രാജ്യാന്തര ലെറ്റർ റൈറ്റിങ് മത്സരത്തിൽ ഇന്ത്യയ്ക്ക് അഭിമാനമായി പാലക്കാട്ടുകാരി നന്ദന

Mail This Article
രാജ്യാന്തര ഇംഗ്ലിഷ് ലെറ്റർ റൈറ്റിങ് മത്സരത്തിൽ ഇന്ത്യയ്ക്ക് അഭിമാനമായി പാലക്കാട്ടുകാരി നന്ദന വി ആർ. ഗ്ലോബൽ എജ്യൂക്കേഷൻ മാനേജ്മെന്റ് അക്കാദമി സംഘടിപ്പിച്ച മത്സരത്തിൽ ഡി വിഭാഗത്തിലാണ് വിവിധ രാജ്യങ്ങളിലെ മത്സരാർഥികളെ പിന്തള്ളി നന്ദന അഞ്ചാം സ്ഥാനം കരസ്ഥമാക്കിയത്. ചൈന, ഫിലിപ്പൈൻസ്, മലേഷ്യ എന്നിവിടങ്ങളിൽ നിന്നുള്ള വിദ്യാർഥികൾക്കാണ് ആദ്യ നാല് സ്ഥാനങ്ങൾ.
"Dear world leader, how can you help us shape the future" എന്നതായിരുന്നു മത്സര വിഷയം. ഓൺലൈനായി നടന്ന മത്സരത്തിൽ കാലാവസ്ഥ വ്യതിയാനം, വർഗ്ഗ വിവേചനം, ദാരിദ്രം, യുദ്ധം തുടങ്ങിയ വിഷയങ്ങളെക്കുറിച്ചാണ് കത്തിൽ നന്ദന കുറിച്ചത്. ക്ഷേത്ര പൂജാരിയായ രമേശിന്റെയും ദിവ്യയുടെയും മകളാണ് പുഞ്ചപ്പാടം സ്വദേശിനി നന്ദന. അച്ഛന്റെയും അമ്മയുടെയും പ്രോത്സാഹത്തിലുപരി തന്റെ മുത്തശ്ശിയാണ് ഈ വിജയത്തിന്റെ പിന്നിലെന്ന് നന്ദന പറയുന്നു. ചെറുപ്പം മുതൽക്കേ വായിക്കാൻ പ്രേരിപ്പിച്ചത് മുത്തശ്ശിയാണ്. വായനയിലൂടെ നേടിയതാണ് ഈ വിജയം.
ഇതിനുമുമ്പും ഇംഗ്ലിഷ് എഴുത്തു മത്സരങ്ങളിൽ നന്ദന പങ്കെടുത്തിട്ടുണ്ട്. സിബിഎസ്ഇ കലോത്സവത്തിൽ ഇംഗ്ലിഷ് പ്രബന്ധ രചനാ മത്സരത്തിലും നന്ദന നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. ഗ്ലോബൽ എജ്യൂക്കേഷൻ ആൻഡ് മാനേജ്‌മെന്റ് അക്കാദമി 7-18 വയസ്സ് പ്രായമുള്ള യുവ എഴുത്തുകാർക്കായി രാജ്യാന്തര മത്സരങ്ങൾ പതിവായി സംഘടിപ്പിക്കാറുണ്ട്. പാലക്കാട് സെന്റ് ഡൊമിനിക്സ് കോൺവെന്റ് ഇംഗ്ലിഷ് മീഡിയം സ്കൂളിലെ പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥിനിയാണ് നന്ദന.