അറുപതാം വയസ്സിൽ ഒന്നാം റാങ്ക്; ഇനി ലക്ഷ്യം പിഎച്ച്ഡി: ബിജോയ് ശ്രീധരൻ പഠനം തുടരുകയാണ്..

Mail This Article
അൻപത്തഞ്ചാം വയസ്സിൽ ബുക്കും പേനയുമായി കോളജിലേക്കു പുറപ്പെടുമ്പോൾ നല്ല മാർക്കോടെ ജയിക്കുക എന്നതു മാത്രമായിരുന്നു ബിജോയിയുടെ ലക്ഷ്യം. എന്നാൽ അറുപതാം വയസ്സിൽ ഒന്നാം റാങ്കോടെ മാരിടൈം നിയമത്തിൽ ബിരുദാനന്തര ബിരുദം നേടിയിരിക്കുകയാണു കടവന്ത്ര ശ്രീഭവനിൽ ബിജോയ് ശ്രീധരൻ.
പൂത്തോട്ട ശ്രീനാരായണ ലോ കോളജിൽ 2019-2022ലാണു ബിജോയ് നിയമ ബിരുദത്തിനു ചേർന്നത്. നല്ല മാർക്കോടെ ബിരുദം നേടിയപ്പോൾ ഇനി ബിരുദാനന്തര ബിരുദവും എടുത്തിട്ടു തന്നെ കാര്യം എന്നുറപ്പിച്ചു. അങ്ങനെ 2022ൽ ചൂണ്ടി ഭാരതമാത സ്കൂൾ ഓഫ് ലീഗൽ സ്‌റ്റഡീസിൽ മാരിടൈം നിയമത്തിൽ പിജിക്കു ചേർന്നു. ഫലം വന്നപ്പോൾ 1600ൽ 1102 മാർക്ക് നേടി എംജി സർവകലാശാലയിലെ ഒന്നാം റാങ്കുകാരനായി. ഇതിനിടയിൽ 2023ൽ അഭിഭാഷകനായി എൻറോൾ ചെയ്തു.
ഭാരതമാത കോളജിൽ പഠനത്തിന്റെ അവസാന നാളുകളിൽ മൂത്ത മകൾ വർണ പത്മിനിയും ബിജോയ്‌ക്കൊപ്പം അതേ ക്യാംപസിൽ പഠിക്കാനെത്തി. ഇപ്പോൾ രണ്ടാം സെമസ്‌റ്റർ ബിരുദ വിദ്യാർഥിനിയായ വർണ, ഏഴു മാസത്തോളം അച്ഛനൊപ്പം ക്യാംപസിൽ പഠിച്ചു. ഒരുമിച്ചായിരുന്നു കോളജിലേക്കും വീട്ടിലേക്കുമുള്ള ഇരുവരുടെയും യാത്ര. ബിജോയിയുടെ ഇളയമകൾ വർഷ പാർവതി ബെംഗളൂരു സെന്റെ ജോസഫ്‌സ് യൂണിവേഴ്സിറ്റിയിൽ വിഷ്വൽ കമ്യൂണിക്കേഷൻ ബിരുദ വിദ്യാർഥിനി യാണ്.
തന്റെ മക്കളുടെ പ്രായമുള്ള കുട്ടികൾക്കൊപ്പം പഠിക്കുന്നതു വലിയ പ്രചോദനമാണെന്നാണു ബിജോയിയുടെ അഭിപ്രായം. രാവിലെ 9.30 മുതൽ വൈകിട്ട് 3.30 വരെ ക്ലാസ്. അതു കഴിഞ്ഞു വീട്ടിലെത്തിയാൽ വീട്ടിലെ കാര്യങ്ങളും കൃഷികാര്യങ്ങളും നോക്കിയിട്ടു വേണം പഠിക്കാൻ. അതുകൊണ്ടു തന്നെ രാത്രിയും പുലർച്ചെയുമായിരുന്നു പഠനം.
1986ൽ തൃശൂർ ഗവ. എൻജിനീയറിങ് കോളജിൽ നിന്നു മെക്കാനിക്കൽ എൻജിനീയറിങ്ങിൽ ബിരുദം നേടിയ ബിജോയ് ബിസിനസ് രംഗത്തേക്ക് ഇറങ്ങുകയായിരുന്നു. എറണാകുള ത്തായിരുന്നു ബിസിനസ്. ബിസിനസ് വളർന്നതോടെ ഭാര്യ സ്വപ്നയെ ചുമതലയേൽപിച്ചു കൃഷിയിലേക്കു തിരിഞ്ഞു.
പീരുമേട്ടിലെ തോട്ടത്തിൽ ജൈവ തേയില, ഏലം, കുരുമുളക്, കാപ്പി തുടങ്ങിയവയാണു കൃഷി ചെയ്യുന്നത്. ബിസിനസിനിടയിൽ തൊഴിൽ പ്രശ്‌നങ്ങൾ, ഭൂമി വിഷയങ്ങൾ, നികുതി വിഷയങ്ങൾ എന്നിവയൊക്കെ കൈകാര്യം ചെയ്യേണ്ടി വന്നപ്പോഴാണു നിയമം പഠിക്കണമെന്ന ആഗ്രഹം തോന്നിയത്. വീട്ടിൽ കാര്യം അവതരിപ്പിച്ചപ്പോൾ ഭാര്യയും മക്കളും ഫുൾ സപ്പോർട്ട്. അങ്ങ നെ ഫുൾ ടൈം കോഴ്‌സായി പഠനം തുടങ്ങിയത്.
എൻജിനീയറിങ് കഴിഞ്ഞു കപ്പലിൽ ജോലി ചെയ്യണമെന്ന ആഗ്രഹത്തോടെ മറൈൻ ഓഫിസേഴ്സ് പരിശീലനം ബിജോയ് പൂർത്തിയാക്കിയിരുന്നു. കപ്പലിൽ ജോലിക്കു പോകുന്നതിനോടു വീട്ടുകാർക്ക് എതിർപ്പായതിനാൽ പോയില്ല. അന്നു മനസിൽ കിടന്ന 'കപ്പൽ' മോഹം ഇപ്പോൾ മാരിടൈം നിയമത്തിന്റെ രൂപത്തിൽ കൈപ്പിടിയിലൊതുക്കുകയാണു ബിജോയ്. ഇനി ഈ വിഷയത്തിൽ പിഎച്ച്ഡി എടുക്കാനുള്ള ഒരുക്കത്തിലാണ്.