്, ബോട്ടണി, കെമിസ്ട്രി, ജിയോളജി, മാത്തമാറ്റിക്സ്, ഫിസിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, സുവോളജി, അഗ്രികൾചർ, ഫോറസ്ട്രി എന്നിവയിലൊന്നിൽ ബിരുദം നേടണം. എൻജിനീയറിങ് ബിരുദധാരികൾക്കും അപേക്ഷിക്കാം.
പ്രായം: 21-32. പട്ടിക വിഭാഗക്കാർക്ക് അഞ്ചും ഒബിസിക്കാർക്കു മൂന്നും വർഷം ഇളവ്.