ചെനാബ് പാലത്തിനായി 17 വര്‍ഷം ചെലവിട്ട പ്രഫസർ; ആരാണ് മാധവി ലത? അറിയേണ്ടതെല്ലാം

Mail This Article
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയിൽവേ പാലമായ ജമ്മു കശ്മീരിലെ ചെനാബ് ബ്രിഡ്ജ്, പ്രധാനമന്ത്രി നരേന്ദ്ര മോദി ജൂൺ 6-ന് ഉദ്ഘാടനം ചെയ്തതോടെ പ്രഫസർ മാധവി ലത ദേശീയ ശ്രദ്ധയിലേക്ക് ഉയർന്നു. "ദൗത്യത്തിനു പിന്നിലെ സ്ത്രീ," "പാലം പണി പൂർത്തിയാക്കാൻ അത്ഭുതം പ്രവർത്തിച്ച വനിത" തുടങ്ങിയ വിശേഷണങ്ങളുമായി ദേശീയ മാധ്യമങ്ങൾ മാധവിയെ വാഴ്ത്തിയപ്പോൾ, ഇതെല്ലാം അടിസ്ഥാനരഹിതമായ അവകാശവാദങ്ങളാണെന്ന് പറഞ്ഞ് വിനയാന്വിതയാകുകയായിരുന്നു അവർ.
അനാവശ്യമായി പ്രശസ്ത ആക്കല്ലേ!
'തന്നെ അനാവശ്യമായി പ്രശംസിക്കേണ്ട. ചെനാബ് പാലം പൂർത്തിയാക്കാൻ മുന്നിട്ടിറങ്ങിയ ആയിരക്കണക്കിന് ആളുകളിൽ ഒരാൾ മാത്രമാണ് താൻ' എന്നാണ് മാധവിയുടെ പക്ഷം. അത് അവരുടെ വിനയവും അതിലേറെ മാന്യതയും വ്യക്തമാക്കുന്നു. ജീവിതത്തിലെ 17 വർഷം ഈ പാലം പണിക്കായി ചെലവിട്ട മാധവി നിസ്സാരക്കാരിയല്ല. തൻ്റെ മക്കളും തന്നെപ്പോലെ ആകാൻ ആഗ്രഹിക്കുന്നു എന്ന് പറയുന്ന രക്ഷിതാക്കളുടെ സന്ദേശങ്ങൾ തനിക്ക് ലഭിക്കുന്നുണ്ടെന്നും മാധവി കൂട്ടിച്ചേർക്കുന്നു

ആരാണീ പ്രഫസർ മാധവി ലത?
ബെംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലെ (ഐഐഎസ്‌സി) സിവിൽ എൻജിനിയറിങ് വിഭാഗത്തിലെ പ്രഫസറാണ് മാധവി ലത. ജിയോ ടെക്‌നിക്കൽ കൺസൾട്ടന്റ് എന്ന നിലയിലാണ് പാലത്തിന്റെ നിർമാണത്തിൽ സഹകരിച്ചത്. റോക്ക് എൻജിനിയറിങ് വിദഗ്ധയായ മാധവിയെ നോർത്തേൺ റെയിൽവേയാണ് പാലം പണിക്കായി സഹകരിപ്പിച്ചത്. പാലം പണിയുടെ കോൺട്രാക്ടർമാരായ അഫ്‌കോൺസ് (Afcons) കമ്പനിക്ക് നിർദേശങ്ങൾ നൽകുക എന്നതായിരുന്നു അവരുടെ പ്രധാന ദൗത്യം. സ്ലോപ്പ് സ്റ്റെബിലൈസേഷൻ, അടിത്തറ നിർമാണം തുടങ്ങിയ കാര്യങ്ങളിലാണ് മാധവിയുടെ ഉപദേശം കമ്പനി സ്വീകരിച്ചത്. എൻജിനിയറിങ്ങിലെ വിസ്മയം എന്ന് വിലയിരുത്തുന്ന ചെനാബ് പാലത്തിനായി കഴിഞ്ഞ 17 വർഷമായി മാധവിയും അണിയറയിൽ പ്രവർത്തിക്കുന്നുണ്ട്.
