കീം പരീക്ഷയ്ക്ക് തയാറാകുന്നവരോട് ഒന്നാം റാങ്കുകാരന് പറയാനുള്ളതെന്ത്?

Mail This Article
കേരള എൻജിനീയറിങ്, ഫാർമസി പ്രവേശന പരീക്ഷയിൽ എൻജിനീയറിങ്ങിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയ മൂവാറ്റുപുഴ സ്വദേശി ജോൺ ഷിനോജിന് പ്രഥമ സ്ഥാനം തികച്ചും അപ്രതീക്ഷിതമായിരുന്നു. പ്ലസ്‌ടു പരീക്ഷയ്ക്ക് തയാറെടുക്കുന്നതിനൊപ്പം എങ്ങനെയാണ് കീം പരീക്ഷയ്ക്ക് തയാറെടുത്തതെന്ന് ജോൺ ഷിനോജ് മനോരമ ഓൺലൈനിനോട് പറയുന്നു.
പ്ലസ്‌ടു ബോർഡ് പരീക്ഷയും കീമും
ഇന്റഗ്രേറ്റഡ് ബാച്ച് ആയാണ് കീമിനു തയാറായത്. രണ്ടും ഒരേ വിഷയം ആയതുകൊണ്ട് പഠിക്കാൻ പ്രയാസം തോന്നിയിരുന്നില്ല. തുടക്കത്തിൽ ഫിസിക്സ് പഠിക്കാൻ പ്രയാസമായിരുന്നെങ്കിലും പിന്നീട് പരിശ്രമത്തിലൂടെ മെച്ചപ്പെട്ടു. സ്കൂൾ ക്ലാസ് ഉള്ള ദിവസങ്ങളിൽ അഞ്ചു മണിക്കൂറും ക്ലാസ് ഇല്ലാത്ത ദിവസങ്ങളിൽ പത്ത് മണിക്കൂറുമാണ് കീമിന് വേണ്ടി പഠിക്കാൻ വിനിയോഗിച്ചത്. പഠനത്തിനായി പ്രത്യേകം ടൈംടേബിൾ ഉണ്ടായിരുന്നു.

കീമിനു വേണ്ടി തയാറാകുന്നവരോട്...
തിയറി നന്നായി പഠിക്കാൻ ശ്രമിക്കുക. മോഡൽ പേപ്പർ എടുത്ത് പരിശീലിക്കുന്നതും വളരെ ഉപകാരപ്രദമാണ്. പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുക. ആത്മവിശ്വാസം ചോരുന്ന സന്ദർഭങ്ങൾ ഉണ്ടാകും, എങ്കിലും സ്വയം വിശ്വസിച്ച് മുന്നോട്ടു പോകണം. പഠനത്തിന് ഒരു ടൈംടേബിൾ ഉണ്ടാക്കി ചിട്ടയായി പോകുന്നത് സിലബസ് കവർ ചെയ്യാൻ സഹായിക്കും.
ടെസ്റ്റ് പരീക്ഷയിൽ മാർക്ക് കുറയുമ്പോൾ
ടെസ്റ്റ് പരീക്ഷയിൽ മാർക്ക് കുറയുമ്പോൾ വളരെ വിഷമം തോന്നിയിരുന്നു. അപ്പോഴൊക്കെ ഞാൻ വീട്ടിൽ വിളിക്കും. അമ്മയോട് സംസാരിക്കുമ്പോൾ വിഷമം മാറും. പഠിപ്പിച്ച അധ്യാപകർ വളരെ ലളിതമായാണ് കാര്യങ്ങൾ പറഞ്ഞു തന്നിരുന്നത്. കൂടുതൽ സമർദ്ദം തരാതെയായിരുന്നു അവരുടെ പരിശീലനം. മാതാപിതാക്കളും അധ്യാപകരും എനിക്ക് വളരെയധികം പിന്തുണ നൽകിയിട്ടുണ്ട്. അതാണ് എന്റെ വിജയത്തിന് വഴിതെളിച്ച മുഖ്യഘടകം.
പഠനത്തിൽ വിട്ടുവീഴ്ചയില്ല
ഒന്നാം റാങ്ക് തികച്ചും അപ്രതീക്ഷിതമായിരുന്നു. പഠനത്തിൽ ഒരു വിട്ടുവീഴ്ചയും ചെയ്തിരുന്നില്ല. പരിശ്രമവും പ്രോത്സാഹനവും കൊണ്ട് നേടിയതാണ് ഈ വിജയം. ഐഐടി ഗാന്ധിനഗറിൽ കിട്ടിയതിനാൽ ഇപ്പോൾ അവിടെ ചേരാനാണ് തീരുമാനിച്ചിരിക്കുന്നത്.

മാന്നാനം കുര്യാക്കോസ് ഏലിയാസ് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ ഇന്റഗ്രേറ്റഡ് ബാച്ചിലാണ് ജോൺ കീം പരീക്ഷയ്ക്ക് തയാറായത്. എറണാകുളം ബിഎസ്എൻഎൽ ഡിവിഷണൽ എൻജിനീയറായ ഷിനോജിന്റെയും വാഴക്കുളം വിശ്വജ്യോതി എൻജിനീയറിങ് കോളജിലെ അസിസ്റ്റന്റ് പ്രൊഫസറായ അനിറ്റ തോമസിന്റെയും മകനാണ് ജോൺ.
ചിത്രങ്ങൾ പങ്കുവച്ചത്: ജോൺ ഷിനോജ്.