ADVERTISEMENT

ആധുനിക കാലത്തെ ഒരു കരിയറിൽ നിന്നും മാറ്റിനിർത്താനാവാത്ത ഒന്നാണ് പ്രോജക്ട് മാനേജ്‌മെന്റ്. പ്രോജക്ട് മാനേജരുടെ ജോലി പ്രധാനവും നിർണായകവും സവിശേഷവുമാണുതാനും. മികച്ച മാനേജരാകാൻ അത്യാവശ്യം വേണ്ട ചില ഗുണങ്ങളുണ്ട്. എന്നാൽ, അവയെ പ്രധാന്യം കുറഞ്ഞത്, കൂടിയത് എന്നിങ്ങനെ വേർതിരിക്കാനാവില്ല. ഒട്ടേറെ മേഖലകളിൽ കഴിവ് തെളിയിച്ചാൽ മാത്രമേ മാനേജർ എന്ന നിലയിൽ വിജയകരമായ കരിയർ പ‌ടുത്തുയർത്താനാവൂ. അവയിൽ പ്രധാനപ്പെട്ടവ പരിശോധിക്കാം. 

1. ആശയവിനിമയം 
ആശയ വിനിമയം ഇല്ലാതെ, സഹപ്രവർത്തകരുമായുള്ള ഫലപ്രദമായ ചർച്ചകളില്ലാതെ, ഒരു പ്രോജക്ടും വിജയിപ്പിക്കാനാവില്ല. സ്പോൺസറും പദ്ധതി പ്രാവർത്തികമാക്കുന്നവരും തമ്മിൽ, ടീമിലെ സഹപ്രവർത്തകർ തമ്മിൽ എല്ലാ ഘട്ടത്തിലും തലങ്ങളിലും ആശയ വിനിമയം ഉണ്ടാകണം. ഇവയെല്ലാം ഉറപ്പാക്കേണ്ടതും പദ്ധതി നടപ്പാക്കാനുള്ള സൗഹൃദപരമായ അന്തരീക്ഷം സൃഷ്ടിക്കേണ്ടതും മാനേജരുടെ ചുമതലയാണ്. 

മൈക്രോസോഫ്റ്റ് ടീംസ്, ഗൂഗിൾ ചാറ്റ് എന്നിങ്ങനെ സാങ്കേതിക വിദ്യയിലൂന്നിയ പലതരം പ്ലാറ്റ്ഫോമുകളുണ്ടെങ്കിലും നേരിട്ടുള്ള സംസാരത്തിന് പകരം വയ്ക്കാൻ ഇതൊന്നും മതിയാകില്ല. എന്നാൽ, കോവിഡ് വ്യാപന കാലത്തും മറ്റ് അടിയന്തര ഘട്ടങ്ങളിലും നേരിട്ടുള്ള ആശയ വിനിമയം കുറയ്ക്കേണ്ടിവന്നപ്പോൾ, ഓൺലൈൻ സംവാദങ്ങളെ കൂടുതലായി ആശ്രയിക്കേണ്ടിവന്നിരുന്നു. 

പ്രോജക്ട് അഥവാ ഒരു ടീം ഏറ്റെടുത്തു നടത്തുന്ന പദ്ധതിയുടെ ഗുണഭോക്താവുമായുള്ള ആശയ വിനിമയം സജീവമായി തുടരുന്നു എന്നുറപ്പാക്കേണ്ടത് മാനജരാണ്. പദ്ധതി ഏൽപിച്ച വ്യക്തിയുടെ ഇഷ്ടാനിഷ്ടങ്ങൾക്കും ആവശ്യപ്രകാരവുമാണ് പുരോഗമിക്കുന്നതെന്ന് ഉറപ്പാക്കുന്നതിനൊപ്പം കൃത്യമായ വിവരങ്ങളിലൂടെ ലക്ഷ്യത്തിലേക്ക് അടുക്കുന്നു എന്നതും ധരിപ്പിക്കേണ്ടതുണ്ട്. പൂർത്തിയാകുമ്പോൾ നിരാശയ്ക്കു വകയില്ലാത്ത വിധം പ്രതീക്ഷിച്ച രീതിയിൽ തന്നെയാണ് പദ്ധതി പുരോഗമിക്കുന്നതെന്ന ശുഭപ്രതീക്ഷ പകരുകയാണ് മാനേജരുടെ ഭാരിച്ച ഉത്തരവാദിത്തം. 