കഠിനമായ പരിസ്ഥിതി, കാലാവസ്ഥ
ചെനാബ് പാലം ഉധംപൂർ-ശ്രീനഗർ-ബാരമുള്ള റെയിൽ ലിങ്ക് പദ്ധതിയുടെ ഭാഗമാണ്. ഏത് കാലാവസ്ഥയിലും കശ്മീർ താഴ്‌വരയും ഇന്ത്യയുടെ മറ്റ് ഭാഗങ്ങളുമായി കരമാർഗമുള്ള ബന്ധം നിലനിർത്താനാണ് ചെനാബ് നദിക്ക് 359 മീറ്റർ മുകളിൽ ഇത് പണിതിരിക്കുന്നത്. പാരിസിലെ ഈഫൽ ടവറിനെക്കാൾ 35 മീറ്റർ കൂടുതൽ ഉയരത്തിലാണ് ഇത് നിലകൊള്ളുന്നത്. പാലത്തിന് 1,315 മീറ്റർ നീളവുമുണ്ട്. ഈ പ്രദേശത്ത് 260 കിലോമീറ്റർ വേഗതയിൽ വരെ കാറ്റുവീശാം. കാലാവസ്ഥയും അതികഠിനമാണ്. നദിയിൽ ജലനിരപ്പ് ഉയരാനുള്ള സാധ്യത, ഭൂചലന സാധ്യതയുള്ള മേഖല എന്നിങ്ങനെയുള്ള കഠിനമായ പരിസ്ഥിതിയിൽ ഇത്തരമൊരു പാലം നിർമിക്കാൻ മുന്നിൽ നിന്ന ആളാണ് മാധവി.

ഡിസൈന്‍-ആസ്-യു-ഗോ
പാലം പണിയില്‍ മാധവിയും ടീമും അനുവര്‍ത്തിച്ച രീതിയെ ഡിസൈന്‍-ആസ്-യു-ഗോ എന്നാണ് വിശേഷിപ്പിക്കുന്നത്. എന്നുപറഞ്ഞാല്‍, നേരത്തെ തീരുമാനിച്ചുറപ്പിച്ച ഒന്ന് നടപ്പാക്കുകയല്ല, സാഹചര്യത്തിന് അനുസരിച്ച് ആവശ്യമുള്ള മാറ്റങ്ങള്‍ വരുത്തുക എന്ന രീതി. പൊട്ടിയ കല്ലുകള്‍, കാണാതെ കിടന്ന ഗര്‍ത്തങ്ങള്‍, പല സ്വഭാവസവിശേഷതകളുള്ള പാറകള്‍ തുടങ്ങിയവ ഒക്കെ ഉയര്‍ത്തിയ വെല്ലുവിളികള്‍ നേരിട്ടാണ് പാലം പണി പൂര്‍ത്തിയാക്കിയത്. ഈ തടസങ്ങളൊന്നും പാലം പണിക്കു മുന്നോടിയായി നടത്തിയ സര്‍വേകളിലൊന്നും തെളിഞ്ഞിരുന്നില്ല. ഇന്ത്യന്‍ ജിയോടെക്‌നിക്കല്‍ ജേണലില്‍ മാധവി എഴുതിയ ലേഖനത്തിലാണ് ഇത്തരം വിശദാംശങ്ങളുള്ളത്.
