ADVERTISEMENT

ചേട്ടൻ ജീവൻ ബാബു മാസ്റ്റേഴ്സ് പഠനം പൂർത്തിയാക്കി ഫ്രാൻസിൽ‍നിന്നു തിരികെ കണ്ണൂർ പൊടിക്കുണ്ടിലെ വീട്ടിലെത്തുമ്പോൾ‍ അനിയൻ ജിബിൻ ബാബു ആമക്കാട്ട് ഗ്രീസിലേക്കു പറക്കും. ഇനി, മാസ്റ്റേഴ്സിനുള്ള ഊഴം ജിബിന്റേതാണ്. യൂറോപ്യൻ യൂണിയന്റെ ഇറാസ്മുണ്ടസ് സ്കോളർഷിപ്പാണ് (ഏകദേശം 50 ലക്ഷം രൂപ) രണ്ടുപേർക്കും തുണയായത്. യൂറോപ്പിൽ മാസ്റ്റേഴ്സ് പഠനം ആഗ്രഹിക്കുന്നവരുടെ സ്വപ്നലക്ഷ്യമായ ഇറാസ്മുണ്ടസ് സ്കോളർഷിപ് ഒരേ വീട്ടിൽ രണ്ടുപേർക്ക് !

നേരത്തേ ഉറപ്പിച്ച ലക്ഷ്യം

ഡൽഹി സെന്റ് സ്റ്റീഫൻസ് കോളജിലെ ബിഎസ്‌സി ഫിസിക്സ് ഓണേഴ്സിനു ശേഷം 2023ലാണ് ജീവന് ഇറാസ്മസ്മുണ്ടസ് സ്കോളർഷിപ് ലഭിച്ചത്. ന്യൂക്ലിയർ ഫിസിക്സായിരുന്നു വിഷയം.
അതോടെ, ജിബിനും ഇതേ ലക്ഷ്യംവച്ചു നീങ്ങാൻ തുടങ്ങി. കണ്ണൂർ എൻജിനീയറിങ് കോളജിലായിരുന്നു പഠനം. ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനീയറിങ്ങിൽ ഡിസ്റ്റിങ്ഷനോടെ ബിടെക് ഓണേഴ്‌സ് നേടിയ ജിബിന് കംപ്യൂട്ടർ സയൻസിൽ മൈനർ ഡിഗ്രിയുമുണ്ട്. “ചേട്ടനായിരുന്നു വഴികാട്ടി. കോളജിൽ അധ്യാപകരായിരുന്ന ഡോ. സജേഷ് കുമാർ, ഡോ.കെ.സജിത്ത് എന്നിവരും മാർഗനിർദേശങ്ങളുമായി സഹായിച്ചു” - ജിബിൻ പറയുന്നു.

എംബഡഡ് ഇന്റലിജൻസ് ആൻഡ് നാനോ സിസ്റ്റംസ് എൻജിനീയറിങ്ങാണ് മാസ്റ്റേഴ്സിനു കണ്ടുവച്ച മേഖല. അതിനായി ബിടെക് പഠനകാലത്തുതന്നെ എൻപിടിഇഎലിന്റെ ഓൺലൈൻ കോഴ്സുകൾ ചെയ്തു. പഠനസമയത്തെ ഗവേഷണവും പ്രോജക്ടുകളും സ്പെഷലൈസ്ഡ് കോഴ്സുകളുമെല്ലാം ഇതേ വിഷയത്തിലാക്കി.

ഗ്രീസിലെ ഹെലനിക് മെഡിറ്ററേനിയൻ യൂണിവേഴ്സിറ്റിയിലാണ് (എച്ച്എംയു) പ്രവേശനം ലഭിച്ചത്. ഗ്രീസിനു പുറമേ ജർമനി, ഫ്രാൻസ്, പോർച്ചുഗൽ എന്നിവിടങ്ങളിൽ കൂടിയായിട്ടായിരിക്കും പഠനം. ചിപ് ഡവലപ്മെന്റിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണു താൽപര്യം.