പദ്ധതി പൂർത്തിയാകുന്നതോടെ മാനേജരുടെ ദൗത്യം അവസാനിക്കുന്നില്ല. ശരിയായ വിലയിരുത്തൽ അത്യാവശ്യമാണ്. പദ്ധതി ഏറ്റെടുത്തതുമുതൽ എന്തൊക്കെ കാര്യങ്ങളാണ് അനുകൂലമായത്, ഉയർന്നുവന്ന വെല്ലുവിളികളും തടസ്സങ്ങളും, എങ്ങനെ അവയെ അതിജീവിച്ചു തുടങ്ങിയ കാര്യങ്ങൾ ടീമംഗങ്ങളുടെ സന്നിധ്യത്തിൽ ചർച്ച ചെയ്യേണ്ടതുണ്ട്. ഭാവിയിൽ പുതിയ പദ്ധതികൾ ഏറ്റെടുക്കുമ്പോൾ ഇത്തരം പാഠങ്ങൾ മുതൽക്കൂട്ടാകാറുണ്ട്. 

2. നേതൃത്വം 
നേതൃത്വ ശേഷിയാണ് പ്രോജക്ട് മാനേജർക്ക് അത്യാവശ്യം വേണ്ട ഗുണങ്ങളിലൊന്ന്. സിംഹങ്ങളുടെ സൈന്യത്തെ നയിക്കുന്ന ആട്ടിൻകുട്ടിയെ പേടിയില്ലെന്നും മറിച്ച് ആട്ടിൻകുട്ടികളുടെ സൈന്യത്തെ നയിക്കുന്ന സിംഹത്തെ മാത്രം പേടിച്ചാൽ മതിയെന്നുമുള്ള  മഹാനായ അലക്സാണ്ടറിന്റെ വാക്കുകൾ ഇവിടെ പ്രസക്തമാണ്. ശക്തമായ നേതൃത്വത്തിന്റെ പ്രാധാന്യം എടുത്തുപറയുന്നതാണിത്. വ്യക്തികൾ എന്ന നിലയിൽ വിജയമോ പരാജയമോ ആയിക്കോട്ടെ. ഒരു ടീം എന്ന നിലയിൽ നേടുന്ന വിജയത്തിനാണു പ്രാധാന്യം. അതിന്റെ ഉത്തരവാദിത്തവും ക്രെഡിറ്റും മാനേജർക്കുതന്നെയാണു താനും. 

ചിലർ നേതാക്കളായി ജനിക്കുന്നു എന്നു പറയാറുണ്ട്. എന്നാൽ നേതൃശേഷി എന്നത് ജൻമ ഗുണം എന്നതിനേക്കാൾ പഠനം, കഠിനാധ്വാനം എന്നിവയിലൂടെ ആർജിക്കുന്നതാണ്. ക്ലാസ്സിലെ ഏറ്റവും മിടുക്കനായ വിദ്യാർഥി മികച്ച ലീഡർ ആകണമെന്നില്ല. നേതൃശേഷി എന്നത് പറയുന്നതേക്കാൾ കേൾക്കാനുള്ള കഴിവാണ്. സഹപ്രവർത്തകർക്ക് പറയാനുള്ളത് ശ്രദ്ധിച്ചു കേൾക്കുകയാണ് ടീം ലീഡർ പ്രധാനമായും ചെയ്യേണ്ടത്. തങ്ങൾക്കു പറയാനുള്ളത് കേൾക്കുകയും പരിഗണിക്കുകയും ചെയ്യുന്ന വ്യക്തിയെ മാത്രമേ ആരും നേതാവായി അംഗീകരിക്കുകയുള്ളൂ. പരസ്പര വിശ്വാസവും സൗഹൃദവും വളർത്താനും ഇത്തരമൊരു അന്തരീക്ഷം അത്യാവശ്യമാണ്. 

