ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെ കൂട്ടുപിടിച്ച് ഗോസ്റ്റ്റൈറ്ററെ പുറത്തിറക്കി അരവിന്ദ്; ആ കഥയിങ്ങനെ...

Mail This Article
സിനിമകളൊക്കെ റീറിലീസ് ചെയ്യുന്ന സമയമാണല്ലോ. ഐടി വിപ്ലവത്തോടെ ഔട്ടായ ടൈപ്റൈറ്ററിനെ ഗോസ്റ്റ്റൈറ്റർ എന്ന പേരിൽ റീറിലീസ് ചെയ്തിരിക്കുകയാണ് അരവിന്ദ് സഞ്ജീവ്. അതിനു കൂട്ടുപിടിച്ചത് ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെയും (എഐ).
Read Also : ശമ്പളം ആറുകോടിയിലേറെ ഇന്ത്യൻ രൂപ
ചോദിക്കൂ, പറയാം

ജിപിടി–3 സാങ്കേതികവിദ്യയിൽ പ്രവർത്തിക്കുന്ന ചാറ്റ്ജിപിടി ഇന്നു ലോകമെങ്ങും തരംഗമാണ്. ചോദിക്കുന്ന ചോദ്യങ്ങൾക്ക് അമ്പരപ്പിക്കുന്നത്ര കൃത്യതയോടെ മറുപടികൾ തരുന്ന എഐ സങ്കേതം. ഇതേ സാങ്കേതികവിദ്യയിൽ തന്നെയാണ് ഗോസ്റ്റ്റൈറ്ററും പ്രവർത്തിക്കുന്നത്. നമ്മുടെ ചോദ്യങ്ങൾ ഒരു പേപ്പറിൽ ടൈപ്റൈറ്റർ ഉപയോഗിച്ച് ടൈപ്പ് ചെയ്യുക. ഉത്തരങ്ങൾ അതേ പേപ്പറിൽ ടൈപ്റൈറ്റർ തിരിച്ചു ടൈപ്പ് ചെയ്തു തരും. പഴയകാലത്ത് പ്രശസ്തമായിരുന്ന ബ്രദർ ടൈപ്റൈറ്റർ നവീകരിച്ചാണ് അരവിന്ദ് ഗോസ്റ്റ്റൈറ്റർ നിർമിച്ചത്.

ഗോസ്റ്റ്റൈറ്ററിനുള്ളിൽ പ്രോഗ്രാം ചെയ്യാനുള്ള ഹാർഡ്വെയർ സംവിധാനമായ ആർഡ്യുനോ ബോർഡും റാസ്പ്ബെറി പൈ സിംഗിൾ ബോർഡ് കംപ്യൂട്ടറുമുണ്ട്. ഉപയോക്താവ് കീബോർഡിലൂടെ നൽകുന്ന നിർദേശങ്ങൾ ആർഡ്യുനോ ബോർഡ് റീഡ് ചെയ്യും. തുടർന്ന് ഇത് ജിപിടി–3ക്കു നൽകും. ഗോസ്റ്റ്റൈറ്ററിന്റെ വികസനത്തിന്റെയും പ്രവർത്തനത്തിന്റെയും ചിത്രങ്ങളും വിഡിയോകളും അരവിന്ദ് ട്വിറ്ററിൽ പങ്കുവച്ചിരുന്നു. വലിയ പ്രതികരണമാണ് ലഭിച്ചതെന്ന് അരവിന്ദ് പറയുന്നു. ലാസ് വേഗസിലെ സിഇഎസ് എന്ന പ്രശ്സ്ത ടെക്ഷോയിലും ഇതിന്റെ വിഡിയോ അവതരിപ്പിച്ചു. ട്വിറ്ററിലും മറ്റും പലരും കൈമാറിയ ചോദ്യങ്ങൾ ഗോസ്റ്റ്റൈറ്ററിനു കൊടുത്ത് മറുപടികൾ തന്റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുകയും ചെയ്തു അരവിന്ദ്.
ഇന്ററാക്ഷൻ ഡിസൈൻ
കൊച്ചി സ്വദേശിയായ അരവിന്ദ് നിലവിൽ കൊച്ചിയിൽ വർക് ഫ്രം ഹോം രീതിയിൽ ജോലി ചെയ്യുകയാണ്. കടവന്ത്രയിൽ ചെറിയ ലാബും വർക്ഷോപ്പും സ്ഥാപിച്ചിട്ടുണ്ട്. ടോക്എച്ച് കോളജിലെ ഇലക്ട്രോണിക്സ് എൻജിനീയറിങ് പഠനശേഷം അരവിന്ദ് പല സ്റ്റാർട്ടപ്പുകളുടെയും ഭാഗമായിരുന്നു. മൊബൈലുകളെ നിയന്ത്രിക്കാൻ സാധിക്കുന്ന റിങ് എന്ന ഉപകരണം അക്കാലത്ത് വികസിപ്പിച്ചു.
താൻ ചെയ്ത ചില ഡിസൈനുകൾ പൊതുജനങ്ങളുടെ പ്രശ്നങ്ങളെ പരിഹരിക്കുന്നതല്ല എന്ന ചിന്ത അരവിന്ദിനു വന്നു. തുടർന്നാണ് ഇന്ററാക്ഷൻ ഡിസൈൻ എന്ന മേഖലയിലേക്ക് എത്തിപ്പെട്ടത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡിസൈൻ സ്കൂളുകളിലൊന്നായ കോപ്പൻഹേഗൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ററാക്ഷൻ ഡിസൈനിൽ ചേർന്ന് ഈ വിഷയത്തിൽ മാസ്റ്റേഴ്സ് നേടി (നിലവിൽ ഇവിടത്തെ വിസിറ്റിങ് ഫാക്കൽറ്റി കൂടിയാണ് അരവിന്ദ്). ആളുകളുടെ പ്രശ്നങ്ങളിൽ ഗവേഷണം നടത്തി സാങ്കേതികവിദ്യ വച്ച് അതിനു പരിഹാരം നിർദേശിക്കുകയാണ് ഇന്ററാക്ഷൻ ഡിസൈനിൽ ചെയ്യുന്നത്. ഈ ഡിസൈനിന്റെ തത്വങ്ങൾ ഗോസ്റ്റ്റൈറ്ററിലും ഉപയോഗിച്ചിട്ടുണ്ട്. .
ബട്ട് വൈ ?
മൊബൈലിലും ടാബിലും എന്തും ചോദിച്ച് ഉത്തരം കണ്ടെത്താവുന്ന ഇക്കാലത്ത് എന്തുകൊണ്ടാണ് ടൈപ്പ്റൈറ്ററിനെ തിരികെക്കൊണ്ടുവരാൻ ആലോചിച്ചത് ? ടൈപ്റൈറ്ററിനോട് മിക്കവർക്കും വൈകാരികമായ അടുപ്പമുണ്ടെന്ന് അരവിന്ദ് പറയുന്നു. സ്ക്രീനിൽ പോപ്അപ്പുകളോ പരസ്യങ്ങളോ പോലുളള ഡിസ്ട്രാക്ഷനുകളുണ്ടാകും. ഇവിടെ ആ പ്രശ്നമില്ല. ഉപയോക്താവും ഉപകരണവും തമ്മിൽ അക്ഷരങ്ങളുടെ ഏകാഗ്രമായ ബന്ധം മാത്രം.
Content Summary : Arvind Sanjeev's AI-Powered “Ghostwriter” Typewriter