സിവില്‍ എൻജിനിയറിങിലെ വിസ്മയമായ ചെനാബ് പാലത്തിന്റെ പ്ലാനിങ് മുതല്‍ പൂര്‍ത്തീകരണം വരെ പല വെല്ലുവിളികളും ഉയര്‍ന്നിരുന്നു എന്ന് മാധവി പറയുന്നു. കാലേക്കൂട്ടി നിശ്ചയിച്ച ഒരു രൂപകല്‍പനാ രീതിയും നിര്‍മാണ രീതിയുമൊന്നും പ്രായോഗികമായിരുന്നില്ല. ഡിസൈന്‍-ആസ്-യു-ഗോ സമീപനമായിരുന്നു പ്രായോഗികമായി ഏറ്റവും ആരോഗ്യകരമായ സമീപനം. പാലത്തിന്റെ നിര്‍മാണത്തിന് സവിശേഷമായ സമീപനമായിരുന്നു വേണ്ടിയിരുന്നത്. കല്ലും, സ്റ്റീല്‍ കമ്പനികളും ഉള്‍പ്പെടുത്തിയ സിമന്റ് ഗ്രൗട്ടിങ് ആണ് പാലത്തിന്റെ അധിക ഉറപ്പിനായി ഉപയോഗിച്ചിരിക്കുന്നത്.
പാലം പണിയില്‍ മാധവിയും ടീമും നേരിട്ട ചില വെല്ലുവിളികള്‍
ഡിഫിക്കല്‍റ്റ് ടെറെയിന്‍ ആന്‍ഡ് ജിയോളജി-പാലം പണിത പ്രദേശത്തിന്റെ വിഷമം പിടിച്ച സാഹചര്യങ്ങള്‍, കാലാവസ്ഥ. കാറ്റ്, അയഞ്ഞ മണ്ണ്, പല തരത്തിലുള്ള പാറകള്‍ തുടങ്ങി പല പ്രശ്‌നങ്ങളും. മുന്‍കൂട്ടി തീരുമാനിക്കാതെയുള്ള പണി. പ്രശ്‌നം വരുമ്പോള്‍ പരിഹാരം തേടുന്ന ഡിസൈന്‍-ആസ്-യു-ഗോ രീതി. സങ്കീര്‍ണ്ണമായ പല കണക്കൂകുട്ടലുകളും പണിക്കിടയില്‍ നടത്തേണ്ടിയിരുന്നു. പാലം പണിയുടെ പല ഘട്ടങ്ങളിലും തത്സമയം ഡിസൈന്‍ മാറ്റേണ്ടിയിരുന്നു. സ്ലോപ് സ്റ്റബിലൈസേഷനിലാണ് മാധവിയുടെ പ്രധാന സംഭാവനകളിലൊന്ന് എന്നു വിലയിരുത്തപ്പെടുന്നു. കല്ലുകളുടെ ഘനവുമായി ബന്ധപ്പെട്ട സങ്കീര്‍ണ്ണത പരിഹരിക്കുന്നതില്‍ അവരുടെ സംഭാവന നിസ്തുലമായിരുന്നു. സ്ലോപ് ഫ്‌ളാറ്റനിങ് ആന്‍ഡ് പ്രൊഫൈലിങ് ആണ് അവരുടെ മികവു കണ്ട മറ്റൊരു മേഖല.

മാധവിയുടെ യോഗ്യതകള്‍
മദ്രാസ് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ (ഐഐടി) നിന്ന് ജിയോടെക്‌നിക്കല്‍ എൻജിനിയറിങില്‍ പിഎച്ച്ഡി എടുത്ത മാധവി, ഐഐടി ഗുവഹാത്തിയില്‍ പഠിപ്പിച്ചു വരവെയാണ് ബെംഗളൂരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സിലെത്തുന്നത് (2004). ഇവിടെ ആദ്യമായി എത്തുന്ന വനിതാ ഫോക്കള്‍ട്ടി മെംബര്‍ എന്ന ഖ്യാതിയും മാധവിക്കാണ്. ഇവിടെ സ്ത്രീകള്‍ക്ക് പ്രത്യേക ടോയ്ലറ്റ് വേണമെന്ന് വാദം നടത്തിയതും അവരാണ്.

