മലയാളിക്ക് അപൂർവ്വ നേട്ടം: കൊറിയൻ റിസർച്ച് ഫെലോഷിപ്പ് കരസ്ഥമാക്കി ഐശ്വര്യ

Mail This Article
ദക്ഷിണ കൊറിയയുടെ വിദേശകാര്യമന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന ദ കൊറിയ ഫൗണ്ടേഷന്റെ ഗവേഷണ ഫെലോഷിപ്പിന് അർഹയായിരിക്കുകയാണ് തിരുവനന്തപുരം കടയ്ക്കാവൂർ സ്വദേശിനി ഐശ്വര്യ സതീഷ്. ആഗോളതലത്തിൽ തന്നെ ഗവേഷണ മേഖലയിൽ ഏറ്റവും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നവരിൽ നിന്നു വിരലിലെണ്ണാവുന്നവർക്ക് മാത്രം ലഭിക്കുന്ന അപൂർവ്വ നേട്ടമാണ് ഐശ്വര്യ കൈവരിച്ചിരിക്കുന്നത്. തിരുവനന്തപുരത്തെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയൻസ് ആൻഡ് ടെക്നോളജിയിലെ (ഐഐഎസ്ടി) ഗവേഷക വിദ്യാർത്ഥിനിയാണ് ഐശ്വര്യ.

കിം കി ഡുക്കിന്റെ ചലച്ചിത്രങ്ങൾ ആധാരം
പ്രശസ്ത കൊറിയൻ ചലച്ചിത്ര സംവിധായകനായ കിം കി ഡുക്കിന്റെ ചലച്ചിത്രങ്ങളെ ആധാരമാക്കി മാനുഷിക വികാരങ്ങളെക്കുറിച്ച് പഠനം നടത്തുന്നതിനാണ് ഫെലോഷിപ്പ് ലഭിച്ചിരിക്കുന്നത്. ഗവേഷണത്തിനുള്ള ഗ്രാൻഡും ദക്ഷിണ കൊറിയയിൽ ഫീൽഡ്‌വർക്ക് ചെയ്യാനുള്ള അവസരവും ഫെലോഷിപ്പിൽ ഉൾപ്പെടുന്നുണ്ട്. കൊറിയൻ സ്റ്റഡീസിൽ ഗവേഷണം ചെയ്യുന്നവർക്ക് വേണ്ടി മാത്രം ഉൾപ്പെടുത്തിയിട്ടുള്ള സ്കോളർഷിപ്പാണ് ലഭിച്ചിരിക്കുന്നത് എന്നതും പ്രത്യേകതയാണ്
ഇതുവരെ പഠനവിധേയമാകാത്ത മാനുഷിക വികാരങ്ങൾ
ഇതുവരെ പഠനവിധേയമാകാത്ത മാനുഷിക വികാരങ്ങളാണ് ഐശ്വര്യയുടെ ഗവേഷണ വിഷയം. സിഗ്‌മണ്ട് ഫ്രോയിഡിന്റെ സിദ്ധാന്തമടക്കമുള്ള മനശാസ്ത്ര സമീപനങ്ങൾ അടിസ്ഥാനമാക്കി ബാല്യകാലത്തെ മാനസിക ആഘാതങ്ങൾ, ഉത്കണ്ഠ, മാനസിക വ്യഥകൾ തുടങ്ങിയവ ഒരാൾക്കുള്ളിൽ എങ്ങനെ പ്രകടമാകുന്നു എന്നതും ഗവേഷണത്തിന്റെ ഭാഗമാണ്. വ്യക്തിഗത മാനസിക സംഘർഷങ്ങളെ വ്യക്തമായി ആവിഷ്കരിച്ച്, കഥാപാത്രങ്ങളുടെ മാനസിക വികാരങ്ങൾ പ്രേക്ഷകർ സ്വയം വ്യാഖ്യാനിച്ചെടുക്കേണ്ട തരത്തിലാണ് കിം കി ഡുക്ക് ചലച്ചിത്രങ്ങൾ ഒരുക്കിയിരിക്കുന്നത്. ഡാർക്ക് ഹ്യൂമൻ സൈക്കോളജിയിൽ കേന്ദ്രീകരിച്ചുള്ള ഗവേഷണത്തിൽ കിം കി ഡുക്ക് ചലച്ചിത്രങ്ങൾ ഭാഗമാകുന്നത് അങ്ങനെയാണെന്ന് ഐശ്വര്യ വിശദീകരിക്കുന്നു.

