വഴികാട്ടിയായത് രാജാമണി; കമൽ സാർ ഒപ്പം കൂട്ടിയില്ലെങ്കിൽ ‘സംവിധായകൻ ലാൽ ജോസ്’ ജനിക്കില്ലായിരുന്നു

Mail This Article
സിനിമ കാണുമായിരുന്നെങ്കിലും അതെന്റെ ലക്ഷ്യമോ ആഗ്രഹമോ ആയിരുന്നില്ല. ഫൊട്ടോഗ്രഫിയിൽ ചെറിയ കമ്പം ഉണ്ടായിരുന്നു. ഡിഗ്രിക്കു പഠിക്കുന്ന കാലത്ത് ഒറ്റപ്പാലത്ത് കേരള കൗമുദിയുടെ കറസ്പോണ്ടന്റ് ആയും ഏജന്റ് ആയും ന്യൂസ്പേപ്പർ ബോയ് ആയും ജോലി ചെയ്തിട്ടുണ്ട്. അതിനുവേണ്ടി ഫോട്ടോ എടുക്കുമായിരുന്നു. അക്കാലത്ത് എനിക്ക് ബ്ലാക്ക് ആൻഡ് വൈറ്റ് പ്രിന്റിങ്ങും അറിയാമായിരുന്നു. ഡിഗ്രി കഴിഞ്ഞ് മാനുവൽ കളർ പ്രോസസിങ് പഠിക്കാൻ ചെന്നൈയിൽ പോയി. എന്റെ കൂടെ പ്രീഡിഗ്രിക്കു പഠിച്ച ദിനേശ് അവിടെയുണ്ടായിരുന്നു. ദിനേശാണ് വൈശാലിയിലെ ‘ധും ധും ധും ദുന്ദുഭി നാദം’ പാടിയത്. ഇളയരാജയുടെ സ്റ്റുഡിയോയിലെ എമി എന്ന സൗണ്ട് എൻജിനീയറുടെ അസിസ്റ്റന്റ് ആയ ദിനേശിനൊപ്പമായിരുന്നു എന്റെ താമസം. ദിനേശ് സിനിമയിൽ അവന് പരിചയമുള്ള സ്റ്റിൽ ഫൊട്ടോഗ്രാഫർമാരെ എനിക്ക് പരിചയപ്പെടുത്തി. ദിനേശ് താമസിക്കുന്നതിന് തൊട്ടടുത്ത് താമസിച്ചിരുന്നവർ കൂടുതൽ പേരും സിനിമയിൽ ക്യാമറാമാൻമാരായും മറ്റും ജോലി ചെയ്തിരുന്നവരാണ്.
അന്ന് ചുറ്റും താമസിച്ചിരുന്ന സിനിമാക്കാരാണ് ഞാൻ സിനിമയിൽ സഹസംവിധായകനാകാൻ ശ്രമിക്കണമെന്നും അതിനുള്ള യോഗ്യതയുണ്ടെന്നും പറഞ്ഞത്. ശ്രീശങ്കർ എന്ന ക്യാമറാമാൻ, അന്നദ്ദേഹം അസോഷ്യേറ്റ് ഡയറക്ടറായിരുന്നു. അദ്ദേഹമാണ് രാജാമണിയേട്ടന് എന്നെ പരിചയപ്പെടുത്തിയത്. രാജാമണിയേട്ടനാണ് എന്നെ കമൽ സാറിന്റെ അരികിലെത്തിച്ചത്. അങ്ങനെ 1989 ൽ ഞാൻ പ്രാദേശിക വാർത്തകൾ എന്ന സിനിമയിൽ അസിസ്റ്റന്റ് ആയി ചേർന്നു. അതെന്റെ ഇടമാണോ എന്നെനിക്ക് അന്ന് അറിയില്ലായിരുന്നു. എങ്കിലും ഒരു സിനിമയുണ്ടാകുന്നത് അടുത്തു നിന്നു കാണാമല്ലോ എന്ന കൗതുകം മാത്രം.
