ADVERTISEMENT

‘ഭൂമിയുടെ രഹസ്യങ്ങൾ കണ്ടുപിടിക്കുന്നയാളാണ് ജിയോളജിസ്റ്റ്’ മറൈൻ ജിയോളജിയിൽ പിജിക്കുശേഷം മേരി ക്യൂറി ഫെലോഷിപ്പോടെ ഫ്രാൻസിൽ ഗവേഷണത്തിനൊരുങ്ങുന്ന കാസർകോട് പട്‌ല സ്വദേശി ആയിഷത്ത് നിദ പറയുന്നു.

ങേ...ജിയോളജിയോ ?
ഭൂമിയെക്കുറിച്ചുള്ള പഠനമാണ് ജിയോളജി. ഭൂമിയുടെ ആഴങ്ങളിലേക്കിറങ്ങിയുള്ള വിശദ പഠനം. ഭൂമി മാത്രമല്ല, കടലും ആകാശവും ബഹിരാകാശവും മറ്റു ഗ്രഹങ്ങളുമൊക്കെ പഠനവിധേയമാകും.
ഇത്ര സുപ്രധാന ശാഖയാണെങ്കിലും ജിയോളജിയെ ശാസ്ത്രമായി കാണാൻ മലയാളിയുടെ മനസ്സ് അനുവദിക്കുന്നില്ലെന്നതാണു സത്യം.മെഡിസിനുപോയാൽ മതിയെന്ന നിലപാടിലായിരുന്നു ആദ്യം വീട്ടുകാരെന്ന് ആയിഷത്ത് നിദ പറയുന്നു.
ഡിഗ്രിക്കു ജിയോളജിക്കാണു ചേർന്നതെന്നു പറഞ്ഞപ്പോൾ അധ്യാപകർ പോലും മുഖം ചുളിച്ചു.
സത്യത്തിൽ കാലാവസ്ഥാ വ്യതിയാനം, ഊർജ സ്രോതസ്സുകൾ, ഭൂചലനസാധ്യതകൾ തുടങ്ങിയ വിഷയങ്ങളിലായി ഈ മേഖലയിൽ പഠനസാധ്യതകൾ വർധിക്കുകയാണ്. എണ്ണ– പ്രകൃതിവാതക മേഖലയിലും സർക്കാരും സ്വകാര്യ സ്ഥാപനങ്ങളും ജിയോളജിസ്റ്റുകളെ തേടുന്നുണ്ട്.

എവിടെ പഠിക്കും?
ജിയോളജിയുമായി ബന്ധപ്പെട്ടുള്ള കോഴ്സുകൾ കേരളത്തിൽ വളരെക്കുറവാണ്.
ബിഎസ്‌സി ജിയോളജിക്ക് കാസർകോട് ഗവ.കോളജിലാണ് ആയിഷ ചേർന്നത്. ഫിസിക്സ്,കെമിസ്ട്രി, മാത്തമാറ്റിക്സ്, ബയോളജി തുടങ്ങിയവയുടെ സാധ്യതകളും ലാബുമൊക്കെ പ്രയോജനപ്പെടുത്തിയുള്ള മൾട്ടിഡിസിപ്ലിനറി പഠനമാണു ജിയോളജിക്കു വേണ്ടത്.
പാറകളെക്കുറിച്ചും ഫോസിലുകളെക്കുറിച്ചും പഠിച്ചാണ് തുടക്കം. നാം ചുറ്റും കാണുന്ന കല്ലുകളിൽപോലും ഭൂമിയുടെ ചരിത്രത്തിന്റെ വലിയ രഹസ്യങ്ങൾ ഒളിച്ചിരിക്കുന്നുവെന്ന തിരിച്ചറിവുണ്ടാകും. ഭൗമാന്തര പാളികൾ, ഭൂഗർഭജലം, പർവതങ്ങൾ, ധാതുക്കൾ, പെട്രോളിയം നിക്ഷേപം എന്നിവയെക്കുറിച്ചുള്ള അറിവുകൾ പഠനത്തെക്കാൾ കൗതുകമാണ് നമ്മിലുണ്ടാക്കുക. ആ കൗതുകം ജിയോളജി പഠനത്തിൽ എന്നുമുണ്ടാകണം.