അറിഞ്ഞു തയാറെടുക്കാം

“ഞങ്ങൾക്കു രണ്ടു പേർക്കും ഇന്റർവ്യൂ ഉണ്ടായിരുന്നു. ഇന്റർവ്യൂ ഇല്ലാത്ത കോഴ്സുകളുമുണ്ട്”- ഇറാസ്മസ് മുണ്ടസിലേക്കുള്ള വഴികളെക്കുറിച്ചു ജീവൻ പറഞ്ഞു.

ഇറാസ്മുണ്ടസ് സ്കോളർഷിപ് പേജിൽ(https://erasmus-plus.ec.europa.eu) മാസ്റ്റേഴ്സ് പഠനം ആഗ്രഹിക്കുന്ന വിഷയം തിരഞ്ഞെടുക്കാം. സി.വിക്കൊപ്പം എന്തുകൊണ്ട് ഈ വിഷയം തിരഞ്ഞെടുത്തു, ഈ സ്കോളർഷിപ്പിന് എത്രമാത്രം അർഹതയുണ്ട് എന്നിങ്ങനെയുള്ള കാര്യങ്ങൾ വിശദീകരിക്കുന്ന മോട്ടിവേഷൻ ലെറ്റർ നൽകണം; ഒപ്പം അധ്യാപകരുടെ റെക്കമന്റേഷൻ ലെറ്ററുകളും.

രണ്ടു തരത്തിലാണ് ഇറാസ്മുണ്ടസ് സ്കോളർഷിപ്. എല്ലാ ചെലവും വഹിക്കുന്ന ഫുള്ളി ഫണ്ടഡ് സ്കോളർഷിപ്പും ജീവിതച്ചെലവ് നമ്മൾ കണ്ടെത്തേണ്ട പാർഷ്യലി ഫണ്ടഡ് സ്കോളർഷിപ്പും. ജിബിനു നേരത്തേ പാർഷ്യലി ഫണ്ടഡ് സ്കോളർഷിപ്പിനും അവസരം ലഭിച്ചിരുന്നു.

ഒരു രാജ്യത്തുനിന്നു 3 പേർക്കാണ് ഫുള്ളി ഫണ്ടഡ് സ്കോളർഷിപ് ലഭിക്കുക. ഇത്തവണ ഇന്ത്യയിനിന്നു ലഭിച്ചതിൽ രണ്ടുപേർ മലയാളികളാണ്. തിരുവനന്തപുരം പാങ്ങോട് സ്വദേശി അമരേഷ്. സുരേഷ്കുമാറാണ് മറ്റൊരാൾ.

എന്താണ് സ്ട്രാറ്റജി ?

“എല്ലാ ദിവസവും ഇത്രസമയം പഠനത്തിന് എന്നൊന്നുമില്ല. ക്ലാസിൽ നല്ലപോലെ ശ്രദ്ധിക്കും. ക്ലാസ് ശ്രദ്ധിച്ചാൽ തന്നെ പഠനത്തിന്റെ പകുതിയായി”- ജിബിൻ പറഞ്ഞു. കോളജ് ബാസ്കറ്റ്ബോൾ ടീം ക്യാപ്റ്റനായിരുന്നു ജിബിൻ. കോളജ് ബാഡ്മിന്റൻ ടീമിലുമുണ്ടായിരുന്നു. പ്ലസ് വണിനു പഠിക്കുമ്പോൾ ബാസ്കറ്റ്ബോൾ നാഷനൽസിൽ പങ്കെടുത്തിട്ടുണ്ട്. ഇനി പിഎച്ച്ഡിയും ഫ്രാൻസിൽ ചെയ്യാനാണ് ജീവൻ ബാബുവിന്റെ ശ്രമം.

പിതാവ് പരേതനായ ബാബു തോമസ്. അമ്മ ജെമ്മി തോമസ് കണ്ണൂർ സർവകലാശാലയിലെ ഫിസിക്കൽ എജ്യുക്കേഷൻ വകുപ്പിൽ ലൈബ്രേറിയനാണ്.

English Summary:

Erasmus Mundus Scholarship: Two Brothers from Kerala Achieve Their Dream

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com