പിറവി മുതൽ എല്ലാത്തിനും ഒന്നിച്ച് ഒന്നാം റാങ്കിലും പതിവ് തെറ്റിച്ചില്ല, ഈ വിജയം ലിയ - ലിസ സഹോദരിമാർക്ക് സ്വന്തം

Mail This Article
ലിയ ട്രീസാ ജോർജ്, ലിസ മറിയം ജോർജ് പൊടിമറ്റം വെട്ടിക്കൽ രാജു മാത്യുവിന്റെയും റീന രാജുവിന്റെയും ഇരട്ട കണ്മണികൾ.. മഹാത്മാഗാന്ധി സർവ്വകലാശാല ബിരുദ ഫലങ്ങൾ പ്രസിദ്ധീകരിച്ചപ്പോൾ വെട്ടിക്കൽ വീട്ടിൽ ഒന്നാം റാങ്കിന്റെ ഇരട്ടിമധുരമായിരുന്നു. ബിഎ ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ മോഡൽ ടു ടീച്ചിംഗിന് ഒന്നാം റാങ്ക് പങ്കിട്ടെടുത്താണ് സഹോദരിമാർ ചരിത്രമെഴുതിയത്.
കാലം കാത്തുവച്ച സമ്മാനം
രണ്ടുപേരും റാങ്ക് ലക്ഷ്യം വച്ച് തന്നെയാണ് പഠിച്ചിരുന്നതെങ്കിലും ഒന്നാം റാങ്ക് തന്നെ പങ്കിട്ടെടുക്കാൻ ആകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. ഓരോ സെമസ്റ്ററിലും രണ്ടുപേരുടെയും മാർക്കുകൾ തമ്മിൽ ചെറിയ ഏറ്റ കുറച്ചിലുകൾ ഉണ്ടായിരുന്നു. പരസ്പരം വിലയിരുത്തിയും സഹായിച്ചും മുന്നോട്ട്, എന്നാൽ ആ വ്യത്യാസങ്ങളെല്ലാം അവസാന ഘട്ട വിലയിരുത്തലിൽ സിസിപിഎ: 8.43 എന്ന ഗ്രേഡിലേക്ക് ഒരുമിച്ച് എത്താൻ വേണ്ടിയായിരുന്നു എന്നത് കാലം കാത്തുവച്ച സമ്മാനം.
എസ്എസ്എൽസിക്ക് ഒരുപോലെ ഫുൾ എ പ്ലസ്
ഇടക്കുന്നം മേരി മാതാ പബ്ളിക് സ്കൂളിൽ നിന്നാണ് ഇവരുടെ വിദ്യാഭ്യാസ യാത്രയുടെ തുടക്കം. നാലാം ക്ലാസിനു ശേഷം കാഞ്ഞിരപ്പള്ളി സെന്റ് മേരീസ് സ്കൂളിൽ പഠനം. അവിടെ എസ്എസ്എൽസിക്ക് ഒരുപോലെ ഫുൾ എ പ്ലസ് വാങ്ങി മിന്നുന്ന വിജയം കാഞ്ഞിരപ്പള്ളി സെന്റ് ഡൊമനിക് സ്കൂളിൽ ഹയർസെക്കൻഡറിയിൽ 94%, 93% മാർക്കുകളോടെ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. അടുത്ത പടിയായി സെന്റ് ഡൊമനിക് കോളജിൽ ഡിഗ്രിക്ക് ബി എ ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ മോഡൽ ടു ടീച്ചിംഗ് ഒരുമിച്ച് തിരഞ്ഞെടുക്കാൻ സാഹിത്യത്തോടുള്ള ഇഷ്ടവും വായനയോടുള്ള കമ്പവും തന്നെ കാരണം. മെഡിക്കൽ ഫീൽഡിനോട് താല്പര്യം ഇല്ലാതിരുന്നതും ഡിഗ്രി പഠനത്തിനുശേഷം ഗവൺമെന്റ് സർവീസിൽ എത്തണമെന്ന മോഹവും ഒക്കെ മറ്റു കാരണങ്ങളാണ്. ഡിഗ്രിക്ക് തുടക്കം മുതൽ റാങ്ക് ലക്ഷ്യമാക്കി ഇരുവരും കൃത്യമായി പഠിച്ചിരുന്നു.
രാത്രിയാണ് പഠനത്തിനായി കൂടുതൽ ചിലവഴിക്കാറെങ്കിലും പരീക്ഷ അടുക്കുമ്പോൾ പുലർച്ചെ ഉണർന്ന് പഠിക്കാനും ലിയയും ലിസയും പ്രത്യേകം ശ്രദ്ധിച്ചു. കൃത്യമായുള്ള പഠനം മാത്രമല്ല അതിനായുള്ള അന്തരീക്ഷവും ഏറെ ഗുണം ചെയ്തു എന്ന് പറയുമ്പോൾ വിജയത്തിന്റെ ക്രെഡിറ്റിനൊപ്പം മാതാപിതാക്കളെയും ഗുരുക്കന്മാരെയും ചേർത്തുനിർത്തുകയാണ് ഈ മിടുമിടുക്കികൾ. പഠനത്തിനു വേണ്ടി എല്ലാ സാഹചര്യങ്ങളും വീട്ടിൽ ലഭിച്ചിരുന്നു. ഒരിക്കലും കുട്ടികളെ തമ്മിൽ താരതമ്യം ചെയ്തിരുന്നില്ല.
വീട്ടിൽ മാത്രമല്ല കോളജിലെയും അധ്യാപകർ വേണ്ട സൗകര്യങ്ങളെല്ലാം ഒരുക്കി ഒപ്പം ഉണ്ടായിരുന്നു. വിദ്യാർത്ഥികൾക്കെല്ലാം പ്രത്യേക മെന്റർമാരെ ഏർപ്പെടുത്തിയുള്ള കോളജിലെ പഠനരീതി ഏറെ ഗുണം ചെയ്തു. 'എബി ജോണി' സാറായിരുന്നു ലിയ- ലിസ മാർക്ക് സംശയങ്ങൾ ദൂരീകരിച്ചു നൽകിയിരുന്നത്. മികവേറിയ അധ്യാപകർക്കൊപ്പം സമ്പന്നമായ ലൈബ്രറിയും പഠനം സുഗമമാക്കി.
പഠനത്തിൽ മാത്രം ഒതുങ്ങി നിൽക്കാതെ സംഗീതം, കീബോർഡ്, മാർഗംകളി തുടങ്ങിയ ഇഷ്ട വിനോദങ്ങളിലും ഇരുവരും സജീവം. എസ്എസ്സി പരീക്ഷയ്ക്കായി തയ്യാറെടുക്കാൻ ആണ് നിലവിൽ ഇരുവരുടെയും തീരുമാനം. ജോലി തേടി വിദേശത്തേക്ക് ഒന്നും പോകാതെ സ്വന്തം നാട്ടിൽ തന്നെ നിലവാരവും വരുമാനവും ഉള്ള ഒരു ജോലി നേടി ജീവിതം സുരക്ഷിതമാക്കുകയാണ് ലക്ഷ്യം.