കടൽവഴികളിലൂടെ
മറൈൻ ജിയോളജി, ജിയോ ഫിസിക്സ്, ജിയോ കെമിസ്ട്രി തുടങ്ങിയ മേഖലകളിൽ ആഴത്തിലുള്ള പഠനത്തിനു പിജി തലത്തിൽ വഴിയൊരുങ്ങും. സമുദ്രപഠനംകൂടി ഉൾപ്പെടുന്ന മറൈൻ ജിയോളജി തിരഞ്ഞെടുത്ത് കൊച്ചി ശാസ്ത്രസാങ്കേതിക സർവകലാശാലയിലാണ് ആയിഷ പിജി പഠിച്ചത്. സമുദ്രം, വൻകരകളുമായുള്ള ബന്ധം, ആവാസ വ്യവസ്ഥ,സമുദ്രജീവികൾ, ധാതുവർഗങ്ങൾ, കടൽ പ്രവാഹങ്ങൾ, കടലിനടിയിലെ പാറകൾ, രാസഘടന തുടങ്ങി ഒട്ടേറെ വിഷയങ്ങളിലുള്ള പഠനം. ബയോളജി, ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്, സാറ്റലൈറ്റ്, ഓഷ്യനോഗ്രഫി തുടങ്ങിയവയുടെ സഹായവും നമ്മൾ തേടും.
ഉദാഹരണത്തിന്, കടലിനടിയിൽനിന്നു ലഭിക്കുന്ന പാറയിൽ അടങ്ങിയിരിക്കുന്ന ധാതുക്കളെ കണ്ടെത്താൻ ലാബിൽ നമ്മൾ കെമിസ്ട്രിയെ ആശ്രയിക്കും. ഫോസിലിലാണു പഠനമെങ്കിൽ ബയോളജിയെ ആശ്രയിക്കും.

മികവിന്റെ കേന്ദ്രങ്ങളിലേക്ക്
രാജ്യത്തെ മികവുറ്റ ദേശീയസ്ഥാപനങ്ങളിൽ ഇന്റേൺഷിപ്പിനും ഹ്രസ്വകാല കോഴ്സുകൾക്കുമുള്ള അവസരങ്ങൾ പരമാവധി പ്രയോജനപ്പെടുത്തുക ഡിഗ്രി, പിജി തലങ്ങളിൽ പ്രധാനമാണ്. ഹൈദരാബാദിലെ സിഎസ്ഐആർ എൻജിആർഐയിൽ (നാഷനൽ ജിയോഫിസിക്കൽ റിസർച് ഇൻസ്റ്റിറ്റ്യൂട്ട്) ഹിമാലയൻ ജിയോഡൈനമിക്സിൽ ആയിഷ ഇത്തരത്തിൽ പഠനം നടത്തി. ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിലും ഇന്ത്യൻ റെയർ എർത്ത് ലിമിറ്റഡിലും ഹ്രസ്വകാല കോഴ്സുകളും ചെയ്തു. ഗവേഷണം സംബന്ധിച്ച് കൂടുതൽ വ്യക്തമായ കാഴ്ചപ്പാടിനും ഇത്തരം കോഴ്സുകൾ സഹായകരമായി.

ഇനി ആഫ്രിക്ക
ആഫ്രിക്കൻ ഭൂഖണ്ഡത്തേക്കുറിച്ചാണ് ഇനി ആയിഷയുടെ ഗവേഷണം. സമുദ്രത്താൽ ചുറ്റപ്പെട്ട് ആഫ്രിക്കൻ ഭൂഖണ്ഡം എങ്ങനെ ഉയർന്നുനിൽക്കുന്നു, ഭൗമപാളികളിൽ പിളർപ്പിനുള്ള സാധ്യതകൾ, സമുദ്രനിരപ്പുമായുള്ള ബന്ധം തുടങ്ങിയവ ഗവേഷണപരിധിയിൽപെടും.
ഫ്രഞ്ച് നാഷനൽ സെന്റർ ഫോർ സയന്റിഫിക് റിസർച്ചിനു കീഴിൽ ഫ്രാൻസിലെ ടുലൂസിലുള്ള ജിയോസയൻസ് എൻവയൺമെന്റ് ലബോറട്ടറിയിലാകും ഗവേഷണ പഠനം. വ്യാപാരിയായ പി.എ.അബ്ദുൽ ഖാദറിന്റെയും ഐ.എം.ജസീല ഭാനുവിന്റെയും മകളാണ് ആയിഷത്ത് നിദ.

English Summary:

Marie Curie Fellow Reveals the Thrilling Possibilities of a Geology Career. Hidden Opportunities in Geology Discover the Growing Demand & Exciting Research.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com