ഇപ്പോള്‍ പ്രഫ. മാധവി സെന്റര്‍ ഫോര്‍ സസ്‌റ്റെയ്‌നബ്ള്‍ ടെക്‌നോളജീസിന്റെ മേധാവിയാണ്. ഒട്ടനവധി പുരസ്കാരങ്ങളും നേടിയിട്ടുണ്ട്. ഇന്ത്യന്‍ ജിയോടെക്‌നിക്കല്‍ സൊസൈറ്റിയുടെ ബെസ്റ്റ് വുമണ്‍ ജിയോടെക്‌നിക്കല്‍ റിസേര്‍ച്ചര്‍ അവാര്‍ഡ് അവര്‍ കരസ്ഥമാക്കിയത് 2021ല്‍ ആണ്. സിവില്‍ എൻജിനിയറിങില്‍ ബിടെക്, ജിയൊടെക്‌നിക്കല്‍ എൻജിനിയറിങില്‍ ഗോള്‍ഡ് മെഡലോടെ എംടെക് തുടങ്ങിയവയും നേടിയ ശേഷമാണ് മാധവി ഐഐടിയിലെത്തിയത്.
പ്രശംസിച്ച് ചന്ദ്രബാബു നായിഡു
"മറ്റൊരു തെലുങ്ക് മകൾ ഇന്ത്യയെ അഭിമാനഭരിതരാക്കി!" എന്നാണ് മാധവി ലതയുടെ നേട്ടത്തെ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു അഭിനന്ദിച്ചത്. "17 വർഷത്തെ കഠിനാധ്വാനം, ത്യാഗം" എന്നാണ് ചെനാബ് എന്ന അത്ഭുതം സൃഷ്ടിക്കുന്നതിൽ അവരുടെ പങ്കിനെ ചന്ദ്രബാബു നായിഡു പ്രശംസിച്ചത്. "ആന്ധ്രാപ്രദേശിലെ ഒരു ചെറിയ ഗ്രാമത്തിൽ നിന്ന് വന്ന അവർ, ഈ അദ്ഭുതം രാജ്യത്തിനായി നിർമിക്കാൻ 17 വർഷത്തെ കഠിനാധ്വാനവും ത്യാഗവും സമർപ്പിച്ചു" എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

120 വര്‍ഷത്തെ ആയുസ് ലഭിക്കും പാലം
ചെനാബ് പാലത്തിന് 120 വര്‍ഷത്തെ ആയുസു ലഭിക്കുമെന്നാണ് വിലയിരുത്തല്‍. സ്റ്റീല്‍ ആര്‍ച്ച് ആണ് പാലത്തിന്റെ പ്രധാന ഭാഗങ്ങളിലൊന്ന്. ഇത് ഏകദേശം അര കിലോമീറ്റര്‍ വരും. ഇടത്തും വലത്തുമുള്ള അബട്ട്‌മെന്റുകളിലാണ് സ്ഥാപിച്ചിരിക്കുന്നത്. കൂടാതെ സ്ലോപ്പുകളില്‍ എട്ടു വില്‍താങ്ങികളും (piers) ഉണ്ട്. പാലം പണിയില്‍ അഫ്‌കോണ്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ കമ്പനിയും, ദക്ഷിണ കൊറിയ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന അള്‍ട്രാ കണ്‍സ്ട്രക്ഷന്‍ ആന്‍ഡ് എൻജിനിയറിങ് കമ്പനിയും വിഎസ്എല്‍ ഇന്ത്യയും കൈകോര്‍ക്കുകയായിരുന്നു. സ്ലോപ് സ്റ്റബിലൈസേഷന്‍, അടിത്തറ നിര്‍മാണം എന്നീ കാര്യങ്ങളിലായിരുന്നു തന്റെ കോളജിനെ അഫ്‌കോണ്‍ കണ്‍സള്‍ട്ടന്റായി വച്ചിരുന്നത് എന്ന് മാധവി പറയുന്നു. പാലം നിര്‍മ്മാണത്തിനുള്ള പ്ലാനിങ് 2005ല്‍ ആരംഭിച്ചു. പൂര്‍ത്തിയാക്കിയത് 2022ല്‍. എന്നുപറഞ്ഞാല്‍, ട്രെയിനുകള്‍ മുഴുവന്‍ സ്പീഡില്‍ പാലത്തിലൂടെ പാഞ്ഞ് ട്രയല്‍ ആരംഭിച്ച ഘട്ടം.