ഫെല്ലോഷിപ്പിലേക്ക് എങ്ങനെയെത്തി
ദുബായിൽ സ്കൂൾ കാലഘട്ടം പൂർത്തിയാക്കിയതിനു ശേഷം കൊല്ലം അമൃത കോളേജിൽ നിന്നു ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദവും ബിരുദാനന്തര ബിരുദവും ഐശ്വര്യ നേടിയിരുന്നു. അതിനുശേഷം ഭാഗിക സ്കോളർഷിപ്പിലൂടെ യുകെയിലെ യൂണിവേഴ്സിറ്റി ഓഫ് ഈസ്റ്റ് ആംഗ്ലിയയിൽ മാസ്റ്റേഴ്സ് ഇൻ എഡ്യൂക്കേഷൻ ചെയ്യാൻ അവസരം ലഭിച്ചു. അഡൽറ്റ് എജ്യൂക്കേഷൻ പാഠ്യ പദ്ധതിയുടെ ഭാഗമായിരുന്നു. ഈ വിഷയത്തോട് അങ്ങനെ ഏറെ താൽപര്യം തോന്നിത്തുടങ്ങി. കിം കി ഡുക്കിന്റെ ചലച്ചിത്രങ്ങൾ കണ്ടു തുടങ്ങിയതും യുകെയിലെ പഠനകാലയളവിൽ തന്നെയാണ്. സാഹിത്യം, മനശാസ്ത്രം, കൊറിയൻ സ്റ്റഡീസ് എന്നിവ ബന്ധപ്പെടുത്തി ഗവേഷണം ചെയ്യണമെന്ന ആഗ്രഹം അന്നേ ഉടലെടുത്തിരുന്നു.
പിന്നീടായിരുന്നു ഐഐഎസ്ടി പ്രവേശനം. ഹ്യുമാനിറ്റീസ് ആൻഡ് സോഷ്യൽ സയൻസ് വിഭാഗത്തിൽ ഡോ. ബബിത ജസ്റ്റിനു കീഴിലാണ് പിഎച്ച്ഡി ചെയ്യുന്നത്. ഡോ. ബബിതയാണ് കൊറിയൻ ഫൗണ്ടേഷൻ ഫെലോഷിപ്പ് നേടുന്നതിന് എല്ലാ പിന്തുണയും നൽകിയത് എന്ന് ഐശ്വര്യ പറയുന്നു. മികച്ച ഗ്രാൻഡും സൗകര്യങ്ങളും കൊറിയൻ ഫൗണ്ടേഷൻ തന്നെ നൽകുന്നുണ്ട്. മാത്രമല്ല കൊറിയൻ വിദഗ്ധർക്കൊപ്പം നേരിട്ട് ഫീൽഡിൽ വർക്ക് ചെയ്യാൻ കഴിയുമെന്നതാണ് ഫെല്ലോഷിപ്പിന്റെ ഏറ്റവു വലിയ ആകർഷണം എന്നും ഐശ്വര്യ പറയുന്നു. ആറുമാസത്തിനുള്ളിൽ ഗവേഷണത്തിന്റെ ഭാഗമായുള്ള ഫീൽഡ്‌വർക്ക് പൂർത്തിയാക്കാനാണ് തീരുമാനം.

ദുബായിൽ സിവിൽ എൻജിനീയറായി പ്രവർത്തിച്ചിരുന്ന സതീഷ് സാംബശിവൻ, ലതാ സതീഷ് എന്നിവരാണ് ഐശ്വര്യയുടെ മാതാപിതാക്കൾ. കോഴിക്കോട് ഗവൺമെന്റ് ലോ കോളേജിലെ നിയമ വിദ്യാർത്ഥിയായ അരുൺ സഹോദരനാണ്.