ആ സിനിമയിൽ ജോലി ചെയ്ത് തുടങ്ങിയപ്പോഴാണ് ഇതെന്റെ താൽപര്യങ്ങൾക്ക് ചേരുന്ന സ്ഥലമാണെന്നും അവിടെയാണ് ഞാനുണ്ടാകേണ്ടതെന്നുമുള്ള ബോധമുദിച്ചത്. കമൽ സാറിന് എന്റെ ജോലിയും ഞാനെന്ന വ്യക്തിയെയും ഇഷ്ടമായി. കൂടെ തുടർന്നോളാൻ അദ്ദേഹം പറഞ്ഞു. പിന്നീടുള്ള ഒൻപതു വർഷം അദ്ദേഹത്തോടൊപ്പമായിരുന്നു. ആദ്യത്തെ ആറ് വർഷങ്ങൾക്കുശേഷം മറ്റ് ഒൻപത് സംവിധായകർക്കൊപ്പം അസോഷ്യേറ്റ് ആയും കമൽ സാറിനൊപ്പം അസിസ്റ്റന്റ് ആയും ജോലി ചെയ്യാനുള്ള അവസരമുണ്ടായി.
26 സിനിമകളിൽ 16 എണ്ണവും കമൽ സാറിനൊപ്പം. അസോഷ്യേറ്റായി ജോലി ചെയ്ത ഒരു സിനിമയുടെ ലൊക്കേഷനിൽ വച്ചാണ് ശ്രീനിയേട്ടൻ എനിക്കുവേണ്ടി എഴുതാമെന്ന് പറഞ്ഞത്. സിനിമയിൽ കയറി ഒൻപതു വർഷത്തിനുശേഷം 1998 ൽ എന്റെ ആദ്യ സംവിധാന സംരംഭമായ ‘ഒരു മറവത്തൂർ കനവ്’ സംഭവിച്ചു. ശ്രീനിയേട്ടനായിരുന്നു ആ സിനിമയുടെ തിരക്കഥ. സിനിമ ചെയ്യാമെന്ന് സമ്മതിച്ചെങ്കിലും നായകനാരാണെന്ന് തീരുമാനിച്ചിരുന്നില്ല.
മമ്മൂക്കയ്ക്കൊപ്പം ‘ഉദ്യാനപാലകൻ’, ‘ഭൂതക്കണ്ണാടി’ എന്നീ സിനിമകളിൽ ജോലി ചെയ്തപ്പോൾ അദ്ദേഹമാണു പറഞ്ഞത്. നീ സംവിധാനം ചെയ്യാൻ പോകുന്ന സിനിമയിൽ എനിക്ക് പറ്റിയ വേഷമാണെങ്കിൽ ഞാൻ അഭിനയിക്കാം എന്ന്. 26 വർഷം കഴിഞ്ഞു സിനിമയിൽ വന്നിട്ട്. ഇതുവരെ 27 സിനിമകൾ സംവിധാനം ചെയ്തു. ദിനേശ് മദ്രാസിൽ ഉണ്ടായിരുന്നതുകൊണ്ടു മാത്രമാണ് ഞാൻ മദ്രാസിലേക്കു പോയത്. കമൽ സാറ് എന്നോട് കൂടെ നിന്നോളാൻ പറഞ്ഞില്ലായിരുന്നെങ്കിൽ ഞാൻ മറ്റാരുടെയെങ്കിലും അടുത്തു പോയി അവസരം ചോദിക്കുമായിരുന്നു എന്നെനിക്കു തോന്നുന്നില്ല.
പ്രിയ വായനക്കാരേ, നിങ്ങൾക്കുമുണ്ടാകില്ലേ കരിയറിൽ വഴികാട്ടിയായ മെന്റർ. പ്രചോദനാത്മകമായ അനുഭവങ്ങൾ പങ്കുവയ്ക്കാം. നിങ്ങളുടെ പേരും ഫോൺ നമ്പറും ഫോട്ടോയും സഹിതം +919846061027 എന്ന നമ്പറിലേക്ക് വാട്സാപ് ചെയ്യുക. തിരഞ്ഞെടുക്കപ്പെടുന്ന അനുഭവക്കുറിപ്പുകൾ My Mentor പംക്തിയിൽ പ്രസിദ്ധീകരിക്കും