ഹ്രസ്വകാല ലക്ഷ്യങ്ങൾക്കു പകരം ദീർഘകാല ലക്ഷ്യങ്ങളാണ് ലീഡറെ നയിക്കേണ്ടത്. സൗഹൃദത്തിന്റെയും സഹകരണത്തിന്റെയും അടിത്തറയിൽ ഉറപ്പിച്ച ബന്ധങ്ങൾ വളർത്തിയെടുക്കാനും മാനേജർ ശ്രദ്ധിക്കണം. പരസ്പര വിശ്വാസം നഷ്ടപ്പെട്ടാൽ പുതിയ പ്രോജക്ടുകൾ ലഭിക്കില്ലെന്നു മാത്രമല്ല, കമ്പനി നഷ്ട‌ത്തിലേക്കു കൂപ്പുകുത്തുന്ന സാഹചര്യം സംജാതമാവുകയും ചെയ്യും. 

3. സംഘാടനം  
ഏതു പദ്ധതിയുടെയും ഏറ്റവും പ്രധാന ഘട്ടം അതു നടപ്പാക്കുന്ന സമയമാണ്. പ്രോജക്ട് എങ്ങനെ മാനേജ് ചെയ്യുന്നു എന്നതാണ് വിജയത്തെ നിർണയിക്കുന്നത്. പദ്ധതിയുടെ പല ഘട്ടങ്ങൾ പലരെയായിരിക്കും മാനേജർമാർ ഏൽപിച്ചിരിക്കുക. ഓരോരുത്തരും അവരവരുടെ ഉത്തരവാദിത്തം നിറവേറ്റുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടത് മാനേജരുടെ ചുമതലയാണ്. 

പരസ്പര വിശ്വാസവും സഹകരണവുമുള്ള ഒരു സംഘത്തിനു മാത്രമേ ഒരു പദ്ധതി വിജയിപ്പിക്കാൻ കഴിയൂ. ഒറ്റ യൂണിറ്റായി ടീമിനെ നിലനിർത്താൻ മാനേജർക്കു കഴിയണം. ആരെങ്കിലും ലക്ഷ്യത്തിൽ നിന്ന് മാറുകയോ, ആരുടെയെങ്കിലും പ്രവർത്തനം പ്രതീക്ഷയ്ക്കൊത്ത് ഉയരാതിരിക്കുകയോ ചെയ്താൽ കൃത്യസമയത്തു തന്നെ ഇടപെടാനും തിരുത്താനും ലക്ഷ്യത്തിലേക്കു നയിക്കാനും മാനേജരുടെ ഇടപെടൽ അത്യാവശ്യമാണ്.

കൂടെയുള്ളവരുടെ നേരേ വിരൽ ചൂണ്ടുന്ന വ്യക്തിയല്ല, എല്ലാവരെയും ഒരുമിപ്പിച്ചുനിർത്തി ലക്ഷ്യത്തിലേക്കു നയിക്കുന്ന വ്യക്തിയാണ് മികച്ച മാനേജർ. പദ്ധതി നടപ്പാക്കുന്ന ഓരോ ഘട്ടത്തിലും സ്പോൺസറുടെ താൽപര്യങ്ങൾ സംരക്ഷിക്കപ്പെടേണ്ടതുണ്ട്. ഇതും മാനേജരുടെ ചുമതല തന്നെയാണ്. പദ്ധതിയുടെ പുരോഗതിയും ടീം അംഗങ്ങളുടെ പ്രവർത്തനവും നിരന്തരമായി നിരീക്ഷിക്കാൻ സംവിധാനം വേണം. ലക്ഷ്യമിട്ട രീതിയിൽ പ്രവർത്തനം പുരോഗമിക്കുന്നില്ലെങ്കിൽ ഇടപെടാൻ കഴിയുന്ന വ്യക്തിയാണ് മികച്ച മാനേജർ. 

English Summary:

Master the Art of Communication: Essential Skills for Successful Project Management

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com